സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിനും പുനർമൂല്യനിർണ്ണയ പോർട്ടലിനും പിന്നാലെയുണ്ടായ സാങ്കേതിക തകരാറുകളുടെയും ക്രമക്കേടുകളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷാ ഫലത്തിൽ ചില അപാകതകൾ സംഭവിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യാഴാഴ്ച ഔദ്യോഗികമായി സമ്മതിച്ചു. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നുവെന്നും അടിയന്തിരമായി തിരുത്തൽ നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ നടപടികൾ ബോർഡ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. വിവാദത്തിലായ ഒൺ-സ്‌ക്രീൻ മാർക്കിംഗ് സാങ്കേതികവിദ്യയുടെ സുരക്ഷയും പ്രവർത്തനവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ഐഐടി കാൺപൂർ, ഐഐടി മദ്രാസ് എന്നീ രാജ്യത്തെ പ്രമുഖ ഏജൻസികളെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. സിബിഎസ്ഇ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനർമൂല്യനിർണ്ണയ പ്രക്രിയ സുഗമമാക്കുന്നതിനായി എസ്ബിഐ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് എന്നീ നാല് പ്രമുഖ പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ച് സംയോജിത പേയ്‌മെന്റ് ഗേറ്റ്‌വേകൾ സിബിഎസ്ഇ സജ്ജീകരിച്ചിട്ടുണ്ട്. ഒരു വിദ്യാർത്ഥിയുടെ പോലും സംശയങ്ങളോ പരാതികളോ പരിഹരിക്കപ്പെടാതെ ബാക്കി വെയ്ക്കില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിട്ടുണ്ടെന്നും എല്ലാ തലങ്ങളിലും കൃത്യമായ അക്കൗണ്ടബിലിറ്റി ഉറപ്പാക്കുമെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഇത്തവണ ഏകദേശം 17 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ആകെ 98 ലക്ഷത്തോളം ഉത്തരക്കടലാസുകളിലായി 40 കോടി സ്കാൻ ചെയ്ത പേജുകളാണ് മൂല്യനിർണ്ണയം നടത്തിയത്. സുതാര്യതയും വിദ്യാർത്ഥി കേന്ദ്രീകൃത പരിഷ്കാരങ്ങളും ലക്ഷ്യമിട്ടാണ് സിബിഎസ്ഇ ചരിത്രത്തിലാദ്യമായി ഇത്തരമൊരു ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനം അവതരിപ്പിച്ചത്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ നേരിട്ട് കണ്ട് മാർക്കുകൾ പരിശോധിക്കാനും പരാതികൾ ഉന്നയിക്കാനും സാധിക്കും. ഇതുവരെ നാല് ലക്ഷത്തോളം വിദ്യാർത്ഥികൾ തങ്ങളുടെ 11 ലക്ഷത്തോളം വരുന്ന ഉത്തരക്കടലാസുകൾ ഇത്തരത്തിൽ ഡൗൺലോഡ് ചെയ്ത് പരിശോധിച്ചിട്ടുണ്ട്.
എന്നാൽ, സിബിഎസ്ഇ പുതുതായി കൊണ്ടുവന്ന ഒൺ-സ്‌ക്രീൻ മാർക്കിംഗ് സംവിധാനം വലിയ രീതിയിലുള്ള പരാജയമാണെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു. പുനർമൂല്യനിർണ്ണയ പ്രക്രിയയ്ക്കിടെ പോർട്ടൽ തുടർച്ചയായി ക്രാഷായതും വലിയ തുകകൾ നഷ്ടപ്പെട്ടതും വലിയ പ്രതിഷേധത്തിന് കാരണമായി. ഇതിലേറ്റവും ഗുരുതരമായ ആരോപണം, സിബിഎസ്ഇ അപ്‌ലോഡ് ചെയ്ത സ്കാൻ ചെയ്ത ഉത്തരക്കടലാസുകളിലെ കൈയക്ഷരം തങ്ങളുടേതല്ലെന്ന് നിരവധി വിദ്യാർത്ഥികൾ പരാതിപ്പെട്ടതാണ്. ഡിജിറ്റൽ സംവിധാനത്തിൽ ഉത്തരക്കടലാസുകൾ പരസ്പരം മാറിപ്പോയെന്ന ആശങ്കയാണ് ഇത് ഉയർത്തുന്നത്.
അതേസമയം, ഒഎസ്എം സംവിധാനം പൂർണ്ണമായും സുരക്ഷിതവും ശക്തവുമായ ഐടി പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നതെന്നും യഥാർത്ഥ മൂല്യനിർണ്ണയത്തിൽ യാതൊരുവിധ സുരക്ഷാ വീഴ്ചകളും ഉണ്ടായിട്ടില്ലെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കിയ ഹൈദരാബാദ് ആസ്ഥാനമായ കോഎംപ്റ്റ് എഡ്യൂടെക് അവകാശപ്പെട്ടു. പ്ലാറ്റ്‌ഫോം ഒന്നിലധികം ഗുണനിലവാര സുരക്ഷാ പരിശോധനകൾക്ക് വിധേയമായിട്ടുണ്ടെന്നും കമ്പനി പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കൃത്യമായ പരിശീലനം ലഭിക്കാത്തതുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് അധ്യാപകരും സ്കൂൾ പ്രിൻസിപ്പൽമാരും ആരോപിക്കുമ്പോൾ, ഉയർന്നുവന്ന പരാതികൾ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെന്നും സാങ്കേതിക പരാജയമല്ലെന്നുമാണ് കോഎംപ്റ്റ് എഡ്യൂടെക് സിഇഒ വിഎസ്എൻ രാജു വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates