ന്യൂഡല്‍ഹി: ധാക്ക യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള വിദ്യാര്‍ത്ഥി സംഘടന വിജയത്തില്‍ ആശങ്ക പ്രകടപ്പിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ജമാഅത്തെ ഇസ്ലാമിയുടെ മുന്നേറ്റം വരാനിരിക്കുന്ന കാര്യങ്ങളുടെ ആശങ്കാജനകമായ ഒരു സൂചനയാണ് എന്നാണ് തരൂരിന്റെ നിലപാട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫ് നിലപാട് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് ജമാ അത്തെ ഇസ്ലാമി പിന്തുണയ്ക്കുന്ന വിദ്യാര്‍ഥി സംഘടനയുടെ വിജയത്തില്‍ തരൂരിന്റെ പ്രതികരണം പ്രസക്തമാകുന്നത്. ദേശീയ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും തരൂര്‍ ഇക്കാര്യം വിശദമായിതന്നെ വ്യക്തമാക്കുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടന നേടിയ വിജയം സംബന്ധിച്ച പത്രവാര്‍ത്ത പങ്കുവച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു തരൂരിന്റെ ആദ്യ എക്‌സ് പോസ്റ്റ്. ''മിക്ക ഇന്ത്യക്കാരുടെയും മനസ്സില്‍ ഇതൊരു ചെറിയ അനിഷ്ടമായി തോന്നിയിരിക്കാം, പക്ഷേ വരാനിരിക്കുന്ന കാര്യങ്ങളുടെ ആശങ്കാജനകമായ സൂചനയാണിത്. ഇപ്പോള്‍ നിരോധിക്കപ്പെട്ട അവാമി ലീഗ്, ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി പോലുള്ള രണ്ട് പ്രധാന പാര്‍ട്ടികളോട് ബംഗ്ലാദേശില്‍ വലിയ എതിര്‍പ്പ് രൂപം കൊണ്ടുകഴിഞ്ഞു. ഇവരോട് എതിര്‍പ്പുള്ളവരാണ് ജമാഅത്തെ ഇസ്ലാമിയിലേക്ക് അടുക്കുന്നത്. വോട്ടര്‍മാര്‍ തീവ്രവാദികളോ ഇസ്ലാമിക മതമൗലികവാദികളോ ആയതുകൊണ്ടല്ല ഇത്തരം മാറ്റം. രണ്ട് മുഖ്യധാരാ പാര്‍ട്ടികളുമായി ബന്ധപ്പെട്ട അഴിമതിയും ദുര്‍ഭരണവും ജമാ അത്തെ ഇസ്ലാമിയെ ബാധിച്ചിട്ടില്ലെന്നതാണ് ഈ പിന്തുണയുടെ അടിസ്ഥാനം. 2026 ഫെബ്രുവരിയില്‍ ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഈ പ്രവണത എന്ത് മാറ്റം ഉണ്ടാക്കും. ഇന്ത്യയുടെ അയല്‍രാജ്യത്ത് ജമാഅത്തെ ഇസ്ലാമി ഭൂരിപക്ഷം നേരിടുമോ?'' എന്നായിരുന്നു തരൂരിന്റെ പ്രതികരണം.
എന്നാല്‍, ബംഗ്ലാദേശിലെ മുന്നേറ്റത്തില്‍ തരൂര്‍ ജമാഅത്തെ ഇസ്ലാമിയെ പ്രശംസിച്ചെന്ന തരത്തില്‍ പോസ്റ്റ് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ നിലയില്‍ വാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ദേശീയ മാധ്യമത്തില്‍ തരൂര്‍ ലേഖനമായി വിഷയം വിശദീകരിച്ചത്. തന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നും താന്‍ നടത്തിയത് പ്രശംസയല്ല വിമര്‍ശനമാണ് എന്നും വ്യക്തമാക്കുന്നതാണ് പുതിയ എക്‌സ് പോസ്റ്റ്. തന്റെ പ്രതികരണം പ്രശംസയായി കണക്കാക്കുന്നു എങ്കില്‍ ഇംഗ്ലീഷ് ഭാഷ താന്‍ പഠിച്ചപ്പോള്‍ ഉണ്ടായിരുന്നതുപോലെയല്ല എന്ന് മാത്രമാണ് പറയാന്‍ ഉള്ളതെന്നും തരൂര്‍ പരിഹസിച്ചു.
ധാക്ക യൂണിവേഴ്‌സിസിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ ഒമ്പതിലും ജമാഅത്ത് പിന്തുണയുള്ള ഇസ്ലാമി ഛത്ര ഷിബിര്‍ നയിച്ച യുണൈറ്റഡ് സ്റ്റുഡന്‍സ് അലയന്‍സാണ് വിജയിച്ചത്. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി എന്നീ സുപ്രധാന പോസ്റ്റുകളിലാണ് പാര്‍ട്ടി ജയിച്ചത്. എന്നാല്‍ ധാക്ക സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് വിജയം നേടിയത് എന്നാണ് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായി ജാതിതബാദി ഛത്ര ദള്‍ (ജെസിഡി) പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates