ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കണം എന്ന ആര്‍എസ്എസ് ആവശ്യം ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്. ഭരണ ഘടനയുടെ അന്തസത്ത ഇല്ലാത്താക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്. ഭരണ ഘടനയുടെ ആത്മാവിനെ കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ പ്രതികരണങ്ങളെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അടിയന്തരാവസ്ഥക്കാലത്താണ് ഇന്ത്യന്‍ ഭരണഘടനയില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയത് എന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാലെ രംഗത്തെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം പുറത്തുവരുന്നത്.
ഡോ. ബി ആര്‍ അംബേദ്കര്‍ തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടനയില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദത്താത്രേയ ഹൊസബാലെ രംഗത്തെത്തിയത്. എന്നാല്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ ഭരണ ഘടന അംഗീകരിക്കാത്തവര്‍ ആണ് ഇപ്പോള്‍ വിമര്‍ശനം തിരുത്ത് ആവശ്യപ്പെടുന്നത് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
''ആര്‍എസ്എസ് ഒരിക്കലും ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടില്ല. 1949 നവംബര്‍ 30 മുതല്‍ ഡോ. അംബേദ്കര്‍, നെഹ്റു, ഉള്‍പ്പെടെയുള്ള ഭരണ ഘടനാശില്‍പികളെ നിരന്തരം വിമര്‍ശിച്ചവരാണ് ആര്‍എസ്എസുകാര്‍. ആര്‍എസ്എസിന്റെ തന്നെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍, ഭരണഘടന മനുസ്മൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതല്ല. പുതിയ ഭരണഘടനയ്ക്കായി ആര്‍എസ്എസും ബിജെപിയും പലതവണ നിലകൊണ്ടിട്ടുണ്ട്. ഭരണഘടന അംഗീകരിക്കപ്പെട്ടപ്പോള്‍ ആര്‍എസ്എസ് അതിനെതിരെ നിലകൊണ്ടു. ഭരണഘടനയെ എതിര്‍ക്കുക മാത്രമല്ല, അവര്‍ അത് കത്തിക്കുകയാണ് ചെയ്തത്.''
''2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ പ്രചാരണ മുദ്രാവാക്യമായിരുന്നു ഇത്. നാന്നൂറ് സീറ്റുകള്‍ ലഭിച്ചാല്‍ ഭരണഘടന തിരുത്തുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ ഈ ആവശ്യം തള്ളി. എന്നിട്ടും ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റണമെന്ന ആവശ്യങ്ങള്‍ ആര്‍എസ്എസ് തുടര്‍ന്നും ഉന്നയിക്കുന്നു. പ്രമുഖ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ഈ വിഷയത്തില്‍ 2024 നവംബര്‍ 25 ന് സുപ്രീം കോടതി മറുപടി പറഞ്ഞിട്ടുണ്ട്. അത് പഠിക്കാന്‍ തയ്യാറാകണം എന്നും ജയറാം രമേശ് എക്‌സ് പോസ്റ്റില്‍ പ്രതികരിച്ചു. ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തിനെതിരെയും കോണ്‍ഗ്രസ് ശക്തമായി നിലകൊള്ളും'' - പാര്‍ട്ടി ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ ഭരണഘടനയുടെ ആമുഖത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. 1976 ആണ് 'സോഷ്യലിസ്റ്റ്', 'മതേതരത്വം' എന്നീ വാക്കുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തുന്ന 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത്. ' അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തു. പിന്നീട് അവ നീക്കം ചെയ്യാന്‍ ശ്രമിച്ചില്ല. അവ നിലനില്‍ക്കണമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നു.' എന്നായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശം.
The Congress party slammed Rashtriya Swayamsevak Sangh (RSS) following its call to reconsider the inclusion of the words “socialist” and “secular” in the Preamble of the Indian Constitution.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates