India

നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പൊതു അവധി; കനത്ത ജാഗ്രത

ചെന്നൈ തുറമുഖം വൈകീട്ട് ആറിന് അടയ്ക്കും -  മധുര ഭാഗത്തേക്കുള്ള 21 ട്രെയിനുകള്‍ റദ്ദാക്കി. 

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവജാഗ്രത. രണ്ടിടങ്ങളിലും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ തുറമുഖം വൈകീട്ട് ആറിന് അടയ്ക്കും. കപ്പലുകള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുരയാണ്. ചെന്നൈയില്‍ നിന്ന് മധുര ഭാഗത്തേക്കുള്ള 21 ട്രെയിനുകള്‍ റദ്ദാക്കി. 

പുതുച്ചേരിയില്‍  ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചു.ചൊവ്വാഴ്ച രാത്രി ഒമ്പത് മണി മുതല്‍ വ്യാഴാഴ്ച രാവിലെ ആറ് മണി വരെ പൊതുഗതാഗതത്തിനും നിരോധനമേര്‍പ്പെടുത്തി. ആശുപത്രി, ഫാര്‍മസി, മില്‍ക്ക് ബൂത്തുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും.

അതേസമയം തമിഴ്‌നാടിനും പുതുച്ചേരിക്കും കേന്ദ്രസര്‍ക്കാര്‍ എല്ലാ വിധ സഹായവും ഉറപ്പു നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായും പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു.രണ്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തില്‍നിന്ന് എല്ലാവിധ സഹായവും ഉറപ്പുനല്‍കിയതായും ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാര്‍ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ബുധനാഴ്ച വൈകിട്ടോടെ നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാരയ്ക്കലിനും മാമ്മല്ലപുരത്തിനും ഇടയില്‍ വൈകിട്ട് അഞ്ച് മണിയോടെയാകും ചുഴലിക്കാറ്റ് തീരം തൊടുക. ഇതിന് മുന്നോടിയായി തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളില്‍ കഴിഞ്ഞദിവസം മുതല്‍ കനത്ത മഴ തുടരുകയാണ്.

ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് സംഘങ്ങളെ ഇതിനോടകം കടലൂര്‍ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. രണ്ട് സംഘങ്ങള്‍ ചെന്നൈയിലും ക്യാമ്പ് ചെയ്യുന്നു. പുതുക്കോട്ട, തഞ്ചാവൂര്‍, നാഗപട്ടണം, മയിലാടുതുറൈ, തിരുവാരൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ബസ് സര്‍വീസുകള്‍ ചൊവ്വാഴ്ച ഉച്ചമുതല്‍ നിര്‍ത്തിവെച്ചു. കടലൂര്‍ ജില്ലയില്‍ അഞ്ഞൂറോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചു. ഇവിടങ്ങളിലെ മത്സ്യബന്ധന ബോട്ടുകളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ജനങ്ങള്‍ വീട്ടില്‍തന്നെ കഴിയണമെന്നും അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അഭ്യര്‍ഥിച്ചു. ആവശ്യത്തിന് വേണ്ട ഭക്ഷണവും വെള്ളവും മറ്റു സാധനങ്ങളും സംഭരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ