ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് വായു മലിനീകരണ തോത് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, അഞ്ചാം ക്ലാസ് വരെയുള്ള സ്‌കൂള്‍ ക്ലാസുകള്‍ ഹൈബ്രിഡ് രീതിയിലേക്ക് (ഓണ്‍ലൈന്‍/ നേരിട്ട് ഹാജരാകാം) മാറ്റാന്‍ ഉത്തരവ്. എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതിന്റെ ഭാഗമായാണ് ഈ നടപടി. കുട്ടികളെ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനൊപ്പം പഠനം മുടങ്ങാതിരിക്കാന്‍ കൂടിയാണ് ഹൈബ്രിഡ് ക്ലാസുകള്‍ നിര്‍ബന്ധമാക്കിയത്.
ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍, നോയിഡ, തുടങ്ങിയ ഡല്‍ഹി എന്‍സിആര്‍ പരിധിയിലെ പ്രധാന ജില്ലകളിലും ഉത്തരവ് ബാധകമാണ്. പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി സമാന നടപടികള്‍ സ്വീകരിക്കാന്‍ മറ്റ് ജില്ലകളിലെ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് സമയക്രമങ്ങള്‍, ഹാജര്‍ സംബന്ധമായ വിവരങ്ങള്‍, പരീക്ഷകളിലെ മാറ്റങ്ങള്‍ എന്നിവയ്ക്കായി രക്ഷിതാക്കള്‍ അതത് സ്‌കൂളുകളുടെ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പൊടിപടലങ്ങള്‍ ഉയര്‍ത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഖനനം, സ്റ്റോണ്‍ ക്രഷിങ് യൂണിറ്റുകള്‍ എന്നിവയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലും എന്‍സിആര്‍ പ്രദേശങ്ങളിലും ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ വാഹനങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണമുണ്ട്. സര്‍ക്കാര്‍, മുനിസിപ്പല്‍, സ്വകാര്യ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും അധികൃതര്‍ക്ക് തീരുമാനിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates