മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകന്‍ പാര്‍ത്ഥ് പവാറുമായി ബന്ധപ്പെട്ട പൂണെ ഭൂമി ഇടപാടിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നിര്‍ദേശം. ഇതിനായി അന്വേഷണ സമിതിയെ നിയോഗിച്ചു. റവന്യൂ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി വികാസ് ഖാര്‍ഗെയാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന സമിതിയെയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഫഡ്‌നാവിസ് ഇക്കാര്യം അറിയിച്ചത്.
മഹര്‍ (പട്ടികജാതി) വതന്‍ ഭൂമിയായി തരംതിരിച്ച ഭൂമി സര്‍ക്കാര്‍ അനുമതിയില്ലാതെ വില്‍പന നടത്തി. 1,800 കോടി രൂപയുടെ ഭൂമി വെറും 300 കോടി രൂപയ്ക്ക് വിറ്റുവെന്നും 21 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി എന്നിവയാണ്് ഇടപാടില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. കൊറേഗാവ് പാര്‍ക്കിലെ 40 ഏക്കര്‍ ഭൂമി വാങ്ങിയ പാര്‍ത്ഥ് പവാറിന്റെയും ദിഗ്വിജയ് പാട്ടീലിന്റെയും അമാഡിയ എന്റര്‍പ്രൈസസ് എല്‍എല്‍പി കമ്പനിയാണ് ആരോപണ നിഴലിലുള്ളത്.
ആരോപണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അന്വേഷിച്ചിട്ടുണ്ട്. ഭൂമിയുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പിനും നിര്‍ദേശം നല്‍കി. ഉചിതമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രാഥമിക തലത്തില്‍ വിഷയം ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ വിവരങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കൂം. എന്നായിരുന്നു വിഷയത്തില്‍ ഫഡ്‌നാവിസിന്റെ പ്രതികരണം.
അന്വേഷണത്തിന്റെ ഭാഗമായി തഹസില്‍ദാര്‍ സൂര്യകാന്ത് യെവാലെയെ സസ്പെന്‍ഡ് ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നിയമപ്രകാരമാണോ നല്‍കിയത് എന്ന് പരിശോധിക്കും. മഹര്‍ വതന്‍ ഭൂമിയുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെയും അറിയിച്ചു.
അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് പാര്‍ത്ഥ് പവാര്‍ രംഗത്തെത്തി. അഴിമതി നടത്തിയിട്ടില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാര്‍ത്ഥ് പവാര്‍ പ്രതികരിച്ചു. ആരോപണങ്ങളില്‍ ചര്‍ച്ച സജീവമാകുമ്പോഴും വിഷയത്തില്‍ പ്രതികരിക്കാന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ തയ്യാറായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates