നടന്‍ ജാവേദ് ജാഫ്രിയുടെ ഭാര്യയില്‍ നിന്നും 16.24 കോടി രൂപ തട്ടി Samakalika Malayalam
India

ഭൂമിക്കച്ചവടത്തിന് വ്യാജ രേഖകള്‍; നടന്‍ ജാവേദ് ജാഫ്രിയുടെ ഭാര്യയില്‍ നിന്നും 16.24 കോടി രൂപ തട്ടി; നഗരസഭാ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

വിശ്വാസ്യതയുള്ള നിക്ഷേപമെന്ന നിലയിലാണ് താന്‍ ഭൂമി ഇടപാടിലേക്ക് കടന്നതെന്നും പിന്നീട് തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിയുകയായിരുന്നുവെന്നും ഹബീബ ജാഫ്രി നല്‍കിയ പരാതിയില്‍ പറയുന്നു.

Author : ഡോ. എം.ബി. മനോജ് 
Edited By : ചന്ദ്ര സ്വസ്തി

മുംബൈ: വഞ്ചനാ കേസുമായി നടന്‍ ജാവേദ് ജാഫേരിയുടെ ഭാര്യ ഹബീബ ജാഫേരി. റിയല്‍ എസ്റ്റേറ്റ് ക്രമക്കേടിലൂടെ ഹബീബയില്‍ നിന്നും 16.24 കോടി രൂപ തട്ടിയെന്ന ആരോപണത്തെത്തുടര്‍ന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) കെ- നോര്‍ത്ത് വാര്‍ഡിലെ അസിസ്റ്റന്റ് കമ്മീഷണര്‍ മഹേഷ് പാട്ടീലിനെ സസ്പെന്‍ഡ് ചെയ്തു.

ഔദ്യോഗിക സസ്പെന്‍ഷന്‍ ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിക്കുകയും ജൂണ്‍ 7 ഞായറാഴ്ച പാട്ടീലിന് നല്‍കുകയുമായിരുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ച് ഭൂമി ഇടപാടുകള്‍ നടത്തിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

മുംബൈയിലെ വിലകൂടിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഹബീബ ജാഫ്രി ഭൂമി വാങ്ങുന്നതിനും അതുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ നടത്തുന്നതിനുമായി വലിയ തുക മുടക്കിയിരുന്നു. എന്നാല്‍ പിന്നീട് ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട രേഖകളില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തുകയായിരുന്നു.

കേസില്‍ ഖാര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് പാട്ടീല്‍ ഒളിവില്‍ പോവുകയായിരുന്നു. മഹേഷ് പാട്ടീലിനും കൂട്ടാളികള്‍ക്കുമായുള്ള തെരച്ചില്‍ ശക്തമായിരിക്കുകയാണ് മുംബൈ പൊലീസ്.

ഹബീബ ജാഫ്രി നല്‍കിയ പരാതിയില്‍, വിശ്വാസ്യതയുള്ള നിക്ഷേപമെന്ന നിലയിലാണ് താന്‍ ഭൂമി ഇടപാടിലേക്ക് കടന്നതെന്നും പിന്നീട് തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിയുകയായിരുന്നുവെന്നും പറയുന്നു. തട്ടിപ്പിലൂടെ 16.24 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് പരാതി വ്യത്കമാക്കുന്നത്.

ഇതോടെ മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ക്രമക്കേടുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഭൂമി ഇടപാടുകളില്‍ വ്യാജ രേഖകള്‍ ഉപയോഗിക്കുന്ന സംഘങ്ങള്‍ ഇപ്പോഴും സജീവമാണെന്ന ആശങ്കയാണ് ഹബീബയുടെ പരാതിയെത്തുടര്‍ന്ന് ഉയരുന്നത്. പ്രത്യേകിച്ച് വിലകൂടിയ ഭൂമികളുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് നിയമവിദഗ്ധരും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും മറ്റ് ഔദ്യോഗിക രേഖകളും കൃത്രിമമായി തയ്യാറാക്കിയതാണ്. ചില സര്‍ക്കാര്‍ രേഖകളില്‍ തിരുത്തലുകള്‍ വരുത്തുകയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുകയും ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്നാണ് ബിഎംസി ഉദ്യോഗസ്ഥന്റെ പങ്കിനെക്കുറിച്ച് സംശയം ഉയര്‍ന്നത്.

സംഭവം പുറത്തുവന്നതോടെ മുംബൈ പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തി. ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ അനാസ്ഥ കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. വകുപ്പുതല അന്വേഷണവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Fake documents for land transaction; Actor Javed Jaffrey's wife cheated of Rs 16.24 crore; Municipal officer suspended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

'ആശങ്ക വേണ്ട!; കൈവശം 76 ദിവസത്തേക്കുള്ള ഇന്ധന ശേഖരം; ഒരുമാസം ഹോര്‍മുസ് അടച്ചിട്ടാലും ഭയപ്പെടാനില്ല'

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഓപ്പറേഷന്‍ തൂഫാന്‍ സംഘത്തെ വെട്ടിച്ച് പ്രതികള്‍; ഉപേക്ഷിച്ച കാറില്‍ എംഡിഎംഎ; തിരച്ചില്‍

രൂപയ്ക്ക് തകര്‍ച്ച, 56 പൈസയുടെ നഷ്ടം; ഓഹരി വിപണിയും കൂപ്പുകുത്തി

SCROLL FOR NEXT