പ്രതീകാത്മക ചിത്രം AI Generated Image
India

സമൂഹമാധ്യമ അക്കൗണ്ടുകള്‍ വെളിപ്പെടുത്തണം, ഫണ്ട് വകമാറ്റിയാല്‍ പിഴ; എഫ്‌സിആര്‍എ ചട്ടത്തിലെ പ്രധാന മാറ്റങ്ങളിങ്ങനെ

വിദേശ പണത്തിന്റെ ഉറവിടവും വിനിയോഗവും സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചട്ടങ്ങള്‍ കര്‍ശനമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: സ്ഥാപനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ബാധകമായ വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) ഭേദഗതികള്‍ തിങ്കളാഴ്ചയാണ് പ്രാബല്യത്തിലായത്. മുന്‍കാലങ്ങളിലേതു പോലെ പൊതുവായ പ്രവര്‍ത്തനങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കുമായി ഇനിമുതല്‍ വിദേശ സംഭാവനയ്ക്ക് അനുമതി തേടാനാകില്ല. മതം, സംസ്‌കാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ അഞ്ച് വിഭാഗങ്ങളിലായി 105 തരം പ്രവര്‍ത്തനങ്ങളിലൊന്ന് കൃത്യമായി കാണിച്ചാലേ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ അനുവദിക്കൂ. മതപരിവര്‍ത്തനത്തെ വിലക്കിക്കൊണ്ടാണ് പുതിയ ചട്ടഭേദഗതികള്‍ നിലവില്‍ വന്നിരിക്കുന്നത്.

വിദേശത്തുനിന്ന് ലഭിക്കുന്ന പണത്തിന്റെ ഉറവിടവും വിനിയോഗവും പൂര്‍ണമായും സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര മന്ത്രാലയം ചട്ടങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. പുതിയ ഭേദഗതികള്‍ പ്രകാരം വ്യക്തികളും സംഘടനകളും തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നിര്‍ബന്ധമായും സര്‍ക്കാരിന് കൈമാറണം. എഫ്സിആര്‍എ രജിസ്‌ട്രേഷന്‍, മുന്‍കൂര്‍ അനുമതി, രജിസ്ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ അപേക്ഷകളില്‍ സംഘടനകളും അവയുമായി ബന്ധപ്പെട്ട വ്യക്തികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കേണ്ടിവരും.

സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണമെന്ന വ്യവസ്ഥയും നിലവിലുണ്ട്. ഡിജിറ്റല്‍ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും കൂടുതല്‍ പരിശോധിക്കുന്ന സമീപനമാണ് ഇതിലൂടെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രസിദ്ധീകരണ പ്രവര്‍ത്തനം നടത്തിയാല്‍ അതിന്റെ വിവരം വാര്‍ഷിക റിട്ടേണില്‍ കാണിക്കണം. ഉള്ളടക്കത്തിന്റെ ചുരുക്കവും ഉള്‍പ്പെടുത്തണം.

വിദേശ ഫണ്ടിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അനുവദിച്ച പദ്ധതികള്‍ക്കോ പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ക്കോ പുറത്ത്, വകമാറ്റി ഫണ്ട് ഉപയോഗിക്കുന്നതിനെ ഗുരുതര ലംഘനമായി കണക്കാക്കും. ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാല്‍ പിഴയോ മറ്റു നിയമനടപടികളോ നേരിടേണ്ടിവരും. വിദേശ സംഭാവനകള്‍ ലഭിച്ച ഉദ്ദേശ്യത്തിനായി മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയ്ക്ക് കൂടുതല്‍ ശക്തി നല്‍കുന്ന നടപടിയാണിത്. ഒരുലക്ഷത്തിനു മുകളില്‍ വകമാറ്റിയാല്‍ 30 ശതമാനം വരെ പിഴയീടാക്കാം.

മുന്‍കാലങ്ങളില്‍ ചട്ടവിരുദ്ധമായി പണം ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍, ആ തുകയുടെ നിശ്ചിത ശതമാനം പിഴയായി ഒടുക്കേണ്ടി വരും. അല്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരും. സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ ഫണ്ടിന്റെ പരമാവധി 20% മാത്രമേ ഭരണപരമായ ചെലവുകള്‍ക്കായി (ശമ്പളം, ഓഫീസ് വാടക തുടങ്ങിയവ) ഉപയോഗിക്കാന്‍ പാടുള്ളൂ. മുന്‍പ് ഇത് 50% ആയിരുന്നു. എഫ്സിആര്‍എ രജിസ്ട്രേഷന്‍ ഉള്ള ഒരു സംഘടനയ്ക്ക് ലഭിക്കുന്ന ഫണ്ട്, രജിസ്ട്രേഷന്‍ ഉള്ളതോ ഇല്ലാത്തതോ ആയ മറ്റൊരു സംഘടനയ്ക്കും കൈമാറാന്‍ അനുവാദമില്ല.

രജിസ്ട്രേഷന്‍ പുതുക്കല്‍ നടപടിയും കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. എഫ്സിആര്‍എ രജിസ്ട്രേഷന് അഞ്ച് വര്‍ഷത്തെ സാധുതയാണുണ്ടാകുക. കാലാവധി അവസാനിക്കുന്നതിന് ആറുമാസം മുമ്പ് പുതുക്കലിന് അപേക്ഷിക്കണം. പുതുക്കല്‍ അനുവദിക്കുന്നതിന് മുമ്പ് സംഘടനയുടെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും മറ്റ് നിയമവശങ്ങളും സര്‍ക്കാര്‍ പരിശോധിക്കാം. പുതുക്കല്‍ ലഭിക്കാത്ത സാഹചര്യത്തില്‍ വിദേശ ഫണ്ട് സ്വീകരിക്കാനോ ഉപയോഗിക്കാനോ സാധിക്കില്ല.

ഇന്ത്യന്‍ വംശജരല്ലാത്ത വിദേശ പൗരര്‍ ഭരണസമിതിയിലുള്ള സംഘടനകള്‍ക്ക് സാധാരണ സാഹചര്യങ്ങളില്‍ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ നല്‍കില്ല. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ഇളവുനല്‍കാം. രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ കുറഞ്ഞത് 10 ലക്ഷംരൂപ വിദേശ സഹായം ചെലവഴിച്ചിരിക്കണം. പ്രവര്‍ത്തന രഹിതമായ സ്ഥാപനങ്ങള്‍ ലൈസന്‍സ് കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പിക്കാനാണിത്. പ്രവര്‍ത്തന മേഖലയില്‍ മാറ്റമുണ്ടായാലും അധികൃതരെ അറിയിക്കണം.

വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് മുന്‍കൂര്‍ അനുമതിക്കും കൂടുതല്‍ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. സ്ഥിര രജിസ്ട്രേഷന്‍ ഇല്ലാത്ത സംഘടനകള്‍ക്ക് പ്രത്യേക പദ്ധതികള്‍ക്കായി വിദേശ ഫണ്ട് സ്വീകരിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. പുതിയ സംഘടനകള്‍ക്കും പ്രത്യേക പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ടുകള്‍ക്കുമായി ഈ സംവിധാനം പ്രധാനമായും ബാധകമാകും. വിദേശത്തുള്ള നിര്‍ദ്ദിഷ്ട ദാതാവില്‍ നിന്ന് എത്ര തുക, ഏത് പദ്ധതിക്ക് വേണ്ടി ലഭിക്കുന്നു എന്നതിനെക്കുറിച്ചുള്ള വ്യക്തമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ഈ അനുമതി ലഭ്യമാകൂ.

അപേക്ഷകളോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളിലും പുതിയ വ്യവസ്ഥകള്‍ വന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സാമ്പത്തിക കണക്കുകള്‍, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍, പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍, ആവശ്യമായ സത്യവാങ്മൂലങ്ങള്‍ എന്നിവ നല്‍കേണ്ടതാണ്. സാമ്പത്തിക ഇടപാടുകളുടെ സൂക്ഷ്മ പരിശോധനയ്ക്കാണ് ഇത് വഴിയൊരുക്കുന്നത്. പുതിയ ചട്ടഭേദഗതികള്‍ വിദേശ ഫണ്ടിന്റെ പ്രവാഹത്തിലും ഉപയോഗത്തിലും കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണ്. എന്നാല്‍ സന്നദ്ധ സംഘടനകള്‍ക്ക് ഇത് കൂടുതല്‍ ബാധ്യതകള്‍ സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

FCRA rule amendment; Read to know major changes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിക്ക് കനത്ത തിരിച്ചടി; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി

അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം: അയല്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി

'ഞാന്‍ കണ്ടതില്‍ ഏറ്റവും വലിയ കണ്‍വിന്‍സിങ് സ്റ്റാര്‍ വിനീത് ശ്രീനിവാസന്‍, പറഞ്ഞ് വീഴ്ത്തിക്കളയും'; ചിരിപ്പിച്ച് പൃഥ്വിരാജ്

മദ്യനികുതിയിലും പിഎം ശ്രീ പദ്ധതിയിലും അതൃപ്തി; നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്

'പാമ്പ് പാമ്പ്' എന്നുറക്കെ വിളിച്ച് അലറി, 33 ഡിഗ്രി ചൂടില്‍ എന്തിന് ഹൂഡി ധരിച്ചു?; ലോഹഗഢ് കോട്ടയിലെ അപകടമരണം കൊലപാതകം, പ്രതിശ്രുത വധുവും ആണ്‍സുഹൃത്തും അറസ്റ്റില്‍