

ചില വിജയകഥകള്‍ സിനിമയെ പോലും വെല്ലുന്നവയാണ്. കഴിഞ്ഞ ദിവസം ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന്റെ തലപ്പത്തെത്തിയ കുനാല്‍ ഷായുടെ കഥ അത്തരത്തിലൊന്നാണ്. 15ാം വയസ്സില്‍ ഡെലിവറി ബോയിയായും ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായും ജോലി ചെയ്ത യുവാവ് പിന്നീട് ഇന്ത്യയിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പ് സംരംഭകരിലൊരാളായി വളരുന്നു. ഇന്ന് അതേ വ്യക്തി ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ വാട്‌സ്ആപ്പിന്റെ ആഗോള തലവനാകുന്നു. ആ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല എന്നത് കുനാല്‍ ഷായുടെ കഥയെ വേറിട്ടതാക്കുന്നു.
മുംബൈയില്‍ ജനിച്ച കുനാല്‍ ഷായുടെ യാത്ര സാധാരണ തൊഴില്‍ മേഖലയില്‍ നിന്നാണ് ആരംഭിച്ചത്. കുടുംബ സാഹചര്യങ്ങള്‍ കാരണം ചെറുപ്പത്തിലേ ജോലി തേടേണ്ടി വന്ന അദ്ദേഹം ഡെലിവറി ജോലികളും ഡാറ്റ എന്‍ട്രി ജോലികളും ചെയ്തു. 16ാം വയസ്സില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടിയ ഷാ, മെഹന്ദി വില്‍പ്പനക്കാരനായും സൈബര്‍ കഫേ നടത്തിപ്പുകാരനായും സിഡി വില്‍പ്പനക്കാരനായും ജീവിതത്തില്‍ വേഷമണിഞ്ഞു. എന്നാല്‍ ജോലി മാത്രം ജീവിതലക്ഷ്യമാക്കാതെ പുതിയ ആശയങ്ങള്‍ കണ്ടെത്താനും ബിസിനസ് ലോകത്തെ പഠിക്കാനും അദ്ദേഹം സമയം ചെലവഴിച്ചു.
ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് മേഖലയിലെ ആദ്യ ശ്രദ്ധേയ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ ഫ്രീചാര്‍ജ് (FreeCharge) സ്ഥാപിച്ചതോടെയാണ് കുനാല്‍ ഷായുടെ സംരംഭക ജീവിതം വലിയ വഴിത്തിരിവിലേക്ക് എത്തിയത്. പിന്നീട് ഈ സ്ഥാപനം ഏകദേശം 2,800 കോടി രൂപയ്ക്ക് വിറ്റത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകത്തിലെ പ്രധാന നേട്ടങ്ങളിലൊന്നായി മാറി. അതിന് ശേഷം അദ്ദേഹം ആരംഭിച്ച ക്രെഡ് (CRED) ഇന്ത്യയിലെ പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായി വളര്‍ന്നു.
ഇപ്പോള്‍ മെറ്റയുടെ നേതൃത്വത്തില്‍ വാട്‌സ്ആപ്പിന്റെ ആഗോള ചുമതല കുനാല്‍ ഷായെ തേടിയെത്തിയിരിക്കുകയാണ്. വാട്‌സ്ആപ്പിന്റെ അടുത്ത വളര്‍ച്ചാ ഘട്ടത്തില്‍ പേയ്മെന്റുകള്‍, ബിസിനസ് സേവനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംയോജനം എന്നിവയില്‍ വലിയ പങ്കുവഹിക്കുക എന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. പ്രതിമാസം 1.7 കോടി ഉപയോക്താക്കളുള്ള ക്രെഡിന്റെ സിഇഒ സ്ഥാനത്തുനിന്ന് ഒഴിഞ്ഞാണ് ഷാ പുതിയ റോളിലേക്ക് മാറുന്നത്.
വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയില്‍ നിന്ന് 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടിയതിന് പിന്നാലെയാണ് കുനാല്‍ വാട്സാപ്പ് തലപ്പത്തേക്ക് എത്തുന്നത്. പേയ്‌മെന്റുകള്‍, ബിസിനസ് മെസേജിങ്, എഐ ഫീച്ചറുകള്‍ എന്നിവ മെച്ചപ്പെടുത്തി വാട്സ്ആപ്പിനെ അടുത്ത തലത്തിലേക്ക് വികസിപ്പിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്. ഇതിനായി കുനാലിന്റെ മികവും ആഗോള കാഴ്ചപ്പാടും സഹായകമാകുമെന്ന് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. മാര്‍ക്ക് സുക്കര്‍ബര്‍ഗിനൊപ്പം മെറ്റയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയ സന്തോഷമാണെന്ന് കുനാല്‍ പറഞ്ഞു.
കുനാല്‍ പടിയിറങ്ങിയതോടെ മിറ്റന്‍ സമ്പത്ത് ക്രെഡിന്റെ താല്‍ക്കാലിക സിഇഒ ആകും. ഒരു വ്യക്തിയുടെ തൊഴില്‍ പശ്ചാത്തലം വിജയത്തെ നിര്‍ണയിക്കുന്നില്ലെന്നും, അവസരങ്ങളെ തിരിച്ചറിയുകയും പഠിക്കാന്‍ തയ്യാറാകുകയും ചെയ്താല്‍ സാധാരണ തുടക്കങ്ങളില്‍ നിന്നുപോലും ആഗോള നേട്ടങ്ങളിലേക്ക് എത്താനാകുമെന്നും തെളിയിക്കുന്നതാണ് കുനാല്‍ ഷായുടെ ജീവിതയാത്ര. യുവ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പ് സ്വപ്നം കാണുന്നവര്‍ക്കും ഈ കഥ വലിയ പ്രചോദനമാകുമെന്ന് ഉറപ്പാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates