മുംബൈ: മഹാരാഷ്ട്രയിൽ 18 കോൺഗ്രസ് വിമതർ എൻസിപിയിൽ ചേർന്നു. താനെ ജില്ലയിലെ ഭിവണ്ടി മുനിസിപ്പൽ കോർപറേഷനിലെ ഡപ്യൂട്ടി മേയർ ഉൾപ്പെടെയുള്ള 18 കോൺഗ്രസ് വിമത അംഗങ്ങളാണ് എൻസിപിയിൽ ചേർന്നത്. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സാന്നിധ്യത്തിലാണ് ഇവർ എൻസിപിയിൽ ചേർന്നത്. കോൺഗ്രസും എൻസിപിയും ശിവസേനയും മഹാ വികാസ് അഘാഡി സർക്കാരിൽ സഖ്യകക്ഷികളായിരിക്കെയാണ് പാർട്ടി മാറ്റം.
90 അംഗ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ 47 സീറ്റ് നേടിയ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ, വിമതർ ബിജെപിയെ പിന്തുണച്ചതോടെ മേയർ പദവി കോൺഗ്രസിനു നഷ്ടമായി. തുടർന്ന്, പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അയോഗ്യരാക്കാൻ നീക്കം നടത്തുകയും ചെയ്തിരിക്കെയാണ് എൻസിപിയിലേക്കുള്ള ചേക്കേറൽ. സ്വീകരിച്ചില്ലെങ്കിൽ അവർ എതിർപാളയത്തിലേക്കായിരിക്കും നീങ്ങുകയെന്നതു കണക്കിലെടുത്താണു നീക്കമെന്ന് എൻസിപി പറയുന്നു.
അതിനിടെ മഹാരാഷ്ട്രയിൽ ശിവസേനയുമായി ദീർഘകാല സഖ്യത്തിന് എൻസിപി ശ്രമം നടത്തുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. പ്രാദേശികതലത്തിലുള്ള ഭിന്നതകൾ പരിഹരിച്ച് ശിവസേനയുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ താഴെത്തട്ടിലുള്ള നേതാക്കൾക്കും പ്രവർത്തകർക്കും മുതിർന്ന നേതാവ് അജിത് പവാർ നിർദേശം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിളിച്ചുചേർത്ത പാർട്ടി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് അജിത് പവാർ നിർദ്ദേശം നൽകിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates