ന്യൂഡല്‍ഹി: താവി നദിയിലെ വെള്ളപ്പൊക്ക സാധ്യതയെന്ന് പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാറില്‍ നിന്നും പിന്‍മാറിയ നിലപാടില്‍ ഇന്ത്യ തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ആണ് ഇന്ത്യ ഇത്തരം ഒരു നടപടി സ്വീകരിച്ചതെന്ന് ജല ശക്തി മന്ത്രാലയം അറിയിച്ചു.
ഹിമാലയത്തില്‍ നിന്ന് ഉത്ഭവിച്ച് ജമ്മു ഡിവിഷനിലൂടെ കടന്നുപോകുകയും പാകിസ്ഥാനിലെ ചെനാബില്‍ നദിയുമായി ചേരുകയും ചെയ്യുന്ന നദിയാണ് താവി. താവിയില്‍ ജല നിരപ്പ് ഉയര്‍ന്നാല്‍ പാകിസ്ഥാനിലെ പഞ്ചാബ്, സിയാല്‍കോട്ട് മേഖലകളെ സാരമായി ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് ജല ശക്തി മന്ത്രാലയത്തിന്റെ ഇടപെടല്‍. വിദേശകാര്യ മന്ത്രാലയവുമായ ആശയവിനിമയം നടത്തിയ ശേഷമാണ് പാകിസ്ത്ഥാന് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത് എന്നും ജല്‍ശക്തി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
സിന്ധു സിന്ധു നദീജല കരാര്‍ നിലനിന്നിരുന്ന സമയത്ത് നദിയിലെ ജലനിരപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യ പാകിസ്ഥാനുമായി കൃത്യമായ വിവരങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇത്തവണ പൂര്‍ണമായും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി എന്നും മന്ത്രാലയം അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു പതിറ്റാണ്ടുകള്‍ പഴക്കമുള്ള നദി ജല കരാര്‍ ഇന്ത്യ മരവിപ്പിച്ചത്. വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്ന മുന്നറിയിപ്പ് നല്‍കിയായിരുന്നു ഇന്ത്യയുടെ നീക്കം. ലോകബാങ്ക് ഇടപെട്ട് ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച കരാര്‍ പ്രകാരം 1960 മുതല്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ സിന്ധു നദിയുടെയും അതിന്റെ പോഷകനദികളുടെയും ജലത്തിന്റെ ഉപയോഗത്തിന് കൃത്യമായ ധാരണ ഉണ്ടാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates