ന്യൂഡല്‍ഹി: അന്താരാഷ്ട്ര കോടതി വധശിക്ഷ പുറപ്പെടുവിച്ച മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബംഗ്ലാദേശിന്റെ അപേക്ഷ ലഭിച്ചതായി സ്ഥിരീകരിച്ച് ഇന്ത്യ. ബംഗ്ലാദേശിന്റെ അപേക്ഷ പരിശോധിച്ച് വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ പരിശോധിക്കുകയാണ്. ഷെയ്ഖ് ഹസീനയ്ക്ക് എതിരെ നടന്ന നിയമ നടപടികള്‍ ഉള്‍പ്പെടെ വിശദമായി വിലയിരുത്തും. ബംഗ്ലാദേശിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. സമാധാനം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ ക്രിയാത്മകമായി ഇടപെടുന്നത് തുടരും. എന്നും വിദേശകാര്യ വക്താവ് വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഔദ്യോഗികമായി കത്തു നല്‍കിയത്. നയതന്ത്ര തലത്തിലാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ രാജ്യം വിട്ടോടി ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്ന ഹസീനയെ വിട്ടു കിട്ടണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
2024ലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ നടന്ന കൊലപാതകങ്ങള്‍ക്ക് നവംബര്‍ 17-നാണ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്ക് മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനും വധശിക്ഷ വിധിച്ചിരുന്നു. കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജനകീയ പ്രതിഷേധങ്ങളും അറങ്ങേറിയിരുന്നു.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട ഷെയ്ഖ് ഹസീന കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഇന്ത്യയിലാണുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates