Extreme heat: കനത്ത ചൂട് പ്രതീകാത്മക ചിത്രം
India

മഴക്കാലമെത്തുമ്പോൾ ഒരു ചൂട് വാർത്ത, ഇന്ത്യയിലെ 76 ശതമാനം ജനങ്ങളും കൊടും ചൂടിന് ഇരയാകാൻ സാധ്യതയെന്ന് പഠനം

മഹാരാഷ്ട്ര, കേരളം, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലെ ചില ഗ്രാമീണ മേഖലകൾ - കാർഷികമേഖല - ഉയർന്നതോ വളരെ ഉയർന്നതോ ആയ അപകടസാധ്യതയുള്ള വിഭാഗത്തിൽ പെടുന്നതായി കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യയിൽ, ജനസംഖ്യയുടെ 76 ശതമാനം ജനങ്ങളും അവർ താമസിക്കുന്ന 57 ശതമാനം ജില്ലകളും കടുത്ത ചൂടിന് ഇരയാകനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം.

ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിൽ അമ്പരപ്പിക്കുന്ന വിധത്തിൽ രാത്രികാലങ്ങളിലെ ചൂട്, വർദ്ധിച്ചുവരുന്ന അന്തരീക്ഷത്തിലെ ഈർപ്പം, താപദ്വീപ് അഥവാ ഹീറ്റ് ഐലൻഡ് (പ്രാന്തപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിൽ ആനുപാതികമല്ലാതെ വർദ്ധിക്കുന്ന ചൂട് അനുഭവപ്പെടുന്ന അവസ്ഥ) പ്രഭാവങ്ങൾ എന്നിവ അനുഭവിക്കുന്നതായും ഈ പഠനത്തിൽ കണ്ടെത്തി.

ഡൽഹി ആസ്ഥാനമായുള്ള കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ (CEEW) എന്ന ഗവേഷണ സംഘടന നടത്തിയ പഠനത്തിൽ, പരമ്പരാഗതമായി വരണ്ട വടക്കേ ഇന്ത്യൻ നഗരങ്ങളിൽ ഉയർന്ന തോതിലുള്ള അന്തരീക്ഷ ഈർപ്പവും രാത്രികാല ചൂടും അനുഭവപ്പെടുന്നുണ്ടെന്നും ഇത് വലിയൊരു വിഭാഗം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും പഠനം പറയുന്നു.

'അതിശക്തമായ ചൂട് ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു: ജില്ലാതല താപ അപകടസാധ്യത വിലയിരുത്തൽ' ( ‘How Extreme Heat is Impacting India: Assessing District-level Heat Risk’ ) എന്ന പഠനത്തിൽ ഇന്ത്യയിലെ 734 ജില്ലകളിൽ ചൂടുകൊണ്ടുള്ള അപകടസാധ്യത വിലയിരുത്തി. 35 സൂചകങ്ങൾ ഉപയോഗിച്ചാണ് ഈ അപകട സാധ്യത രേഖപ്പെടുത്തിയത്. 1982 മുതൽ 2022 വരെയുള്ള ചൂടുകൊണ്ടുള്ള അപകട പ്രവണതകളെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ചുള്ള വിശദീകരണവും ഇതിൽ ഉൾപ്പെടുന്നു.

അപകടസാധ്യത, ചൂടേൽക്കുന്ന നില എന്നിങ്ങനെയുള്ള സൂചകങ്ങൾ പഠനത്തിനായി ഉപയോഗിച്ചു. രാത്രികാല ചൂടും ആപേക്ഷിക അന്തരീക്ഷ ഈർപ്പവും വിശകലനം ചെയ്തു കൊണ്ട്, കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി താപ നിലവർദ്ധിക്കുന്നതു വഴി ഉണ്ടാകുന്ന അപകടങ്ങളുടെ ആവൃത്തി, തീവ്രത, ദൈർഘ്യം എന്നിവയെ കാലാവസ്ഥാ വ്യതിയാനം, എങ്ങനെ മാറ്റിമറിച്ചുവെന്ന് വിശകലനം ചെയ്യുന്നു.

പഠനമനുസരിച്ച്, 417 ജില്ലകൾ അതിശക്തമായ ചൂടിന്റെ ഉയർന്നതും വളരെ ഉയർന്നതുമായ അപകടസാധ്യതാ വിഭാഗങ്ങളിൽ പെടുന്നു, 201 ജില്ലകൾ മിതമായ അപകടസാധ്യതാ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അശേഷിക്കുന്ന 116 ജില്ലകൾ താരതമ്യേന കുറഞ്ഞ ചൂടിന് വിധേയമാകുന്നവയാണ്.

രാജ്യത്തുടനീളമുള്ള രാത്രികാല ചൂടിലെ വർദ്ധനവ്, വടക്കേ ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് സിന്ധു-ഗംഗാ സമതലത്തിൽ അന്തരീക്ഷ ഈർപ്പത്തിലെ വർദ്ധനവ്, ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഭോപ്പാൽ, ഭുവനേശ്വർ തുടങ്ങിയ , ജില്ലകളിലെ ഉയർന്ന ചൂട് തുടങ്ങിയ പ്രധാന പ്രവണതകൾ പഠനത്തിൽ പറയുന്നു.

ഫുഡ് ഡെലിവറി ചെയ്യുന്നയാൾ വെയിലത്ത് - ഫയൽ ചിത്രം -Express Photo by A Sanesh.

മഹാരാഷ്ട്ര, കേരളം, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലെ ചില ഗ്രാമീണ ജില്ലകൾ - കാർഷികമേഖല - ഉയർന്നതോ വളരെ ഉയർന്നതോ ആയ ചൂട് അപകടസാധ്യതയുള്ള വിഭാഗത്തിൽ പെടുന്നതായി കണ്ടെത്തി.

കൂടാതെ, 1982-2011 ക്ലൈമറ്റ് ബേസ് ലൈനുമായി (കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് വിവരങ്ങൾ സംയോജിപ്പിച്ച് കാലവാസ്ഥാ പഠനത്തിനായി സ്വീകരിക്കുന്ന നിശ്ചിത കാലയളവ്) താരതമ്യപ്പെടുത്തുമ്പോൾ, കഴിഞ്ഞ ദശകത്തിൽ (2012-2022) 70 ശതമാനം ജില്ലകളിലും വേനൽക്കാലത്ത് മുൻകാലത്തേക്കാൾ രാത്രിയിൽ അധിക ചൂടുള്ള അഞ്ചിലേറെ ദിവസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പഠനം പറയുന്നു.

താപനില അസാധാരണമാംവിധം ഉയർന്നതും, സാധാരണയേക്കാൾ 95 ശതമാനം സമയവും ചൂട് കൂടുതലുള്ളതുമായ രാത്രികളെയാണ് തീവ്രതാപനിലയുള്ള രാത്രികളായി കണക്കാക്കുന്നത്. രാത്രികാല ചൂട് മനുഷ്യശരീരത്തെ തണുപ്പിക്കുന്നതിനും പകൽസമയത്തെ ചൂടിൽ നിന്ന് രക്ഷനേടാനും പ്രയാസകരമാക്കുന്നു.

കഴിഞ്ഞ ദശകത്തിൽ സിന്ധു-ഗംഗാ സമതലങ്ങളിലുടനീളം ആപേക്ഷിക അന്തരീക്ഷ ഈർപ്പം 10% വരെ വർദ്ധിച്ചതായും പഠനം കണ്ടെത്തി. ചരിത്രപരമായി, ഉത്തരേന്ത്യയിൽ 30-40% അന്തരീക്ഷ ഈർപ്പം അനുഭവപ്പെടും, എന്നാൽ, അത് 40-50% ആയി വർദ്ധിച്ചു. പരമ്പരാഗതമായി വരണ്ട കാലാവസ്ഥയുള്ള ഡൽഹി, ചണ്ഡീഗഡ്, കാൺപൂർ, ജയ്പൂർ, വാരണാസി തുടങ്ങിയ നഗരങ്ങളിൽ ഇപ്പോൾ ഉയർന്ന അന്തരീക്ഷ ഈർപ്പ നില കാണുന്നുണ്ടെന്ന് ഇത് പറയുന്നു.

ശരീര താപനില 37°C കവിയുമ്പോൾ ശരീരം തണുപ്പിക്കുന്നതിനുള്ള സ്വാഭാവിക സംവിധാനമാണ് വിയർപ്പ് , എന്നാൽ ഉയർന്ന അന്തരീക്ഷ ഈർപ്പം ഇത് തടസ്സപ്പെടുത്തുന്നു.

" പാരിസ്ഥിതിക ഘടകങ്ങൾ, വസ്ത്രം, ഉപാപചയ പ്രവർത്തനങ്ങൾ എന്നിവ കൊണ്ടുണ്ടാകുന്ന ചൂട് കൊണ്ട് ശരീരത്തിനുണ്ടാകുന്ന അവസ്ഥയായ ഹീറ്റ് സ്ട്രെസ് (ഉഷ്ണസമ്മർദ്ദം) ഇനി ഭാവിയിലെ ഭീഷണിയല്ല മറിച്ച് അത് വർത്തമാനകാല യാഥാർത്ഥ്യമാണ്," സിഇഇഡബ്ല്യു സിഇഒ ഡോ. അരുണാഭ് ഘോഷ് പറഞ്ഞു. "തീവ്രവും നീണ്ടുനിൽക്കുന്നതുമായ ചൂട്, വർദ്ധിച്ചുവരുന്ന അന്തരീക്ഷ ഈർപ്പം, അപകടകരമാം വിധമുള്ള രാത്രികാല ചൂട് എന്നിവയുടെ യുഗത്തിലേക്ക് നാം പ്രവേശിക്കുകയാണ്," അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT