കവറത്തി : കേന്ദ്രസര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ നടക്കുന്ന കരിദിനാചരണത്തിനെതിരെ ലക്ഷദ്വീപ് പൊലീസ്. വീടുകളില്‍ കരിങ്കൊടി കെട്ടിയും കറുത്ത മാസ്‌ക് അണിഞ്ഞുമുള്ള പ്രതിഷേധത്തിനെതിരെ പൊലീസ് രംഗത്തെത്തി. കറുത്ത കൊടി നീക്കണമെന്ന് പൊലീസ് വീടുകളില്‍ എത്തി ആവശ്യപ്പെട്ടു. കൊടി കെട്ടിയ ദൃശ്യങ്ങളും ശേഖരിച്ചു.
അഡ്മിനിസ്‌ടേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് സേവ് ലക്ഷദ്വീപ് ഫോറം ലക്ഷദ്വീപില്‍ കരിദിനം ആചരിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് വിവിധ ദ്വീപുകളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. എന്നാല്‍ അഡ്മിനിസ്‌ടേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ബഹിഷ്‌കരിച്ച് സമാധാനപരമായിട്ടുള്ള പ്രതിഷേധമാണെന്ന് സമരക്കാര്‍ വ്യക്തമാക്കി.
അതിനിടെ, ലക്ഷദ്വീപിലേക്ക് പോകുന്ന പ്രഫുല്‍ ഖോഡ പട്ടേല്‍ കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി. നെടുമ്പാശ്ശേരി വഴി പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇത് അവസാന നിമിഷം റദ്ദാക്കി ദാമന്‍ ദിയുവില്‍ നിന്നും എയര്‍ഫോഴ്‌സ് പ്രത്യേക വിമാനത്തില്‍ കവരത്തിയിലേക്ക് പോകുകയായിരുന്നു എന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പ്രഫുല്‍പട്ടേല്‍ കൊച്ചിയില്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് അദ്ദേഹത്തെ കാണാന്‍ യുഡിഎഫ് സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. എംപിമാരായ ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍, എം.എല്‍.എ അന്‍വര്‍ സാദത്ത് എന്നിവരാണ് പ്രഫുല്‍പട്ടേലിനെ കാണാനെത്തിയത്. പ്രഫുല്‍ പട്ടേല്‍ കൊച്ചിയിലിറങ്ങാതെ ഒളിച്ചോടിയെന്ന് ടി എന്‍ പ്രതാപന്‍ എം പി ആരോപിച്ചു. കരിനിയമങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത് പരിഗണനയിലാണെന്ന് യുഡിഎഫ് സംഘം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates