പ്രതീകാത്മക ചിത്രം AI Generated
India

മിഷന്‍ സുദര്‍ശന്‍ ചക്ര, പ്രോജക്ട് കുശ; പ്രതിരോധ കവചം തീര്‍ക്കാന്‍ ബഹുതല മിസൈല്‍ സംവിധാനം

രാജ്യത്തെ സുപ്രധാന സൈനിക കേന്ദ്രങ്ങള്‍, ആണവ നിലയങ്ങള്‍, ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍, പ്രധാന നഗരങ്ങള്‍ എന്നിവയെ ശത്രുരാജ്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന സംവിധാനമായിരിക്കും ഇത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ശേഷി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത 'മിഷന്‍ സുദര്‍ശന്‍ ചക്ര' ഭാവിയില്‍ രാജ്യത്തിന്റെ ബഹുതല മിസൈല്‍ പ്രതിരോധ സംവിധാനമായി മാറുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.

ഹൈദരാബാദിലെ പ്രതിരോധ ഗവേഷണ വികസന ലബോറട്ടറിയില്‍ (DRDL) പുതുതായി നിര്‍മിച്ച അഡ്വാന്‍സ്ഡ് വെപ്പണ്‍ സിസ്റ്റം കോംപ്ലക്‌സിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2025-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 'മിഷന്‍ സുദര്‍ശന്‍ ചക്ര' പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് തദ്ദേശീയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ വ്യോമ-മിസൈല്‍ പ്രതിരോധ കവചം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

രാജ്യത്തെ സുപ്രധാന സൈനിക കേന്ദ്രങ്ങള്‍, ആണവ നിലയങ്ങള്‍, ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍, പ്രധാന നഗരങ്ങള്‍ എന്നിവയെ മിസൈല്‍ ആക്രമണങ്ങളില്‍ നിന്നും വ്യോമാക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന സംവിധാനമായിരിക്കും ഇത്.

ഡിആര്‍ഡിഒയുടെ മിസൈല്‍ സിസ്റ്റംസ് ആന്‍ഡ് സ്ട്രാറ്റജിക് സിസ്റ്റംസ് ക്ലസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച രാജ്നാഥ് സിങ്, 'ഓപ്പറേഷന്‍ സിന്ദൂര്‍' ഉള്‍പ്പെടെയുള്ള ദൗത്യങ്ങളില്‍ തദ്ദേശീയ ആയുധ സംവിധാനങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചതായും പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ- വികസന മേഖലയിലെ വളര്‍ച്ചയുടെ തെളിവാണ് ഈ നേട്ടങ്ങളെന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.

'മിഷന്‍ സുദര്‍ശന്‍ ചക്ര'യുടെ ഭാഗമായി രാജ്യത്ത് ബഹുതല പ്രതിരോധ ശൃംഖല രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മിസൈലുകളെയും ഡ്രോണുകളെയും യുദ്ധവിമാനങ്ങളെയും വിവിധ ഉയരങ്ങളിലും ദൂരങ്ങളിലും കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുന്ന റഡാര്‍ ശൃംഖലകള്‍, അത്യാധുനിക സെന്‍സറുകള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍, ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. കരയിലും കടലിലും വിന്യസിക്കാവുന്ന പ്രതിരോധ ബാറ്ററികളും പദ്ധതിയുടെ ഭാഗമാകും.

'പ്രോജക്ട് കുശ' പദ്ധതിയുടെ പ്രധാന ഘടകങ്ങളിലൊന്നാണ്. റഷ്യയുടെ എസ്400 സംവിധാനത്തിന് സമാനമായി ദീര്‍ഘദൂര വ്യോമ പ്രതിരോധ ശേഷി ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. 400 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ഇആര്‍-സാം (Extended Range Surface-to-Air Missile) ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ചൈനയുടെയും പാകിസ്ഥാന്റെയും വ്യോമഭീഷണികളെ നേരിടാന്‍ സഹായിക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.

ഡിആര്‍ഡിഒ അടുത്തിടെ തുടര്‍ച്ചയായ മൂന്ന് മിസൈല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതും ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ ശേഷിയില്‍ വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ഭീഷണികളെ ചെറുക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യകളാണ് ഇതിലൂടെ പരീക്ഷിച്ചത്.

2035 ഓടെ രാജ്യവ്യാപകമായി പ്രതിരോധ കവചം സൃഷ്ടിക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് 'മിഷന്‍ സുദര്‍ശന്‍ ചക്ര' മുന്നോട്ടുപോകുന്നത്. തദ്ദേശീയ സാങ്കേതികവിദ്യകളെ ആശ്രയിച്ചുള്ള ഈ പദ്ധതിയിലൂടെ ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തത കൂടുതല്‍ ശക്തിപ്പെടുമെന്നും ഭാവിയിലെ യുദ്ധസാഹചര്യങ്ങളെ നേരിടാനുള്ള ശേഷി ഗണ്യമായി വര്‍ധിക്കുമെന്നും പ്രതിരോധ മന്ത്രാലയം പ്രതീക്ഷിക്കുന്നു.

'Mission Sudarshan Chakra' as India's multi-layered missile defense shield; 'Project Kusa' long-range air defense

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

'എനിക്കും മലയാള സിനിമയില്‍ അഭിനയിക്കണം, ഏറ്റവും മികച്ച സിനിമകളുണ്ടാകുന്നത് അവിടെ'; വാചാലയായി പാക് നടി മാഹിറ ഖാന്‍

രാത്രി രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കൂടിയാൽ എന്ത് ചെയ്യണം?

ജര്‍മനിയില്‍ ഷെഫ് ആയി ജോലി നേടാം; കുടുംബത്തെയും ഒപ്പം കൂട്ടാം, നോര്‍ക്ക വഴി നിയമനം

പാനൂരില്‍ മെനിഞ്ചൈറ്റിസ് ബാധിച്ച 21കാരി മരിച്ചു; അന്ത്യം ചികിത്സയ്ക്കിടെ

SCROLL FOR NEXT