ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ അഴിച്ചു പണി നടത്തി കേന്ദ്ര സർക്കാർ. ഏജൻസിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ രണ്ട് ജോയിന്റ് സെക്രട്ടറിമാരെയും രണ്ട് ജോയിന്റ് ഡയറക്ടർമാരെയും കേന്ദ്ര സർക്കാർ നിയമിച്ചു. നീറ്റ്-യുജി (NEET-UG 2026) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എൻടിഎ കടുത്ത വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് നടപടി.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് ഉദ്യോഗസ്ഥ അനുജ ബാപത്, റവന്യൂ സർവീസ് ഉദ്യോഗസ്ഥ രുചിത വിജ് എന്നിവരെയാണ് ജോയിന്റ് സെക്രട്ടറിമാരായി നിയമിച്ചത്. ഇരുവരെയും അഞ്ച് വർഷത്തെ കാലാവധിയിലാണ് എൻടിഎയിൽ നിയമിച്ചിരിക്കുന്നത്.
ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥൻ ആകാശ് ജെയിൻ, ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥൻ ആദിത്യ രാജേന്ദ്ര എന്നിവരെയാണ് ജോയിന്റ് ഡയറക്ടർമാരായി സർക്കാർ നിയമിച്ചിരിക്കുന്നത്.
നേരത്തെ, മേയ് 3-ന് നടന്ന നീറ്റ്-യുജി (NEET-UG) മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഏകദേശം 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഈ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്.
നിലവിൽ ഈ വൻ പരീക്ഷാ തട്ടിപ്പിനെക്കുറിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) രാജ്യവ്യാപകമായി അന്വേഷണം നടത്തി വരികയാണ്. എൻടിഎയുടെ ഭരണപരമായ സുതാര്യതയും പ്രവർത്തനക്ഷമതയും വീണ്ടെടുക്കുന്നതിനാണ് കേന്ദ്ര സർക്കാർ പുതിയ നിയമനങ്ങൾ നടത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates