ലഖ്‌നൗ: ഭാര്യയുടെ പ്രവൃത്തികളോ വീഴ്ചകളോ ഭര്‍ത്താവിന്റെ വരുമാനനഷ്ടത്തിന് കാരണമാകുന്നുണ്ടെങ്കില്‍ അവള്‍ക്ക് അയാളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ഹോമിയോ ഡോക്ടറായ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ഒരു സ്ത്രീ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഭര്‍ത്താവിന്റെ ക്ലിനിക്കിലുണ്ടായ സംഘര്‍ഷത്തിനിടെ സഹോദരീ ഭര്‍ത്താവിന്റേയും ഭാര്യാപിതാവിന്റേയും വെടിയേറ്റ ഹോമിയോപതി ഡോക്ടറായ ഭര്‍ത്താവില്‍ നിന്നാണ് യുവതി ജീവനാംശം ആവശ്യപ്പെട്ടത്.
ഭാര്യയുടെ കുടുംബത്തിന്റെ ക്രിമിനല്‍ പ്രവൃത്തികള്‍ മൂലം ഭര്‍ത്താവായ വേദ് പ്രകാശ് സിങിന് വരുമാന ശേഷി നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് കോടതി നിരീക്ഷണം. ഭാര്യയുടെ സഹോദരനും പിതാവും ചേര്‍ന്ന് ക്ലിനിക്കില്‍ വെച്ച് വെടിവെച്ചതായും തുടര്‍ന്ന് ഭാര്യയ്ക്ക് സമ്പാദിക്കാനോ ജീവനാംശം നല്‍കാനോ കഴിഞ്ഞിട്ടില്ലെന്ന് ഭര്‍ത്താവ് ആരോപിക്കുന്നു. ഭര്‍ത്താവിന്റെ നട്ടെല്ലിനാണ് പരിക്കേറ്റത്. ശസ്ത്രക്രിയ നടത്തിയാല്‍ പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലെത്തിച്ചെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സമൂഹം പൊതുവേ, ഭര്‍ത്താവ് ജോലി ചെയ്ത് കുടുംബം പുലര്‍ത്തണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ കേസില്‍ സവിശേഷമായ സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
'ഭാര്യയെ പരിപാലിക്കേണ്ടത് ഭര്‍ത്താവിന്റെ കടമയാണെങ്കിലും, ഒരു കോടതിയും ഭാര്യയുടെ മേല്‍ അത്തരമൊരു നിയമപരമായ കടമ ചുമത്തിയിട്ടില്ല എന്നത് ബോധ്യപ്പെട്ടിരിക്കുന്നു.' കേസിന്റെ വസ്തുതകള്‍ കണക്കിലെടുക്കുമ്പോള്‍, പ്രഥമദൃഷ്ട്യാ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പെരുമാറ്റം എതിര്‍ കക്ഷിയെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നതില്‍ നിന്ന് തടയുന്നുവെന്ന് കോടതി പറഞ്ഞു. ഒരു ഭാര്യ സ്വന്തം പ്രവൃത്തികളാലോ ഒഴിവാക്കലുകളാലോ ഭര്‍ത്താവിന്റെ സമ്പാദ്യശേഷി ഇല്ലാതാവാന്‍ കാരണമാകുകയോ, അതിനായി സംഭാവന നല്‍കുകയോ ചെയ്താല്‍, അത്തരമൊരു സാഹചര്യം കണക്കിലെടുത്ത് ജീവനാംശം അനുവദിക്കാനാവില്ല. ഇത്തരം സാഹചര്യങ്ങളില്‍ ജീവനാംശം നല്‍കുന്നത് ഭര്‍ത്താവിനോട് ചെയ്യുന്ന കടുത്ത അനീതിക്ക് കാരണമാകും, യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ കോടതിക്ക് കണ്ണടയ്ക്കാന്‍ കഴിയില്ല,'അലഹബാദ് ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates