പി ചിദംബരം/ ഫയല്‍ ചിത്രം 
India

ഡിഎംകെയെ മുൻകൂട്ടി അറിയിച്ചിരുന്നു; ടിവികെയെ പിന്തുണച്ചതിൽ കോൺഗ്രസിന്റെ നയം വ്യക്തമാക്കി പി ചിദംബരം

സഖ്യകക്ഷികളായ സിപിഐ, വിസികെ പ്രസ്ഥാനങ്ങളെയും കാര്യങ്ങൾ ധരിപ്പിച്ചിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട അപ്രതീക്ഷിത രാഷ്ട്രീയ സാഹചര്യങ്ങളിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം സർക്കാരിനെ പിന്തുണയ്ക്കാനുള്ള തങ്ങളുടെ തീരുമാനത്തെ ന്യായീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം രംഗത്ത്. വിജയ്‍യുടെ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഡിഎംകെ നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഏപ്രിൽ 23-ന് നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുമായി സഖ്യം ചേർന്നാണ് കോൺഗ്രസ് മത്സരിച്ചതെങ്കിലും, ഫലം വന്നതിന് പിന്നാലെ വിജയ്‍യുടെ ടിവികെ ക്ക് സർക്കാർ രൂപീകരിക്കാൻ തങ്ങളുടെ അഞ്ച് എംഎൽഎമാരുടെ പിന്തുണ ആദ്യം വാഗ്ദാനം ചെയ്തത് കോൺഗ്രസായിരുന്നു. സഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ ടിവികെ ക്ക് സാധിക്കാതെ വരികയും അതുവഴി സംസ്ഥാനത്ത് മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുന്നത് തടയുകയുമായിരുന്നു തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ചിദംബരം വ്യക്തമാക്കി. സഖ്യകക്ഷികൾക്കിടയിൽ പൊതുവായുണ്ടായിരുന്ന താല്പര്യമായിരുന്നു ഇത്. പൊതുജനങ്ങളും മറ്റൊരു തെരഞ്ഞെടുപ്പ് പെട്ടെന്ന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയ്‍യുടെ സർക്കാരിനെ പിന്തുണയ്ക്കാനുള്ള തങ്ങളുടെ തീരുമാനത്തെക്കുറിച്ച് സഖ്യകക്ഷികളായ സിപിഐ, വിസികെ, ഐയുഎംഎൽ എന്നിവരെയും കോൺഗ്രസ് മുൻകൂട്ടി ധരിപ്പിച്ചിരുന്നുവെന്ന് ചിദംബരം അവകാശപ്പെട്ടു. മറ്റ് സഖ്യകക്ഷികൾ പിന്തുണ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുൻപ് കോൺഗ്രസ് ഇത് പരസ്യമായി പ്രഖ്യാപിച്ചു എന്നത് മാത്രമാണ് ഇതിലുണ്ടായ ഏക വ്യത്യാസം. എന്നാൽ, തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ടുപിന്നാലെ ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ യുവജന വിഭാഗം പ്രത്യേക യോഗം ചേരുകയും കോൺഗ്രസ് ഡി.എം.കെയെ "വഞ്ചിച്ചു" എന്ന് ആരോപിക്കുന്ന പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. സഖ്യത്തിന് വോട്ട് ചെയ്ത ജനങ്ങളെ കോൺഗ്രസ് വഞ്ചിച്ചുവെന്ന് മുതിർന്ന ഡിഎംകെ നേതാവ് ടി.ആർ. ബാലുവും ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിദംബരത്തിന്റെ പുതിയ വിശദീകരണം പുറത്തുവരുന്നത്.

കോൺഗ്രസ് വഞ്ചിച്ചുവെന്ന ആരോപണം ആവർത്തിച്ച ഡിഎംകെ ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള തീരുമാനം ഔദ്യോഗികമായി സ്പീക്കറെ അറിയിക്കുകയും ഇന്ത്യ മുന്നണിയുടെ യോഗത്തിൽ നിന്നും മാറി നിൽക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് നയിച്ച ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118സീറ്റുകൾ തികയ്ക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിനായി പാർട്ടിക്ക് കുറഞ്ഞത് പത്ത് എംഎൽഎമാരുടെ കൂടി പിന്തുണ ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ് പ്രതിപക്ഷ കക്ഷികളിൽ ആദ്യമായി വിജയ്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. ഇതിന് പിന്നാലെ രണ്ട് സീറ്റുകൾ വീതം നേടിയ വിസികെ, സിപിഐ, സിപിഎം എന്നീ പാർട്ടികളും വിജയ്‍യുടെ പ്രസ്ഥാനത്തെ പിന്തുണച്ചു. ഈ പാർട്ടികളുടെ സംയുക്ത പിന്തുണയോടെയാണ് ടിവികെ കേവല ഭൂരിപക്ഷം നേടിയത്.

Senior Congress leader P. Chidambaram stated that the Congress party had officially informed the DMK leadership and other alliance partners like CPI, VCK, and IUML before extending its crucial support to Vijay's Tamilzhaga Vetri Kazhagam (TVK) to form the government.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖവും ചിരിയും'; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

ഗില്‍ 126, രാഹുല്‍ 100, പന്ത് 81, സായ് 81; ഇന്ത്യ 500 കടന്നു

'ഒരു ഡോക്ടർ രാവിലെ ഇരുന്ന് ആലോചിക്കുമോ ഇന്ന് കുറച്ച് എയ്ഡ്സ് രോ​ഗികൾ വന്നിരുന്നെങ്കിൽ എന്ന് ?'; അഭിനയത്തെക്കുറിച്ച് സലിം കുമാർ അന്ന് പറഞ്ഞത്

തിരക്കുപിടിച്ച ദിവസങ്ങൾക്കിടെ വീണു കിട്ടുന്ന ഒരു 'ഓഫ് ഡേ'; 'സെൽഫ് കെയർ' ദിനം എങ്ങനെ ആഘോഷിക്കാം

പിസ ഓര്‍ഡര്‍ ചെയ്ത് വിളിച്ചുവരുത്തി; യുഎസില്‍ 28കാരനായ തെലങ്കാന സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ടു

SCROLL FOR NEXT