അഹമ്മദാബാദ്: പാകിസ്ഥാനില്‍ നിന്നെത്തി ഗുജറാത്തില്‍ കഴിയുന്ന 185 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം. ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്നവര്‍ക്കാണ് പൗരത്വ ഭേദഗതി നിയമം അനുസരിച്ച് പൗരത്വം ലഭിച്ചത്. രാജ്‌കോട്ടില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാങ്‌വി പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. ഗുജറാത്തിലെ കച്ച്, മോര്‍ബി, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്നവരാണ് ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചവര്‍. പൗരത്വം ലഭിച്ചവര്‍ക്ക് ഇന്ത്യയിലെ സര്‍ക്കാരുകളുടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത കേന്ദ്ര സഹമന്ത്രി ഇവരെ ക്ഷേമ പദ്ധതികളുടെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചു. എന്നാല്‍ പൗരത്വം ലഭിച്ചവരുടെ മത വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
ഒരു പൂതിയ ജീവിതത്തിന്റെ തുടക്കം എന്നായിരുന്നു ഇന്ത്യന്‍ പൗരത്വത്തെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്. നിങ്ങള്‍ക്കിനി സന്തോഷിക്കാം, ഇപ്പോള്‍ മുതല്‍ നിങ്ങള്‍ ഇന്ത്യന്‍ പൗരന്‍മാരാണ് എന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. പാകിസ്ഥാനിലെ ന്യൂന പക്ഷങ്ങളായ ഹിന്ദു, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികള്‍ നേരിടുന്ന ദുരിതം സംബന്ധിച്ച കഥകള്‍ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. പല സ്ത്രീകള്‍ക്കും തങ്ങളുടെ പങ്കാളികളെ നഷ്ടപ്പെട്ടു, വീടുകള്‍ നഷ്ടമായി, എന്നിട്ടും പലരും സഹിച്ചു. അവരുടെ കരുത്തിനെ അഭിവാദ്യം ചെയ്യുന്നു. എന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു നാട്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനെ കുറിച്ച് പഠിക്കാന്‍ ലോകം ഇന്ത്യയിലേക്ക് നോക്കണം, ഗുജറാത്തിനെ പഠിക്കണം എന്ന് പറഞ്ഞ കേന്ദ്രമന്ത്രി പാകിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദുക്കള്‍ നേരിടുന്ന അതിക്രമങ്ങളോട് ലോക ജനത മുഖം തിരിക്കുകയാണ് എന്നും കുറ്റപ്പെടുത്തി.
ഹിന്ദുക്കള്‍ക്ക് സ്വതന്ത്രമായി ഉത്സവങ്ങള്‍ പോലും ആഘോഷിക്കാന്‍ കഴിയാത്ത പാകിസ്ഥാനേക്കാള്‍ വളരെ മികച്ചതായിരുന്നു ഇന്ത്യയിലെ അഭയാര്‍ഥി ജീവിതം പോലും എന്നായിരുന്നു പൗരത്വം ലഭിച്ച വ്യക്തികള്‍ ചിലരുടെ പ്രതികരണം. തന്റെ കുടുംബാംഗങ്ങളില്‍ പലരും ഇപ്പോഴും പാകിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവര്‍ക്കും എന്നെങ്കിലും ഇന്ത്യയില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോര്‍ബി മേഖലിയില്‍ കഴിഞ്ഞിരുന്ന ചമ്പ ഖംബാല എന്നയാള്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates