Coldrif Syrup SOURCE:X
India

കഫ് സിറപ്പ് ദുരന്തം; ഒളിവിലായിരുന്ന മരുന്ന് കമ്പനി ഉടമ അറസ്റ്റില്‍, രേഖകള്‍ പിടിച്ചെടുത്തു

നിരവധി സംസ്ഥാനങ്ങളിലായി കുറഞ്ഞത് 20 കുട്ടികളുടെ മരണത്തിന് കാരണമായ മായം ചേര്‍ത്ത കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ഉടമയെ അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നിരവധി സംസ്ഥാനങ്ങളിലായി കുറഞ്ഞത് 20 കുട്ടികളുടെ മരണത്തിന് കാരണമായ മായം ചേര്‍ത്ത കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ഉടമയെ അറസ്റ്റ് ചെയ്തു. ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ ഇന്നലെ രാത്രി ചെന്നൈയില്‍ നിന്നാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

മധ്യപ്രദേശിന് പുറമേ, രാജസ്ഥാനിലും ചില മരണങ്ങള്‍ക്ക് സിറപ്പുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കോള്‍ഡ്രിഫ് കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വൃക്ക അണുബാധ ഉണ്ടാവുകയായിരുന്നു. മായം ചേര്‍ക്കല്‍, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍ എന്നി കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു.

ഇന്നലെ രംഗനാഥനെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പുലര്‍ച്ചെ 1:30 ഓടെയാണ് രംഗനാഥനെ പിടികൂടിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ കമ്പനിയുടെ കാഞ്ചീപുരം ഫാക്ടറിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. രംഗനാഥനെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്നതിന് മധ്യപ്രദേശ് പൊലീസ് ചെന്നൈ കോടതിയില്‍ നിന്ന് ട്രാന്‍സിറ്റ് റിമാന്‍ഡ് തേടിയിരിക്കുകയാണ്.

കഫ് സിറപ്പ് നിര്‍മിച്ച കാഞ്ചീപുരത്തെ ശ്രീശന്‍ ഫാര്‍മ യൂണിറ്റുകളില്‍ എസ്ഐടി പരിശോധന സംഘം പരിശോധന തുടരുകയാണ്. കോള്‍ഡ്രിഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളില്‍ വൃക്കസംബന്ധമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. സിറപ്പില്‍ 48.6% ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരുന്നതായി എസ്‌ഐടി കണ്ടെത്തിയിരുന്നു. വ്യവസായിക മേഖലയില്‍ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവാണ് ഇത്.

അതേസമയം, സിറപ്പ് കഴിച്ച് ചികിത്സയിലായിരുന്ന പ്രതീക് പവാര്‍ എന്ന ഒരു വയസ്സുള്ള ആണ്‍കുട്ടിക്ക് രോഗം ഭേദമായി. നാഗ്പുരിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതായി അധികൃതര്‍ അറിയിച്ചു. കോള്‍ഡ്രിഫ് സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ഇന്ത്യയോട് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Pharma Firm Owner Arrested Over 20 Children's Deaths Linked To Coldrif Syrup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം; കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാര്‍: എസ്‌ഐടിക്ക് ചെന്നിത്തലയുടെ കത്ത്

ആ അര്‍ദ്ധ സെഞ്ച്വറി പുതിയ ചരിത്രം കുറിച്ചു; പോണ്ടിങ്ങിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കോഹ് ലി

എല്ലാവരിലും ഒരുപോലെ അല്ല, എക്സ്ഫോളിയേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'കുടുംബം ഫാസിസത്തിന്റെ ഏറ്റവും ചെറിയ ഘടകം; അടിച്ചമര്‍ത്തല്‍ അവിടെ നിന്നും തുടങ്ങുന്നു'

'എന്റെ തിരഞ്ഞെടുപ്പുകളിൽ വിശ്വസിച്ചതിന് നന്ദി'; ആരാധകരോട് മമ്മൂട്ടി

SCROLL FOR NEXT