പ്രകാശ് കാരാട്ട്  ഫയൽ
India

Prakash Karat|പിബിയില്‍ 33 വര്‍ഷം, പ്രകാശ് കാരാട്ട്; ചരിത്രം കുറിച്ചും തിരുത്തിയും സിപിഎമ്മിനെ നയിച്ച നേതാവ്

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സജീവ ഇടങ്ങളില്‍ നിന്ന് പലപ്പോഴും മാറി നിന്ന് പാര്‍ട്ടിയെ നയിച്ച പ്രകാശ് കാരാട്ട് മറ്റൊരു ഘട്ടത്തില്‍ ഇന്ത്യയില്‍ ഇടത് പക്ഷത്തെ തകര്‍ച്ചയിലേക്ക് നയിച്ച നേതാവ് എന്ന ആരോപണം പോലും നേരിട്ടു.

അനില്‍ എസ്

മധുര: മൂന്ന് പതിറ്റാണ്ട് പിന്നിട്ട പോളിറ്റ് ബ്യൂറോ അംഗത്വം, പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലത്തെ സിപിഎം ജനറല്‍ സെക്രട്ടറി. സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തമിഴ്‌നാട്ടിലെ മധുരയില്‍ തിരശ്ശീല വീഴുമ്പോള്‍ പ്രകാശ് കാരാട്ട് എന്ന മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിനെ അടയാളപ്പെടുത്തിയ ഒരു കാലഘട്ടം കൂടിയാണ് അവസാനിക്കുന്നത്.

മൂന്ന് തവണ ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി. ഇന്ത്യന്‍ രാഷ്ട്രീയം വലിയ മാറ്റങ്ങള്‍ കണ്ട കാലത്ത് പാര്‍ട്ടിയുടെ നായകന്‍. ചരിത്രം സൃഷ്ടിച്ചും തിരുത്തിയും സിപിഎമ്മിനെ നയിച്ച നേതാവ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സജീവ ഇടങ്ങളില്‍ നിന്ന് പലപ്പോഴും മാറി നിന്ന് പാര്‍ട്ടിയെ നയിച്ച പ്രകാശ് കാരാട്ട് മറ്റൊരു ഘട്ടത്തില്‍ ഇന്ത്യയില്‍ ഇടത് പക്ഷത്തെ തകര്‍ച്ചയിലേക്ക് നയിച്ച നേതാവ് എന്ന ആരോപണം പോലും നേരിട്ടു.

ആറ് പതിറ്റാണ്ട് നീണ്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തില്‍ അറിഞ്ഞോ അറിയാതെയോ വിസ്മരിക്കാന്‍ കഴിയാത്ത ഒരു അധ്യായം കൂടിയായി മാറിയ വ്യക്തിയാണ് പ്രകാശ് കാരാട്ട്. സിപിഎമ്മിന്റെ ചരിത്രത്തിലെ നിര്‍ണായ തീരുമാനങ്ങളില്‍ എല്ലാം പ്രകാശ് കാരാട്ട് ഭാഗമായിരുന്നു. വാഗ്ദാനം ചെയ്യപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനം സിപിഎം നിരസിച്ചതായിരുന്നു ഇതില്‍ ആദ്യത്തേത്. 1996 ല്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ജ്യോതി ബസുവിന് വാഗ്ദാനം ചെയ്യപ്പെട്ട പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് തിരുമാനിച്ചതില്‍ പ്രകാശ് കാരാട്ടും ഉണ്ടായിരുന്നു. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളായ ഇ ബാലാനന്ദന്‍, ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്‍, സിതാറാം യെച്ചൂരി തുടങ്ങിവരുള്‍പ്പെട്ടവരുടെ അഭിപ്രായം മാനിച്ചായിരുന്നു ഈ തീരുമാനം. ചരിത്രപരമായ മണ്ടത്തരം എന്ന് ജ്യോതി ബസു പിന്നീട് തീരുമാനത്തെ വിശേഷിപ്പിച്ചെന്നതും ചരിത്രം.

ജ്യോതി ബസു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു എങ്കില്‍ ചരിത്രം തന്നെ മാറ്റിയെഴുതപ്പെട്ടേനെ എന്ന് ഇന്നും ഒരു വലിയ വിഭാഗം വിശ്വസിക്കുന്നവരില്‍ ഇടത് പക്ഷ വിശ്വാസികള്‍ മാത്രമല്ലെന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ ജ്യോതി ബസു പ്രധാനമന്ത്രിയാകാതിരുന്നതും പാര്‍ട്ടി പിന്നീട് നേരിട്ട തിരിച്ചടികളും തമ്മില്‍ ബന്ധമില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന വ്യക്തിയാണ് പ്രകാശ് കാരാട്ട്. ഇക്കാര്യം അദ്ദേഹം പല തവണ ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

പ്രകാശ് കാരാട്ട് യെച്ചൂരിക്കൊപ്പം

2005 ലാണ് പ്രകാശ് കാരാട്ട് സിപിഎം ജനറല്‍ സെക്രട്ടറിയായി ആദ്യമായി ചുമതലയേല്‍ക്കുന്നത്. സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തിലെത്തിയതിന് ശേഷം ഒരു വര്‍ഷം പിന്നിടുമ്പോഴായിരുന്നു കാരാട്ടിന്റെ സ്ഥാനാരോഹണം. 43 എംപിമാരായിരുന്നു അന്ന് സിപിഎമ്മിന് ലോക്‌സഭയില്‍ ഉണ്ടായിരുന്നത്. സിപിഎമ്മിന്റെ ശബ്ദങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരും രാജ്യവും കാതോര്‍ത്ത കാലം. ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടുകളുടെ കൂടി ഫലമായിരുന്നു വിവരാവകാശ നിയമം, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വിപ്ലവാത്മകമായ നടപടികള്‍.

എന്നാല്‍, സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ടിന് ആയുസ് വളരെ കുറവായിരുന്നു. ഇന്ത്യ - യുഎസ് ആണവ കരാറില്‍ ഇടഞ്ഞ സിപിഎം 2008 ല്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. കാരാട്ട് നയിച്ച ഇടതുപക്ഷത്തിന്റെ സുപ്രധാന നീക്കമായിരുന്നു ഇത്. പ്രത്യയശാസ്ത്രപരമായി ഇടതുപാര്‍ട്ടികളുടെ നടപടി ശരിയായിരുന്നു. എന്നാല്‍ തീരുമാനത്തിന്റെ നഷ്ടം ഇടത് പക്ഷത്തിലോ കോണ്‍ഗ്രസിലോ ഒതുങ്ങി നിന്നില്ല. രാജ്യത്തെ ബിജെപി വിരുദ്ധ ചേരിയില്‍ വലിയ വിള്ളല്‍കൂടിയായി ആ തീരുമാനം പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടു.

യുപിഎ സഖ്യത്തില്‍ നിന്നുള്ള പിന്‍മാറ്റം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സിപിഎമ്മിന് പിന്നീട് വലിയ നഷ്ടമാണുണ്ടാക്കിയത്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം 16 ആയി ചുരുങ്ങി. 2014 ല്‍ എംപിമാര്‍ ഒന്‍പത് പേരായും 2019 ഇത് മൂന്നായും കുറഞ്ഞു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ നാല് അംഗങ്ങളെ മാത്രമാണ് സിപിഎമ്മിന് ലോക്‌സഭയിലേക്ക് എത്തിക്കാനായത്.

മൂന്നര പതിറ്റാണ്ട് ഭരണം കയ്യാളിയ പശ്ചിമ ബംഗാളില്‍ സിപിഎം തകര്‍ന്നടിഞ്ഞതും പ്രകാശ് കാരാട്ട് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്താണ്. മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന് 2006 ല്‍ നിയമസഭാ സീറ്റ് നിഷേധിച്ചതും, സിപിഎം ജനറല്‍ സെക്രട്ടറിയായിരിക്കെ സിതാറാം യെച്ചൂരി രാജ്യസഭാംഗം ആകേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നിലും പ്രകാശ് കാരാട്ടിന്റെ പേരുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ പ്രായോഗിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രകാശ് കാരാട്ട് സ്വീകരിച്ച നിലപാടുകളില്‍ വിമര്‍ശനം ഏറ്റുവാങ്ങുമ്പോഴും സ്വതസിദ്ധ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായി കാരാട്ട് തുടരുന്നു എന്നതും ശ്രദ്ധേയമാണ്.

പ്രകാശ് കാരാട്ട്

പുതുതലമുറയുടെ കാലം

പുത്തന്‍ തലമുറ നേതാക്കളെ വളര്‍ത്തിയെടുക്കുന്നതില്‍ സിപിഎം കൈവരിച്ച മുന്നേറ്റത്തിന്റെ കാലഘട്ടം കൂടിയാണ് പ്രകാശ് കാരാട്ടിന്റെ പി ബിയില്‍ നിന്നുള്ള പടിയിറക്കത്തോടെ അവസാനിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന പതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് എന്ന ഒരു സംവിധാനം പാര്‍ട്ടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.

കേന്ദ്ര കമ്മിറ്റിക്കും പോളിറ്റ് ബ്യൂറോയ്ക്കും ഇടിലെ സംവിധാനമായിട്ടായിരുന്നു സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് വിഭാവനം ചെയ്തത്. പ്രകാശ് കാരാട്ട് (ഡല്‍ഹി) എസ് രാമചന്ദ്രന്‍ പിള്ള (കേരളം) സിതാറാം യെച്ചൂരി (ആന്ധ്ര പ്രദേശ്) പി രാമചന്ദ്രന്‍ (തമിഴ്‌നാട്) സുനില്‍ മൈത്ര ( പശ്ചിമ ബംഗാള്‍) എന്നിവരായിരുന്നു സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍. ഇവരെല്ലാം ചെന്നൈയില്‍ നടന്ന 1992 ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പി ബി അംഗങ്ങളാവുകയും ചെയ്തു.

'കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പിബി യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. സെക്രട്ടേറിയറ്റ് ചുമതല പിബിയുടെ ഒരു പരിശീലനമായിരുന്നു. പ്രഥമ സെക്രട്ടേറിയറ്റിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ പി.ബി. യോഗങ്ങളില്‍ പങ്കെടുക്കുന്ന രീതി നിര്‍ത്തലാക്കി. അതിനുശേഷം സെക്രട്ടേറിയറ്റ് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും, പതിവ് ജോലികള്‍ മാത്രമേ ഏല്‍പ്പിച്ചിരുന്നുള്ളൂ,' എസ്. രാമചന്ദ്രന്‍ പിള്ള പറയുന്നു

എസ്.ആര്‍.പി എന്നറിയപ്പെടുന്ന എസ് രാമചന്ദ്രന്‍ പിള്ള, 2022 ല്‍ ആണ് പി.ബിയില്‍ നിന്നും ഒഴിവായത്. 2015 ല്‍ വിശാഖപട്ടണത്ത് നടന്ന 21-ാം കോണ്‍ഗ്രസില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ യെച്ചൂരി, കഴിഞ്ഞ സെപ്റ്റംബറില്‍ മരിക്കുന്നതുവരെ മൂന്ന് തവണ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചു. യെച്ചൂരിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായപ്പോള്‍ എസ്ആര്‍പിയായിരുന്നു പ്രധാന എതിരാളി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

ടി20 ലോകകപ്പിനുള്ള ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അംപയർമാർ പട്ടികയിൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 740 lottery result

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; പദവിയിലെത്തിയ ആദ്യ വനിത

'ശമ്പളം തരണം, അല്ലെങ്കിൽ ബുദ്ധിമുട്ടാകും'; മാനേജ്‍മെന്റിന് കത്ത് നൽകി ഒഡിഷ എഫ് സി താരങ്ങൾ

SCROLL FOR NEXT