Pregnant Journalist Alleges Rahul Gandhi Assaulted Her  
India

രാഹുൽ ഗാന്ധി പിടിച്ചുതള്ളിയെന്ന് ഗർഭിണിയായ മാധ്യമപ്രവർത്തക; ബിജെപിയുടെ വ്യാജ പ്രചാരണമെന്ന് കോൺഗ്രസ്

ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വീഡിയോ ദൃശ്യങ്ങളിൽ വ്യക്തതയില്ലെന്ന് കോൺഗ്രസ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലിലെ എസ്.ഐ.ആർ നടപടികൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷ 'ഇന്ത്യ' സഖ്യം സുപ്രീം കോടതി പരിസരത്ത് നടത്തിയ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി തന്നെ കയ്യേറ്റം ചെയ്തതായി ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയുടെ ആരോപണം. വൺഇന്ത്യ ന്യൂസ് പോർട്ടലിലെ മാധ്യമപ്രവർത്തകയായ റിച്ച പരാശറാണ് രാഹുൽ ഗാന്ധിക്കെതിരെ ആരോപണമുന്നയിച്ചത്. സംഭവത്തെ തുടർന്ന് ഇവരെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും ബിജെപി പടച്ചുവിട്ട വ്യാജ പ്രചാരണമാണിതെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി

ആശുപത്രിയിൽ തന്നെ സന്ദർശിച്ച ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് റിച്ച തനിക്കെതിരെയുണ്ടായ സംഭവം വിവരിച്ചത്. സുപ്രീം കോടതി കവാടത്തിന് സമീപം രാഹുൽ ഗാന്ധിയുടെ പ്രതികരണം തേടാനായി മൈക്ക് നീട്ടിയപ്പോൾ അത് മാറ്റാൻ അദ്ദേഹം ആംഗ്യം കാണിച്ചുവെന്നും തുടർന്ന് മറ്റ് മാധ്യമപ്രവർത്തകരും മൈക്ക് നീട്ടിയപ്പോൾ ഔദ്യോഗിക ചുമതലയുടെ ഭാഗമായി താനും വീണ്ടും മൈക്ക് നീട്ടുകയാണുണ്ടായതെന്നും അവർ പറഞ്ഞു. ഇതിൽ പ്രകോപിതനായ രാഹുൽ ഗാന്ധി ദേഷ്യത്തോടെ തന്റെ കൈയിൽ കയറിപ്പിടിച്ച് ശക്തമായി മുൻപോട്ട് വലിച്ചെന്നും, അദ്ദേഹത്തിന്റെ അംഗരക്ഷകർ തന്നെ തള്ളിമാറ്റിയതോടെ സുപ്രീം കോടതിയുടെ പ്രവേശന കവാടത്തിലെ പടികളിലേക്ക് മുഖമടിച്ച് വീഴുകയായിരുന്നുവെന്നുമാണ് മൂന്ന് മാസം ഗർഭിണിയായ റിച്ച വ്യക്തമാക്കിയത്. തന്റെ പിന്നിലുണ്ടായിരുന്ന ക്യാമറാമാനെയും രാഹുൽ ഗാന്ധി പിടിച്ചുതള്ളിയെന്നും അദ്ദേഹം തന്റെ മുകളിലേക്കും തുടർന്ന് മറ്റ് നാലഞ്ചു പേർ അവരുടെ മുകളിലേക്കും വീണുവെന്നും റിച്ച ആരോപിച്ചു. വീഴ്ചയിൽ മൊബൈൽ ഫോൺ തകരുകയും മൈക്ക് റിസീവർ വേർപെട്ടുപോവുകയും ചെയ്തതായും അവർ കൂട്ടിച്ചേർത്തു.

റിച്ച പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വം ആരോപണങ്ങളെ ശക്തമായി പ്രതിരോധിച്ചു. വീഡിയോയിൽ രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകയെ തള്ളുന്നതായുള്ള ദൃശ്യങ്ങൾ എവിടെയും വ്യക്തമല്ലെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ബിജെപി നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അൽക്ക ലാംബ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഗർഭാവസ്ഥയിൽ ഇത്തരം സമരരംഗങ്ങളിൽ നിൽക്കുന്നത് അപകടകരമാണെന്ന് വ്യക്തമാക്കിയ അൽക്ക ലാംബ, ഉച്ചകഴിഞ്ഞ് മൂന്നോ നാലോ മണിക്ക് രാഹുൽ ഗാന്ധി തള്ളിയെന്ന് പറയുന്ന മാധ്യമപ്രവർത്തക രാത്രി 8.30-നാണ് ആശുപത്രിയിലെത്തിയതെന്നും തുടർന്ന് ബിജെപി എംഎൽഎയുടെ ഓഫീസിലെത്തി വ്യാജ കഥകൾ ചമയ്ക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. ഗർഭാവസ്ഥയിൽ സാധാരണ ചെയ്യാറില്ലാത്ത എക്സ്-റേ പരിശോധനയ്ക്ക് ഇവർ വിധേയയായതിനെയും ലാംബ ചോദ്യം ചെയ്തു. മാധ്യമപ്രവർത്തകർക്കിടയിൽ രാഹുൽ ഗാന്ധി പെട്ടുപോയപ്പോൾ ഉണ്ടായ ഉന്തും തള്ളും മാത്രമാണ് അവിടെ സംഭവിച്ചതെന്നും മനഃപൂർവ്വമായ ഉപദ്രവം നടന്നിട്ടില്ലെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് മറ്റ് കോൺഗ്രസ് നേതാക്കളും വ്യക്തമാക്കി.

അതേസമയം, ഗർഭിണിയായ മാധ്യമപ്രവർത്തകയെ കോൺഗ്രസ് പ്രവർത്തകർ സഹായിച്ചില്ലെന്ന് മാത്രമല്ല, അവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. 'പിതൃമേധാവിത്വം തകർക്കണം' എന്ന് പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി തെരുവ് ഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്നും, പ്രിയങ്ക വാദ്രയുടെ 'ഞാൻ പെണ്ണാണ്, പോരാടും' എന്ന മുദ്രാവാക്യത്തിന്റെ പൊള്ളത്തരമാണ് ഇവിടെ വ്യക്തമാകുന്നതെന്നും ഇന്ന് രാവിലെ ആശുപത്രിയിലെത്തി റിച്ചയെ സന്ദർശിച്ച ശേഷം ഭണ്ഡാരി ആരോപിച്ചു.

A three-month pregnant journalist, Richa Parashar of Oneindia, has alleged that Congress MP Rahul Gandhi aggressively pulled and pushed her during an Opposition INDIA bloc protest outside the Supreme Court premises, resulting in a fall that injured her

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോര്‍സ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

ദിവസവും പാലും തൈരും കഴിച്ചാലും അസ്ഥിക്ഷയം വരുമോ? അറിയേണ്ട കാര്യങ്ങൾ

'എന്റെ മകള്‍ നേഹ ബോറയെപ്പോലെ ആകണം'; കുറിപ്പ് പങ്കുവച്ച് വിനീത് ശ്രീനിവാസന്‍; പിന്തുണയുമായി നസ്രിയയും

നാട്ടികയിൽ പ്രതിഷേധം കടുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ, എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

പ്രതിപക്ഷത്തിന്റെ രോഗത്തിനുള്ള മരുന്നില്ല, മറ്റെല്ലാം സ്‌റ്റോക്ക് ഉണ്ടെന്ന് മന്ത്രി മുരളിധരന്‍; ഇതാണോ മറുപടിയെന്ന് പിണറായി ; സഭ വിട്ട് എല്‍ഡിഎഫ്