ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ചതിലുള്ള രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി ഭരണഘടന ബഞ്ച് ഇന്ന് വാദം കേൾക്കും. തമിഴ്‌നാട് വിധിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഉന്നയിച്ച റഫറൻസിന്മേൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൽ വാദം തുടരുകയാണ്. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായിരുന്നു. കേരളവും തമിഴ്നാടും എതിർവാദം ഉന്നയിക്കും. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിനു നിർദ്ദേശം നൽകാൻ സാധിക്കില്ല എന്നാണ് കേന്ദ്ര സർക്കാർ നിലപാട്.
ബില്ലുകൾ ആറ് മാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നു കഴിഞ്ഞ ദിവസം നടന്ന വാദത്തിൽ ചീഫ് ജസ്റ്റിസ് ബിആർ ഗവായി വ്യക്തമാക്കിയിരുന്നു. ബില്ലുകളിലെ തീരുമാനമെടുക്കലിൽ ഗവർണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ നിരീക്ഷണം.
ഗവർണർക്കും രാഷ്ട്രപതിക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയക്രമം നിശ്ചയിച്ചുകൊണ്ട് തമിഴ്‌നാട് കേസിൽ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അന്ന് വ്യക്തമാക്കിയിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറോ രാഷ്ട്രപതിയോ കൈകാര്യം ചെയ്തതിൽ മൗലികാവകാശ ലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് റിട്ട് ഹർജി നൽകാനാവില്ലെന്നാണ് കേന്ദ്രത്തിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്.
ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ അഭിപ്രായമറിയാൻ രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രപതിയോ ഗവർണറോ കോടതിയിൽ മറുപടി പറയാൻ ബാധ്യസ്ഥരല്ലെന്ന ഭരണഘടനയുടെ 361-ാം അനുച്ഛേദത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിലപാടറിയിക്കണം. ഭാവിയിലും ഉയർന്നുവരാവുന്ന പ്രശ്നമാണിതെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. കർത്തവ്യം നിർവഹിച്ചില്ലെന്ന കാരണത്താൽ ഒരു ഭരണഘടനാസ്ഥാപനത്തിന് നിർദേശം നൽകാൻ മറ്റൊരു ഭരണഘടനാ സ്ഥാപനമായ കോടതിക്ക് അവകാശമില്ലെന്ന് തുഷാർ മേത്ത പറഞ്ഞു.
അങ്ങനെയെങ്കിൽ ഈ കോടതി 10 വർഷത്തിനുള്ളിൽ വിഷയം തീർപ്പാക്കിയില്ലെങ്കിൽ, രാഷ്ട്രപതി ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് ന്യായീകരിക്കപ്പെടുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വേഗത്തിൽ തീരുമാനമെടുക്കുക എന്നതാണ് ഭരണഘടനാശിൽപികൾ ഉദ്ദേശിച്ചത്. അവരുടെ പ്രതീക്ഷകളെ നമുക്ക് അവഗണിക്കാൻ കഴിയുമോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates