ന്യൂഡൽഹി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു. രാഷ്ട്രപതി ഭരണത്തിനുള്ള ശുപാർശ ബുധനാഴ്ച കേന്ദ്ര കാബിനറ്റ് അംഗീകരിച്ചിരുന്നു. പിന്നാലെയാണ് രാഷ്ട്രപതി ഭരണം നിലവിൽ വന്നത്.
നേരത്തെ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി രാജിവെച്ചിരുന്നു. മുഖ്യമന്ത്രി രാജിവെക്കുകയും സർക്കാർ രൂപീകരിക്കാൻ ആരും അവകാശവാദം ഉന്നയിക്കാതിരിക്കുകയും ചെയ്തതോടെയാണ് നിയമസഭ പിരിച്ചുവിടാൻ ലഫ്. ഗവർണർ ശുപാർശ ചെയ്തത്. ഇത് പ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഭ പിരിച്ചുവിട്ടു. മൂന്ന് മാസത്തിനുള്ളിൽ പുതുച്ചേരിയിൽ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.
26 അംഗ സഭയിൽ നിന്ന് അഞ്ച് കോൺഗ്രസ് എംഎൽഎമാരും ഒരു ഡിഎംകെ എംഎൽഎയും ഉൾപ്പെടെ ആറ് എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് പുതുച്ചേരിയിൽ നാരായണസ്വാമി സർക്കാർ വീണത്. 26 അംഗ സഭയിൽ 14 ആണ് ഭൂരിപക്ഷം. ആറ് എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ കോൺഗ്രസ് സർക്കാരിന്റെ അംഗബലം 12 ആയി കുറഞ്ഞു.
ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസവോട്ടടെടുപ്പിന് മുന്നോടിയായി വി നാരായണസ്വാമിയും ഭരണപക്ഷ എംഎൽഎമാരും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് വിശ്വാസം നേടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates