പട്‌ന: രണ്ട് പതിറ്റാണ്ടിലേറെ ബിഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. നാളെ രാവിലെ ബിഹാറിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതോടെ 67 വര്‍ഷമായി ബിഹാര്‍ രാഷ്ട്രീയത്തിലെ മറ്റൊരു ശാപത്തിന് കൂടി അന്ത്യമാകുകയാണ്. ഇതിന് മുമ്പ് ഉപമുഖ്യമന്ത്രി സ്ഥാനത്തിരുന്ന ഒരാള്‍ മുഖ്യമന്ത്രിയായ ചരിത്രം ബിഹാറില്‍ ഒരിക്കല്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അത് കര്‍പ്പൂരി ഠാക്കൂറിന് മാത്രമായിരുന്നു. അദ്ദേഹത്തിന് ശേഷം മറ്റൊരു ഉപമുഖ്യമന്ത്രിക്കും മുഖ്യമന്ത്രി കസേരയിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ആ ചരിത്രമാണ് ചൗധരി തിരുത്തിക്കുറിച്ചത്.
ബിഹാറിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശകുനി ചൗധരിയുടെ മകനായ സാമ്രാട്ട് ചൗധരി, പ്രതിസന്ധികളെ അതിജീവിച്ച ചരിത്രമാണ് അദ്ദേഹത്തിന്റെത്. 1990 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം 90ല്‍ രാബ്‌റി ദേവി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായാണ് തുടക്കം. 2000ലും 2010ലും പര്‍ബട്ട മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. അക്കാലയളവില്‍ നിയമസഭയില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ ചീഫ് വിപ്പായി. 2014 ജൂണ്‍ 2-ന്, സത്യപ്രതിജ്ഞ ചെയ്ത ബീഹാര്‍ സര്‍ക്കാരില്‍ നഗരവികസന, ഭവനനിര്‍മ്മാണ വകുപ്പിന്റെ മന്ത്രിയായി ചുമതലയേറ്റു.
2018ലാണ് സാമ്രാട്ട് ചൗധരിയുടെ ഭാരതീയ ജനതാ പാര്‍ട്ടിയിലേക്കുള്ള പ്രവേശനം. സംസ്ഥാന വൈസ് പ്രസിന്റായിട്ടായിരുന്നു നിയമനം. ബിജെപിയില്‍ എത്തിയതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പുതിയ ഉയരങ്ങളിലേക്ക് കുതിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിതനായ അദ്ദേഹം പിന്നീട് ഉപമുഖ്യമന്ത്രിയായും ബിഹാറിലെ ബിജെപിയുടെ മുഖമായും മാറി.
ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിതനായ ശേഷം സാമ്രാട്ട് ചൗധരി നിതീഷ് കുമാറിനെതിരെ ശക്തമായ രാഷ്ട്രീയ നീക്കങ്ങളാണ് നടത്തിയത്. അത് ബിജെപിക്ക് ബിഹാര്‍ രാഷ്ട്രീയത്തില്‍ വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു. നിതീഷ് കുമാര്‍ വാഗ്ദാനം നല്‍കിയ പത്ത് ലക്ഷം തൊഴില്‍ വാഗ്ദാനം പാലിക്കാത്തതിനെതിരെയും അധ്യാപക നിയമന നയത്തിനെതിരെയും ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിന് ചൗധരി നേതൃത്വം നല്‍കി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അധികാരത്തില്‍ നിന്നും താഴെയിറക്കിയശേഷം മാത്രമേത തലപ്പാവ് അഴിക്കുകയുള്ളുവെന്ന് നേരത്തെ പ്രതിജ്ഞ ചെയ്തിരുന്നു. വീണ്ടും നിതീഷ് കുമാര്‍ എന്‍ഡിഎയില്‍ എത്തിയതോടെ 2024ല്‍ അയോധ്യയിലെത്തി തലപ്പാവ് നീക്കം ചെയ്തു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുശ്വാഹ സമുദായത്തിന്റെ വോട്ടുകള്‍ ബിജെപിയിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് 2024 ജൂലൈ 26-ന് അദ്ദേഹത്തെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി പകരം ദിലീപ് കുമാര്‍ ജയ്സ്വാളിനെ പുതിയ അധ്യക്ഷനായി നിയമിച്ചു. തുടര്‍ന്ന് സാമ്രാട്ട് ചൗധരി നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates