ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയില്‍ ചര്‍ച്ച നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. വരുന്ന ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പത്ത് മണിക്കൂര്‍ നേരം പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കും. ഉടന്‍ ചര്‍ച്ചയാവശ്യപ്പെട്ട് കടുത്ത പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായി സ്തംഭിപ്പിച്ചിരുന്നു.
വോട്ടര്‍ പട്ടിക പരിഷ്‌കരണമെന്ന പേരിലല്ല മറിച്ച് തെരഞ്ഞെടുപ്പ് പരിഷ്‌കാരമെന്ന പേരിലാകും ചര്‍ച്ച നടത്തുക. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ചര്‍ച്ച നടക്കും. വോട്ടര്‍ പട്ടികയില്‍ ചര്‍ച്ചക്ക് തയ്യാറായെന്ന് പറയുമ്പോഴും സര്‍ക്കാര്‍ അജണ്ടയായ വന്ദമാതരത്തിന്റെ നൂറ്റിയമ്പതാം വാര്‍ഷികമെന്ന വിഷയത്തില്‍ ആദ്യം ചര്‍ച്ച നടത്താനാണ് തീരുമാനം.
നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ബുധനാഴ്ച ചര്‍ച്ചക്ക് മറുപടി നല്‍കും. ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല. എന്നാല്‍ അമിത് ഷാ സംസാരിക്കും. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായതോടെ നാളെ മുതല്‍ സഭയില്‍ ബഹളമുണ്ടാകില്ലെന്ന ഉറപ്പ് പ്രതിപക്ഷം നല്‍കിയിട്ടുണ്ടെന്നാണ് സ്പീക്കര്‍ പറയുന്നു. വോട്ട് കള്ളന്‍ സിംഹാസനം ഒഴിയൂ എന്ന മുദ്രാവാക്യവുമായി ഇരുസഭകളും കഴിഞ്ഞ രണ്ട് ദിവസമായി പ്രതിപക്ഷം സ്തംഭിപ്പിക്കുകയായിരുന്നു.
28 ബിഎല്‍ഒമാര്‍ മരിച്ചെന്നും എന്നിട്ടും എസ്‌ഐആര്‍ തുടരുകയാണെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ ആശങ്ക പ്രകടിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates