ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ( എസ്‌ഐആര്‍ ) ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് യോഗം. കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാർ, നിയമസഭാ കക്ഷി നേതാക്കൾ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും. എസ്ഐആറുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആശങ്കകൾ യോഗം വിശദമായി ചർച്ച ചെയ്യും. എസ്ഐആറിനെതിരായ തുടർ പ്രതിഷേധ പരിപാടികൾക്കും യോഗം രൂപം നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.
എസ്ഐആർ നടപടികൾക്കെതിരെ പാർട്ടി കോടതിയെ സമീപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സൂചിപ്പിച്ചിരുന്നു. എസ്ഐആർ നിർത്തിവെക്കണമെന്ന ആവശ്യവുമായി കേരള സർക്കാറും മുസ്ലിം ലീഗും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കണ്ണൂർ ഏറ്റുകുടുക്കയിൽ ജോലി സമ്മർദം മൂലം അനീഷ് ജോർജ് എന്ന ബിഎൽഒ ജീവനൊടുക്കിയതിനെത്തുടർന്നുള്ള സംസ്ഥാന വ്യാപക പ്രതിഷേധം മൂലം എസ്ഐആർ ഫോം വിതരണം മന്ദഗതിയിലായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates