ന്യൂഡൽഹി: "മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ യാതൊരുവിധ അനുമതിയും നൽകിയിട്ടില്ല, ഇക്കാര്യത്തിൽ വളരെ വ്യക്തതയുണ്ടാകണം" – വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6-ൽ വരുത്തിയ വിവാദ ഭേദഗതികളിലും സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികളിലും നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി. ഫോം 6-ൽ കൊണ്ടുവന്ന മാറ്റങ്ങൾ സുപ്രീം കോടതി ശരിവെച്ചിട്ടുണ്ടെന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദങ്ങൾ പൂർണ്ണമായി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരസ്യമായി നിലപാട് വ്യക്തമാക്കിയത്.
പുതിയ വോട്ടർമാരെ ചേർക്കുന്നതിനായുള്ള ഫോം 6-ൽ 2025-ലും തുടർന്ന് 2026 ജൂലൈയിലും വരുത്തിയ മാറ്റങ്ങളുടെയും, ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ട മുഴുവൻ നയപരമായ തീരുമാനങ്ങളുടെയും പൂർണ്ണ രേഖകൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കമ്മീഷൻ നിയമം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
"ഔദ്യോഗിക രേഖകൾ കോടതിക്ക് മുന്നിൽ ഹാജരാക്കുമ്പോൾ, ഫോം 6-ൽ യഥാർത്ഥത്തിൽ മാറ്റങ്ങൾ വരുത്തിയത് ആരാണെന്ന് ഞങ്ങൾക്ക് നേരിട്ട് കാണണം," ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പുതിയ വോട്ടർമാരെ ചേർക്കുന്നതിനായുള്ള ഫോം 6-ൽ 2025-ലും തുടർന്ന് 2026 ജൂലൈയിലും വരുത്തിയ മാറ്റങ്ങളുടെയും, ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ട മുഴുവൻ നയപരമായ തീരുമാനങ്ങളുടെയും പൂർണ്ണ രേഖകൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അതേസമയം, മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. കമ്മീഷന്റെ ഭാഗം കേൾക്കാതെ അത്തരമൊരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. തുടർന്ന് കേന്ദ്ര സർക്കാർ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി, ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ്, ഡിജി (ഐടി) സീമ ഖന്ന എന്നിവർക്ക് വിശദീകരണം തേടി സുപ്രീം കോടതി നോട്ടീസ് അയച്ചു.
സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട 14 സുപ്രധാന നയപരമായ തീരുമാനങ്ങൾ മറ്റ് രണ്ട് കമ്മീഷണർമാരുടെയും വിയോജിപ്പുകൾ അവഗണിച്ച് കമ്മീഷന്റെ പേരിൽ സിഇസി ഗ്യാനേഷ് കുമാർ സ്വന്തം നിലയിൽ ഏകപക്ഷീയമായി കൈക്കൊണ്ടുവെന്നപത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് ഹർജികൾ സമർപ്പിക്കപ്പെട്ടത്. ഹർജിക്കാരനായ രാകേഷ് കുമാർ സിംഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ്, വോട്ടവകാശത്തെക്കുറിച്ച് പൗരന്മാർ വലിയ അരക്ഷിതാവസ്ഥയിലാണെന്നും സിഇസിയെ ഉടനടി സസ്പെൻഡ് ചെയ്യണമെന്നും വാദിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ആക്ട് സെക്ഷൻ 18 പ്രകാരം കമ്മീഷനിലെ തീരുമാനങ്ങൾ ഏകകണ്ഠമായോ ഭൂരിപക്ഷ പിന്തുണയോടെയോ ആയിരിക്കണമെന്ന നിയമം ഇവിടെ പൂർണ്ണമായും ലംഘിക്കപ്പെട്ടുവെന്നും, സുപ്രീം കോടതി അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നാട് കത്തുമെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ സിഇസിയെ പെട്ടെന്ന് സസ്പെൻഡ് ചെയ്താൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം പൂർണ്ണമായി സ്തംഭിക്കുമെന്നും പിന്നെ ആരാണ് തെരഞ്ഞെടുപ്പുകൾ നടത്തുകയെന്നും ചീഫ് ജസ്റ്റിസ് ബെഞ്ച് ചോദിച്ചു. മറ്റുള്ളവരുടെ ഭാഗം കേൾക്കാതെ പത്രവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ കോടതിക്ക് ഇത്തരം നടപടികളിലേക്ക് കടക്കാനാകില്ലെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. ഫയലുകൾ പരിശോധിക്കുമ്പോൾ നിയമവിരുദ്ധമായ തീരുമാനങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടാൽ ആ തീരുമാനങ്ങൾ അസാധുവാക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.
സമാനമായ ആവശ്യങ്ങളുമായി അഡ്വ. ശൈലേന്ദ്ര മണി ത്രിപാഠി നൽകിയ മറ്റൊരു ഹർജിയിലും കോടതി നോട്ടീസ് അയച്ചു. മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമിയാണ് ഈ ഹർജിയിൽ ഹാജരായത്. 2025 ഒക്ടോബറിനും 2026 ആഗസ്റ്റിനും ഇടയിൽ 14 സുപ്രധാന വിഷയങ്ങളിൽ കമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും സിഇസി ഏകപക്ഷീയമായി മുന്നോട്ടുപോയെന്നാണ് പ്രധാന ആക്ഷേപം. രാജ്യവ്യാപകമായി 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടി വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെക്കുറിച്ച് വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും ഹർജികളിൽ ആവശ്യപ്പെടുന്നുണ്ട്. ഫോം 6-ൽ അനധികൃത ഭേദഗതി വരുത്തൽ, ഇസിഐ-നെറ്റ് ഡാറ്റാബേസ് കേന്ദ്രീകരണത്തിലെ ക്രമക്കേടുകൾ, പശ്ചിമ ബംഗാളിൽ വോട്ടർമാരെ ഒഴിവാക്കാനായി കമ്മീഷന്റെ പേരിൽ 16.10 ലക്ഷം അപ്പീലുകൾ സമർപ്പിക്കൽ എന്നിവയിൽ ആർപി ആക്ട് സെക്ഷൻ 32 പ്രകാരം ക്രിമിനൽ കേസെടുത്ത് പ്രോസിക്യൂഷൻ നടപടി ആരംഭിക്കണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്ഐആർ പ്രക്രിയയുടെ ഭാഗമായി പുതിയ വോട്ടർമാർ തങ്ങളുടെ മാതാപിതാക്കളുടെയോ പൂർവ്വികരുടെയോ പേരുകൾ മുൻകാല വോട്ടർപട്ടികയിലുണ്ടെന്ന് തെളിയിക്കുന്ന അധിക രേഖകൾ സമർപ്പിക്കണമെന്ന ഓൺലൈൻ ഡിക്ലറേഷൻ ഏർപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. 1960-ലെ റജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ് പ്രകാരമുള്ള നിയമപരമായ രേഖയാണ് ഫോം 6 എന്നും, നിയമത്തിൽ ഔദ്യോഗിക ഭേദഗതി വരുത്താതെ ഇത്തരം അധിക നിബന്ധനകൾ ഏർപ്പെടുത്തുന്നത് ചട്ടവിരുദ്ധമാണെന്നും വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ഇതിനെതിരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇവരുടെ എതിർപ്പുകൾ തള്ളിയാണ് സിഇസി ഏകപക്ഷീയമായി മാറ്റങ്ങൾ നടപ്പാക്കിയതെന്നാണ് പ്രധാന ആക്ഷേപം.
2025 ജൂണിലെ ഉത്തരവിലൂടെ 'അനക്സർഷർ ഡി' എന്ന പേരിൽ കൊണ്ടുവന്ന ഈ അധിക നിബന്ധന, 2026 ജൂലൈയിൽ ഓൺലൈൻ ഫോം 6 പ്രക്രിയയുടെ നിർബന്ധിത ഭാഗമായി മാറ്റുകയായിരുന്നു. ബീഹാർ എസ്ഐആർ കേസിലെ സുപ്രീം കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് കോടതി അംഗീകാരം നൽകിയിട്ടുണ്ടെന്നായിരുന്നു കമ്മീഷന്റെ മുൻ വിശദീകരണം. എന്നാൽ ഈ വാദം അപ്പാടെ തള്ളിയ സുപ്രീം കോടതി, ഫയലുകൾ പരിശോധിച്ച് നടപടിക്രമങ്ങളിൽ അപാകതയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates