ന്യൂഡല്‍ഹി: മധ്യപ്രദേശ് ധാറിലെ ഭോജ്ശാല സരസ്വതീക്ഷേത്രമാണെന്നുള്ള മധ്യപ്രദേശ് ഹൈക്കോടതി വിധിയില്‍ മുസ്ലീംങ്ങളുടെ അപ്പീല്‍ കേള്‍ക്കാന്‍ തയ്യാറായി സുപ്രീംകോടതി. ഭോജ്ശാല എന്നത് അതീവ വൈകാരികമായ ഒരു വിഷയമായതിനാല്‍ ഹിന്ദു, മുസ്ലിം വിഭാഗങ്ങള്‍ ക്ഷമയോടെയിരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹര്‍ജി കേട്ട് പരിഹരിക്കാന്‍ തയ്യാറാണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഈ സ്ഥലത്ത് നിസ്‌കാരം നടത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ പരമോന്നത കോടതി വിസമ്മതിച്ചു.
വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1 മണിക്കും 3 മണിക്കും ഇടയില്‍ മുസ്ലീങ്ങള്‍ക്ക് പ്രാര്‍ഥിക്കുന്നതിനായി ഈ സ്ഥലത്തിന് തൊട്ടടുത്തുള്ള ഒരു തുറസ്സായ സ്ഥലം ലഭ്യമാക്കാന്‍ കോടതി മധ്യപ്രദേശ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതിയുടെ അനുമതിയില്ലാതെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ യാതൊരുവിധ ഘടനാപരമായ മാറ്റങ്ങളും വരുത്തരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.
തര്‍ക്കഭൂമിയായ ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ മെയ് മാസത്തിലെ ഉത്തരവിനെയാണ് മുസ്ലീം വിഭാഗം ചോദ്യം ചെയ്തിരിക്കുന്നത്. സമുച്ചയത്തില്‍ നിസ്‌കരിക്കാനുള്ള അവകാശത്തിനായി മുസ്ലിം പക്ഷം ശക്തമായി വാദിച്ചു. ഉപയോഗിക്കുന്ന ഓരോ വാക്കുകളിലും തങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഭോജ്ശാല പരിസരത്ത് വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥന നടത്താന്‍ മുസ്ലീങ്ങള്‍ക്ക് അനുമതി നല്‍കിയ 2003-ലെ ഉത്തരവ് ഈ വര്‍ഷം മെയ് മാസത്തില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഭോജ്ശാലയില്‍ ഒരു സംസ്‌കൃത പഠന കേന്ദ്രത്തിന്റെയും സരസ്വതി ദേവിയുടെ ക്ഷേത്രത്തിന്റെയും സൂചനകളുണ്ടെന്ന് ഹൈക്കോടതി വിധിയില്‍ നിരീക്ഷിച്ചിരുന്നു. ഹിന്ദു സമൂഹം ഭോജ്ശാലയെ വാഗ്‌ദേവിക്ക് (സരസ്വതി ദേവി) സമര്‍പ്പിക്കപ്പെട്ടതും പണ്ഡിതനായ രാജാ ഭോജ് നിര്‍മ്മിച്ചതുമായ ഒരു ക്ഷേത്രമായി കണക്കാക്കുമ്പോള്‍, ഈ സ്ഥലം നൂറ്റാണ്ടുകളായി കമല്‍ മൗല മസ്ജിദായി പ്രവര്‍ത്തിച്ചിരുന്നതാണെന്നാണ് മുസ്ലിം പക്ഷം വാദിക്കുന്നത്. നേരത്തെ ഹിന്ദുക്കള്‍ ചൊവ്വാഴ്ചയും വെള്ളിയാഴ്ച മുസ്ലീംങ്ങളും ഇവിടെ പ്രാര്‍ഥനകള്‍ നടത്തി വരികയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹിന്ദു വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും സമുച്ചയത്തില്‍ തങ്ങള്‍ക്ക് മാത്രമായി ആരാധനാ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
2024 മാര്‍ച്ച് 11-നാണ് ഭോജ്ശാല ക്ഷേത്രം-കമല്‍ മൗല മസ്ജിദ് സമുച്ചയത്തില്‍ ശാസ്ത്രീയ സര്‍വേ നടത്താന്‍ ഹൈക്കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യോട് ഉത്തരവിട്ടത്. ആ വര്‍ഷം മാര്‍ച്ച് 22-ന് എഎസ്‌ഐസര്‍വേ ആരംഭിക്കുകയും 98 ദിവസം നീണ്ടുനിന്ന വിശദമായ സര്‍വേയ്ക്ക് ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ധാറിലെ പാര്‍മര്‍ രാജാക്കന്മാരുടെ ഭരണകാലത്തുള്ള ഒരു കൂറ്റന്‍ നിര്‍മിതി പള്ളിക്ക് മുമ്പ്്അവിടെ ഉണ്ടായിരുന്നുവെന്നും, പിന്നീട് ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോഴുള്ള നിര്‍മിതി പണി കഴിപ്പിച്ചതെന്നും 2000ത്തിലധികം പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ശാസ്ത്രീയ സര്‍വേയ്ക്കിടെ എഎസ്‌ഐ കണ്ടെത്തിയ നാണയങ്ങളും ശില്പങ്ങളും ലിഖിതങ്ങളും ഈ സമുച്ചയം യഥാര്‍ത്ഥത്തില്‍ ഒരു ക്ഷേത്രമായിരുന്നുവെന്ന് തെളിയിക്കുന്നു എന്നാണ് ഹിന്ദു പക്ഷത്തിന്റെ അവകാശവാദം.എന്നാല്‍, എഎസ്‌ഐയുടെ സര്‍വേ റിപ്പോര്‍ട്ട് 'പക്ഷപാതപരമാണെന്നും' ഹിന്ദു സമൂഹത്തിലുള്ള ഹര്‍ജിക്കാരുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കാന്‍ വേണ്ടി തയ്യാറാക്കിയതാണെന്നുമാണ് മുസ്ലീം വിഭാഗം കോടതിയില്‍ വാദിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates