SC_Rahul 
India

രാഹുൽ ഗാന്ധിക്കെതിരായ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന പരാതി: അലഹബാദ് ഹൈക്കോടതി നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

സിബിഐയും ഇഡിയും ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകരുതെന്ന് ഇടക്കാല ഉത്തരവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന ആരോപണത്തിൽ സിബിഐ, ഇഡി അന്വേഷണങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിലെ അലഹബാദ് ഹൈക്കോടതി നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ആരോപണങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സിബിഐയോടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടും നിർദ്ദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ. ഹൈക്കോടതിയിൽ യാതൊരുവിധ റിപ്പോർട്ടുകളും സമർപ്പിക്കരുതെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി കേസ് ഓഗസ്റ്റ് 20-ലേക്ക് മാറ്റിയിരിക്കുകയാണെന്ന വിവരം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ്, സുപ്രീം കോടതിയുടെ തുടർ ഉത്തരവുണ്ടാകുന്നതുവരെ ഹൈക്കോടതിയിലെ എല്ലാ നടപടികളും നീട്ടിവെയ്ക്കാൻ ബെഞ്ച് ഉത്തരവിട്ടത്. നടപടികൾ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടും രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഹൈക്കോടതിയിലെ നടപടികൾ നിയമത്തിന് അന്യമായ രീതിയിലുള്ളതാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലാണെന്നും രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഹർജിക്കാരൻ രാഹുൽ ഗാന്ധിക്കെതിരെ നിരന്തരം കേസുകൾ നൽകുന്ന വ്യക്തിയാണെന്നും താനൊരു ആർഎസ്എസ് പ്രവർത്തകനാണെന്ന കാര്യം ഇയാൾ ഹൈക്കോടതിയിൽ നിന്ന് മനഃപൂർവ്വം മറച്ചുവെച്ചുവെന്നും സിബൽ ചൂണ്ടിക്കാട്ടി.

ഏതെങ്കിലും തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് മുൻപ് സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കാൻ കോടതി ബാധ്യസ്ഥമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നിരീക്ഷിച്ചു. അതീവ ഗുരുതരമായ ആരോപണങ്ങളാണെങ്കിൽ അന്വേഷണം നടത്താൻ സിബിഐയും ഇഡിയും എന്തിനാണ് കോടതി ഉത്തരവിനായി കാത്തിരിക്കുന്നതെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ചോദിച്ചു. തുടർന്ന് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി, ഹൈക്കോടതി നടപടികൾക്ക് സ്റ്റേ അനുവദിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

The Supreme Court on Monday directed the deferral of proceedings in the Allahabad High Court concerning a petition that sought CBI and ED investigations against Leader of the Opposition Rahul Gandhi over alleged disproportionate assets.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലു മാസത്തിനിടെ 22 വധശിക്ഷകള്‍; റെക്കോര്‍ഡിട്ട് യുപി ജഡ്ജി

99 റൺസ്, ലങ്കൻ നഷ്ടം 5 വിക്കറ്റുകൾ! സ്പിന്‍ മുറുക്കി ഇന്ത്യ

'ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി'; വൈകാരിക കുറിപ്പുമായി രഹ്ന, കമന്റുമായി സംയുക്ത വർമ

ഫ്‌ളിപ്കാര്‍ട്ടിനെതിരെ 1.33 ലക്ഷം പരാതി, തൊട്ടുപിന്നില്‍ ആമസോണും മീഷോയും; ഒറ്റ വര്‍ഷം ₹91 കോടി റീഫണ്ട്

ജില്ലയിൽ മാല പൊട്ടിക്കൽ സംഘം സജീവം; അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് പൊലീസ്