മധ്യഗ്രാമിൽ സുവേന്ദു അധികാരിയുടെ വിശ്വസ്തനായ ചന്ദ്രനാഥ് റഥ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബിജെപി എംഎൽഎ ശങ്കർ ഘോഷ് രംഗത്തെത്തി. ബുധനാഴ്ച രാത്രി കൊൽക്കത്തയിലെ ഉൾട്ടാഡംഗയിൽ നിന്ന് മടങ്ങുന്നതിനിടെ ചന്ദ്രനാഥുമായി ഫോണിൽ സംസാരിക്കുകയായിരുന്നു താനെന്ന് ശങ്കർ ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തെക്കുറിച്ചും ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടിയെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഫോണിന്റെ മറുതലയ്ക്കൽ ശബ്ദം മാറിയത്. ഫോണിലൂടെ ദീനരോധനങ്ങളും തുടർന്ന് വെടിയൊച്ചകളും കേട്ടതായും അതിനുശേഷം നിശബ്ദതയായിരുന്നുവെന്നും ശങ്കർ ഘോഷ് ഓർത്തെടുത്തു.
സംഭവം നടന്ന ഉടനെ പരിഭ്രാന്തനായ ശങ്കർ ഘോഷ് പലതവണ തിരിച്ചുവിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. 'നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ' എന്ന് ചോദിച്ച് സന്ദേശം അയച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മറ്റൊരാളാണ് ഫോണെടുത്ത് ചന്ദ്രനാഥിന് വെടിയേറ്റ വിവരം അറിയിച്ചത്. ഉടൻ തന്നെ സുവേന്ദു അധികാരിയെ വിവരമറിയിച്ച ശേഷം അദ്ദേഹം ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.
സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് സുവേന്ദു അധികാരി ആരോപിച്ചു. ഭവാനിപൂർ തിരഞ്ഞെടുപ്പിൽ താൻ മമത ബാനർജിയെ പരാജയപ്പെടുത്തിയതിന്റെ പകയാണ് തന്റെ വിശ്വസ്തനെ വധിക്കാൻ കാരണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ചന്ദ്രനാഥിന്റെ ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെത്തിയതായും ഇത് കൃത്യമായ തയ്യാറെടുപ്പോടെ നടത്തിയ കൊലപാതകമാണെന്ന് തെളിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കൻ 24 പർഗാനയിലെ മധ്യഗ്രാമിൽ ബുധനാഴ്ച രാത്രി 10:30-ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികൾ ചന്ദ്രനാഥിന്റെ വാഹനം തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രഥമ ബിജെപി സർക്കാ രിൻറെ സത്യപ്രതിജ്ഞക്കായി സംസ്ഥാനം ഒരുങ്ങുന്നതിനിടെ നടന്ന ഈ കൊലപാതകം ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.
English Summary: BJP MLA Shankar Ghosh has claimed he heard gunshots and groans during a live phone call with Chandranath Rath, a key aide to Suvendu Adhikari, moments before Rath was assassinated in Madhyamgram. The incident occurred while they were discussing high-level political visits. Suvendu Adhikari has alleged the murder was a premeditated act of political vengeance following the Bhabanipur election results.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates