ന്യൂഡല്‍ഹി : ചെങ്കോട്ടയില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരരുടെ വൈറ്റ് കോളര്‍ മൊഡ്യൂള്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ആക്രമണം എന്ന് റിപ്പോര്‍ട്ട്. അത്യാധുനിക ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങളാണ് ലക്ഷ്യമിട്ടത്. പരമാവധി നാശം വരുത്തുക ലക്ഷ്യമിട്ട് തിരക്കേറിയ സ്ഥലങ്ങളിൽ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ആക്രമണത്തിന് ഉപയോഗിക്കാനായിരുന്നു പദ്ധതി. ചെറിയ റോക്കറ്റുകള്‍ നിര്‍മ്മിക്കാനും പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ വ്യക്തമാക്കുന്നു.
2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേലിനെതിരെ ഇത്തരത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇന്നലെ അറസ്റ്റിലായ കശ്മീര്‍ സ്വദേശി ജസീര്‍ ബീലാല്‍ വാണി ഡ്രോണില്‍ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നല്‍കിയെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. വൈറ്റ് കോളര്‍ മൊഡ്യൂള്‍ നടത്തിയ ആക്രമണ ഗൂഢാലോചനയില്‍ ഇയാള്‍ക്കും പങ്കാളിത്തമുണ്ടെന്നും എന്‍ഐഎ സൂചിപ്പിച്ചു.
ചാവേറായ ഉമര്‍ നബി ഷൂസില്‍ ബോംബ് പൊട്ടിക്കാനുള്ള ട്രിഗര്‍ ഘടിപ്പിച്ചിരുന്നോ എന്നും എന്‍ഐഎ സംശയിക്കുന്നുണ്ട്. അതിനിടെ, അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹിദിന് ഭീകര സംഘടനയായ ലഷ്‌കര്‍ എ തയ്ബയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഷഹീന്‍ രണ്ടു കൊല്ലം സൗദി അറേബ്യയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. തുര്‍ക്കിക്ക് പുറമെ മാലദ്വീപിലേക്കും ഷഹീന്‍ യാത്ര ചെയ്തിട്ടുണ്ട് എന്നും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates