ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജിയില്‍ ഘടനാപരമായ വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) മാതൃകയില്‍ രണ്ടു ഘട്ടങ്ങളുള്ള പരീക്ഷാരീതിയും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറുന്നതും സജീവ പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ചോദ്യച്ചോര്‍ച്ചയേത്തുടര്‍ന്ന് പരീക്ഷാ പരിഷ്‌കാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കേന്ദ്രം സത്യവാങ്മൂലത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ജെഇഇ മെയിന്‍, ജെഇഇ അഡ്വാന്‍സ്ഡ് മാതൃകയില്‍ നീറ്റ് പരീക്ഷയും രണ്ടു ഘട്ടങ്ങളായി നടത്തണോ എന്ന കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം തേടുകയാണ്. നിലവിലുള്ള പേപ്പര്‍-പേന രീതിക്ക് പകരം കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറുന്നതും പരിശോധിച്ചുവരികയാണ്. പരീക്ഷാ സമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ രൂപീകരിച്ച നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര ടാസ്‌ക് ഫോഴ്സിന്റെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. സാങ്കേതികവിദ്യ, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, തുല്യത, അക്കാദമിക് വശങ്ങള്‍ എന്നിവ സമഗ്രമായി വിലയിരുത്തി മാത്രമായിരിക്കും പുതിയ മാതൃക നടപ്പിലാക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി.
എന്‍ടിഎ നടത്തുന്ന എട്ടില്‍ ഏഴ് പ്രധാന പരീക്ഷകളും (ജെഇഇ, സിയുഇടി, യുജിസി-നെറ്റ് തുടങ്ങിയവ) ഇതിനകം കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിലേക്ക് മാറിയിട്ടുണ്ട്. നിലവില്‍ നീറ്റ് യുജി മാത്രമാണ് ഒഎംആര്‍/ പേപ്പര്‍-പേന രീതിയില്‍ തുടരുന്നത്. എന്നാല്‍ 22 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എഴുതുന്ന നീറ്റ് പരീക്ഷയുടെ വ്യാപ്തിയും, ഗ്രാമീണ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെയും പെണ്‍കുട്ടികളുടെയും വലിയ പങ്കാളിത്തവും പരിഗണിക്കുമ്പോള്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സങ്കീര്‍ണമാണെന്ന് കേന്ദ്രം വ്യക്തമാക്കി.
കൂടാതെ, എംബിബിഎസ്, ബിഡിഎസ്, ആയുഷ്, വെറ്ററിനറി, നഴ്‌സിങ് തുടങ്ങി വിവിധ കോഴ്‌സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയാണിത്. ആരോഗ്യ മന്ത്രാലയത്തിനും നാഷണല്‍ മെഡിക്കല്‍ കമ്മീഷനും വേണ്ടിയാണ് പരീക്ഷ നടത്തുന്നതെന്നതിനാല്‍ എന്‍എംസി ആക്ട് പ്രകാരം ഇവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമേ മാറ്റങ്ങള്‍ നടപ്പാക്കൂ. പരീക്ഷാ രീതിയിലോ ക്രമത്തിലോ മാറ്റം വരുത്തുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ ഉറപ്പുനല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates