സഹാറൻപൂർ: ഉത്തർപ്രദേശിലെ സഹാറൻപൂർ സർക്യൂട്ട് ഹൗസിൽ സുപ്രീം കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്ക് പൊലീസ് ഉദ്യോഗസ്ഥർ ഗാർഡ് ഓഫ് ഓണർ നൽകി. ശനിയാഴ്ച രാവിലെയാണ് പൊലീസിന് വൻ അബദ്ധം പിണഞ്ഞത്. ഗുരുതരമായ പ്രോട്ടോക്കോൾ വീഴ്ചയായി കണക്കാക്കപ്പെടുന്ന ഈ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.
സർക്യൂട്ട് ഹൗസിൽ എത്തേണ്ടിയിരുന്ന സുപ്രീം കോടതി ജഡ്ജിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾക്കായാണ് പൊലീസ് സംഘം രാവിലെ സ്ഥലത്തെത്തിയത്. എന്നാൽ ജഡ്ജി എത്തുന്നതിന് മുൻപായി അസദുദ്ദീൻ ഒവൈസിയും വാഹനവ്യൂഹവും സർക്യൂട്ട് ഹൗസിലേക്ക് എത്തുകയായിരുന്നു. ഇതോടെ, ജഡ്ജിയാണ് എത്തിയതെന്ന് തെറ്റിദ്ധരിച്ച പൊലീസ് ഉദ്യോഗസ്ഥർ ഒവൈസിക്ക് ഔദ്യോഗിക സല്യൂട്ടായ ഗാർഡ് ഓഫ് ഓണർ നൽകുകയായിരുന്നു. ഒവൈസി നിശ്ചലനായി നിന്ന് പൊലീസിന്റെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.
ഒവൈസിയുടെ സർക്യൂട്ട് ഹൗസ് സന്ദർശനം മുൻകൂട്ടി നിശ്ചയിച്ച പരിപാടിയുടെ ഭാഗമായിരുന്നില്ലെന്നും അദ്ദേഹം അപ്രതീക്ഷിതമായാണ് അവിടെ എത്തിയതെന്നുമാണ് പ്രാദേശിക വൃത്തങ്ങൾ നൽകുന്ന വിവരം. ആസാദ് സമാജ് പാർട്ടി (കാൻഷിറാം) അധ്യക്ഷൻ ചന്ദ്രശേഖർ ആസാദിനൊപ്പമാണ് ഒവൈസി സഹാറൻപൂരിൽ എത്തിയത്. 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുനേതാക്കളും ചേർന്ന് രൂപീകരിച്ച സമാജിക് പരിവർത്തൻ മോർച്ച എന്ന പുതിയ രാഷ്ട്രീയ മുന്നണിയുടെ സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇവർ ജില്ലയിലെത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ ചർച്ചകൾക്ക് വഴിവെച്ചു. അതിഥി ആരാണെന്ന് കൃത്യമായി തിരിച്ചറിയുന്നതിൽ പൊലീസിനുണ്ടായ ജാഗ്രതക്കുറവിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സീനിയർ റൂറൽ എസ്പിയ്ക്ക് സൂപ്രണ്ട് ഓഫ് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ ലഭിക്കുന്ന വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് സഹാറൻപൂർ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates