ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് രാജിവെച്ചെന്ന വാര്‍ത്ത വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നിഷേധിച്ചു. ചമ്പത് റായ് രാജിവെച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും സംഘടനാ വക്താവ് വിജയ്ശങ്കര്‍ തിവാരി പ്രതികരിച്ചു.
സംഭാവന തട്ടിപ്പ് കേസില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ചമ്പത് റായുടെ രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ചമ്പത് റായുടെ പേര് ഉള്‍പ്പെട്ടിട്ടില്ല. വിഎച്ച്പി അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി വന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമസൃഷ്ടിയാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം എന്നതുപോലെ, നിരപരാധികളെ ഇതിലേക്ക് വലിച്ചിഴയ്ക്കാനും പാടില്ല. അന്വേഷണവുമായി ചമ്പത് റായ് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും വിഎച്ച്പി നേതൃത്വം അറിയിച്ചു.
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനാ ഫണ്ടുകളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുകയാണ്. സംഭാവന പെട്ടികളില്‍ നിന്നുള്ള പണം അപഹരിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി ഉണ്ടായത്. കേസില്‍ ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി തിങ്കളാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.
മുന്‍ ട്രസ്റ്റി കാമേശ്വര്‍ ചൗപാലിന്റെ നിര്യാണത്തെ തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ ട്രസ്റ്റില്‍ അംഗമായ കൃഷ്ണ മോഹനാണ് പൊലീസില്‍ പരാതി നല്‍കിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ കേസില്‍ പ്രതികളായ എട്ട് പേരെയും ഉത്തര്‍പ്രദേശ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രാമാശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കര്‍ യാദവ് എന്ന ടിന്നു എന്നിവരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. കള്ളത്തരം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന പണവും മറ്റ് വഴിപാടുകളും കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജൂണ്‍ 13-നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കാണിക്കപ്പണം എണ്ണുന്നതിലും അത് ബാങ്കില്‍ നിക്ഷേപിക്കുന്നതിലും ഗുരുതരമായ സുരക്ഷാവീഴ്ചകള്‍ ഉണ്ടായതായി എസ്‌ഐടിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ജീവനക്കാരുടെ നിരീക്ഷണം കൃത്യമായി നടത്തിയില്ല, സിസിടിവി നിരീക്ഷണത്തിലെ പോരായ്മകള്‍, പണം ട്രസ്റ്റ് ഓഫിസിലേക്ക് മാറ്റുന്നതിലെ സുതാര്യതക്കുറവ് എന്നിവയാണ് പ്രധാനമായും അന്വേഷണസംഘം കണ്ടെത്തിയത്. കൂടാതെ പണം എണ്ണാന്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ്ണം, വെള്ളി, വിലപിടിപ്പുള്ള ആഭരണങ്ങള്‍ എന്നിവയുടെ സ്റ്റോക്ക് വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയുടെ രേഖകളും എസ്‌ഐടി പരിശോധിച്ചുവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates