ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മറുപടി നൽകും. വൈകീട്ട് മൂന്നിന് ഡൽഹിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ കമ്മീഷൻ കാര്യങ്ങൾ വിശദീകരിക്കുക. രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിൽ വിവാദം ശക്തമാണ്.
രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് മോഷണം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കമ്മീഷന്‍ ഔദ്യോഗികമായി മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തില്‍ കമ്മീഷന്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതു സംബന്ധിച്ച് വിവരങ്ങളും പങ്കുവയ്‌ച്ചേയ്ക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലും, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടെ ക്രമക്കേട് നടന്നു. ബിജെപി നടത്തിയ വോട്ട് മോഷണത്തിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ ഒത്താശ ഉണ്ടായിരുന്നു എന്നിങ്ങനെയുള്ള ആരോപണമാണ് രാഹുല്‍ ഡല്‍ഹിയില്‍ നടത്തിയ വിശദമായ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. വിഷയത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വിശദീകരണം ചോദിച്ചതല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനം ഉള്‍പ്പെടെ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇന്നത്തെ നിര്‍ണായക വാര്‍ത്താസമ്മേളനം.
അതേസമയം, ആരോപണത്തില്‍ രാജ്യവ്യാപക പ്രചാരണത്തിന് രാഹുല്‍ ഗാന്ധി പദ്ധതിയിടുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രതികരണത്തിന് പ്രസക്തിയേറുന്നത്. രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നേതൃത്വം നല്‍കുന്ന വോട്ട് അധികാര്‍ യാത്രയ്ക്കും ഇന്ന് തുടക്കമാകുകയാണ്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം.
ബിഹാറിലെ സാസാരാമില്‍ നിന്ന് തുടങ്ങി ഈ മാസം 30 ന് അറയില്‍ സമാപിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. രണ്ടാഴ്ച കൊണ്ട് ബിഹാറിലെ ഗയ, മുംഗേര്‍, ഭഗല്‍പുര്‍, കടിഹാര്‍, പുര്‍ണിയ, മധുബനി, ധര്‍ഭംഗ, പശ്ചിം ചമ്പാരന്‍ മേഖകളിലൂടെ കടന്നു പോകുന്ന യാത്ര 30 നിയമസഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ അധികാര്‍ റാലിയില്‍ പങ്കെടുക്കും.
വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പ്രചാരണവും കോണ്‍ഗ്രസ് ശക്തമാക്കിക്കഴിഞ്ഞു. 'ലാപതാ വോട്ട്' എന്ന പേരില്‍ പുതിയ വിഡിയോ രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. തന്റെ വോട്ട് മോഷണം പോയി എന്ന പരാതിയുമായി ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തങ്ങളുടെ വോട്ടും ചോര്‍ന്നിട്ടുണ്ടാകുമോ എന്ന സംശയത്തിലേക്ക് എത്തുന്ന ഉദ്യോഗസ്ഥരിലാണ് വിഡിയോ അവസാനിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates