സുവേന്ദു അധികാരി File Photo
India

ബംഗാളിൽ 'ഗുണ്ടാ നിയമം' പ്രാബല്യത്തിൽ; വിചാരണയില്ലാതെ തടങ്കലിനും അക്രമികളുടെ സ്വത്ത് കണ്ടുകെട്ടാനും അധികാരം

പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ സുവേന്ദു അധികാരി സർക്കാർ നിയമങ്ങൾ നടപ്പിലാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സംഘടിത കുറ്റകൃത്യങ്ങളും അക്രമ സ്വഭാവമുള്ള പ്രതിഷേധങ്ങളും അടിച്ചമർത്തുകയെന്ന ലക്ഷ്യത്തോടെ ബിജെപി സർക്കാർ കൊണ്ടുവന്ന രണ്ട് വിവാദ നിയമങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. സംശയിക്കപ്പെടുന്ന കുറ്റവാളികളെ വിചാരണയില്ലാതെ കരുതൽ തടങ്കലിൽ വെയ്ക്കാനും, ഹർത്താലുകളിലും അക്രമ സമരങ്ങളിലും പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടം ഈടാക്കാൻ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്യാനും അധികാരം നൽകുന്നതാണ് പുതിയ നിയമങ്ങൾ.

'ഗുണ്ടാ വിരുദ്ധ നിയമം' എന്നറിയപ്പെടുന്ന 'വെസ്റ്റ് ബംഗാൾ പബ്ലിക് സേഫ്റ്റി ആൻഡ് കൺട്രോൾ ഓഫ് ആന്റി-സോഷ്യൽ ആക്റ്റിവിറ്റീസ് ആക്ട് 2026', 'വെസ്റ്റ് ബംഗാൾ മെയിന്റനൻസ് ഓഫ് പബ്ലിക് ഓർഡർ (ഭേദഗതി) ആക്ട് 2026' എന്നിവയാണ് പ്രാബല്യത്തിലായത്. കഴിഞ്ഞ ജൂൺ 29-നാണ് ഈ നിയമങ്ങൾ ബംഗാൾ നിയമസഭ പാസാക്കിയത്.

12 മാസം വരെ വിചാരണയില്ലാത്ത തടവ്; 'ഗുണ്ട' എന്ന നിർവചനത്തിന് വിപുലമായ മാറ്റം

പുതിയ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റുമാർക്കും (DM) പൊലീസ് കമ്മീഷണർമാർക്കും ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് കരുതുന്ന വ്യക്തികളെ 12 മാസം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വയ്ക്കാൻ ഉത്തരവിടാം. ഈ കരുതൽ തടങ്കൽ ഉത്തരവിന് 15 ദിവസത്തിനകം സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിക്കണം. കൂടാതെ സിറ്റിംഗ് അല്ലെങ്കിൽ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ അഡ്വൈസറി ബോർഡ് മൂന്ന് ആഴ്ചയ്ക്കകം ഈ ഉത്തരവ് പുനഃപരിശോധിക്കുകയും വേണം. പുതിയ നിയമത്തിൽ 'ഗുണ്ട' എന്ന നിർവചനം വളരെ വിപുലമാക്കിയിട്ടുണ്ട്. സ്ഥിരം അക്രമകാരികൾക്ക് പുറമെ, സംഘടിത കുറ്റകൃത്യ സിൻഡിക്കേറ്റുകളിൽ ഉള്ളവർ, അത്തരം സംഘങ്ങൾക്ക് പണം നൽകുന്നവർ, ആയുധ നിയമം, സ്ഫോടകവസ്തു നിയമം, ലഹരിമരുന്ന് നിയമം എന്നിവയിൽ ആവർത്തിച്ച് കുറ്റകൃത്യം ചെയ്യുന്നവർ, പൊതുസമൂഹത്തിന് അപകടകാരികളായവർ എന്നിവരെല്ലാം ഇതിന്റെ പരിധിയിൽ വരും.

കുറ്റവാളികളെന്ന് സംശയിക്കുന്നവരെ ഒരു വർഷം വരെ പ്രത്യേക പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കാൻ മജിസ്‌ട്രേറ്റുമാർക്കും കമ്മീഷണർമാർക്കും അധികാരമുണ്ടാകും. ഈ നിയമപ്രകാരമുള്ള എല്ലാ കുറ്റങ്ങളും ജാമ്യമില്ലാത്തതും (വാറന്റില്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാവുന്നതുമാണ്.

അനധികൃത ഖനനം, മണൽ ഊറ്റൽ, വന്യജീവി കുറ്റകൃത്യങ്ങൾ തുടങ്ങിയ പരിസ്ഥിതി-സാമ്പത്തിക കുറ്റകൃത്യങ്ങളെയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്.

സ്വത്ത് കണ്ടുകെട്ടൽ; പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനം

പൊതു ക്രമസമാധാന പാലന ഭേദഗതി നിയമപ്രകാരം, കലാപങ്ങളിലോ അക്രമാസക്തമായ പ്രതിഷേധങ്ങളിലോ പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തുന്ന പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും അവ ലേലം ചെയ്ത് നഷ്ടപരിഹാരം ഈടാക്കാനും സർക്കാരിന് പൂർണ്ണ അധികാരമുണ്ടാകും.

സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങൾ, ഗുണ്ടാ സിൻഡിക്കേറ്റുകൾ, പൊതുമുതൽ നശിപ്പിക്കൽ എന്നിവ തടയാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമായതിനാലാണ് കടുത്ത വ്യവസ്ഥകളുള്ള പുതിയ നിയമങ്ങൾ കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമസഭയിൽ വ്യക്തമാക്കി.

എന്നാൽ, ഈ നിയമങ്ങൾ കരിനിയമങ്ങളാണെന്ന് പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെയും ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നവരെയും അടിച്ചമർത്താൻ ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യുമെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. അതേസമയം, നഗരങ്ങളിലെ ഗുണ്ടായിസവും അക്രമങ്ങളും തടയാൻ പൊലീസിന് കൂടുതൽ കരുത്ത് പകരുന്നതാണ് പുതിയ നിയമങ്ങളെന്ന് കേന്ദ്രമന്ത്രി സുകാന്ത മജൂംദാർ സ്വാഗതം ചെയ്തു.

Two stringent and controversial legislations aimed at curbing organized crime and violent protests officially came into force in West Bengal on Monday under the BJP-led government.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോര്‍ഡ്‌സില്‍ വനിതാ ടെസ്റ്റ് ജയിക്കുന്ന ആദ്യ ടീം! ഒരിക്കലും മായാത്ത പുതു ചരിത്രമെഴുതി ഇന്ത്യയുടെ 'പെൺ പുലികൾ'

തെലങ്കാന കൂട്ടക്കൊല: പോക്‌സോ കേസ് പ്രതി മരിച്ച നിലയില്‍; അന്വേഷണം

ഇ20 പെട്രോള്‍ മൈലേജ് കുത്തനെ കുറച്ചു, 17ല്‍ നിന്ന് അഞ്ചായി; വൈറല്‍ പോസ്റ്റില്‍ കമ്പനിയുടെ വിശദീകരണം ഇങ്ങനെ

മദ്യപിച്ച് സ്കൂൾ വാഹനങ്ങൾ ഓടിച്ച മൂന്ന് ഡ്രൈവർമാർ പിടിയിൽ

എംഎല്‍എ ആകാനുള്ള തീരുമാനം തെറ്റായിപ്പോയോ? വൈകാരികാനുഭവം പങ്കിട്ട് രമേഷ് പിഷാരടിയുടെ മറുപടി