ലഖ്‌നൗ: വോട്ടർ പട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ കാണാതായെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ. വോട്ടർമാരുടെ മതമോ ജാതിയോ അടിസ്ഥാനമാക്കിയുള്ള യാതൊരു രേഖകളും തിരഞ്ഞെടുപ്പ് കമ്മിഷൻ സൂക്ഷിക്കാറില്ലെന്ന് സിഇഒ വ്യക്തത വരുത്തി. ഒരു മാധ്യമ അഭിമുഖത്തിലായിരുന്നു എസ്ഐആർ. നടപടികൾക്ക് ശേഷമുള്ള വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് മുഖ്യമന്ത്രി ആശങ്ക ഉന്നയിച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലുണ്ടായിരുന്ന 1.27 കോടിയോളം ഹിന്ദു വോട്ടർമാരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടികയിൽ കാണാനില്ലെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ആരോപണം. സർക്കാർ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ 55 ലക്ഷം ഹിന്ദുക്കളും, 18-19 വയസ്സ് പ്രായമുള്ള 4.5 ലക്ഷത്തോളം യുവവോട്ടർമാരും ഉൾപ്പെടെ 66 ലക്ഷത്തോളം പേരുടെ വിവരങ്ങൾ പട്ടികയിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പട്ടികയിലെ അപാകതകളിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ കമ്മിഷനു നിവേദനം നൽകിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു.
എന്നാൽ, വോട്ടറുടെ പേര്, പിതാവിന്റെയോ പങ്കാളിയുടെയോ പേര്, വയസ്സ്, വീട്ടുനമ്പർ, ലിംഗഭേദം എന്നിവ മാത്രമാണ് വോട്ടർ ഡേറ്റാബേസിൽ ഉള്ളതെന്നും മതമോ ജാതിയോ സംബന്ധിച്ച വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്താറില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ മറുപടി നൽകി. വോട്ടർ പട്ടിക പൊതുരേഖയായതിനാൽ മാധ്യമങ്ങളും സ്വതന്ത്ര നിരീക്ഷകരും പേരുകളുടെ അടിസ്ഥാനത്തിൽ സ്വന്തമായി വിശകലനങ്ങൾ നടത്താറുണ്ട്. എന്നാൽ ഇവയൊന്നും തെരഞ്ഞെടുപ്പ് വകുപ്പിന്റെ ഔദ്യോഗിക കണക്കുകളായി കാണാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് ഉത്തർപ്രദേശിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച പട്ടികയിൽ 13.58 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 7.38 കോടി പുരുഷന്മാരും 6.20 കോടി സ്ത്രീകളുമാണ് ഉള്ളത്. ഏപ്രിൽ 10ന് പ്രസിദ്ധീകരിച്ച പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ 18.84 ലക്ഷം വോട്ടർമാരുടെ വർധനവുണ്ടായതായും നവദീപ് റിൻവ വിശദീകരിച്ചു. 2027 ജനുവരിയിലാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. നവംബർ 17 മുതൽ ഡിസംബർ 16 വരെ കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികളും സമർപ്പിക്കാം. ഫോം 6, 7, 8 എന്നിവ ഉപയോഗിച്ച് പേര് ചേർക്കുകയും നീക്കം ചെയ്യുകയും തിരുത്തലുകൾ വരുത്തുകയും ചെയ്യാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates