ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പെട്ട കേസില്‍ തുടരന്വേഷണത്തിനു ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേസിലെ ഒരു ദൃക്‌സാക്ഷിയാണ് കലാപത്തില്‍ കമല്‍നാഥിന്റെ പങ്കിനെക്കുറിച്ചു ആരോപണം ഉന്നയിച്ചത്. എന്നാല്‍ കമല്‍നാഥ് ഇതു നിഷേധിക്കുകയും അന്വേഷണ ഏജന്‍സി അദ്ദേഹത്തിനു സംശയത്തിന്റെ ആനുകൂല്യം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് കമല്‍നാഥിനെതിരെ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ സിഖ് വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് 1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സജ്ജന്‍ കുമാര്‍, ജഗദീഷ് ടൈറ്റ്!ലര്‍ എന്നിവരെ കൂടാതെ കമല്‍നാഥും പ്രതിയാണെന്നാണ് ആരോപണം. സെന്‍ട്രല്‍ ഡല്‍ഹിയിലെ റകബ്ഗഞ്ച് ഗുരുദ്വാരയ്ക്ക് പുറത്ത് കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ രണ്ടു സിഖുകാര്‍ കൊല്ലപ്പെട്ടതായാണ് ദൃക്‌സാക്ഷിയുടെ മൊഴി. കലാപ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു പത്രപ്രവര്‍ത്തകനും കമല്‍നാഥിന്റെ സാന്നിധ്യത്തെക്കുറിച്ചു സംഭവം അന്വേഷിച്ച നാനാവതി കമ്മീഷന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ സംഭവ സമയം സ്ഥലത്തുണ്ടായിരുന്നതായി സമ്മതിച്ച കമല്‍നാഥ് താന്‍ ജനക്കൂട്ടത്തെ ശാന്തമാക്കാന്‍ ശ്രമിച്ചു എന്നാണ് ഇതിനു മറുപടി നല്‍കിയത്. ഇതിനെത്തുടര്‍ന്നു കലാപത്തില്‍ കമല്‍നാഥിന്റെ പങ്കിനു തെളിവില്ലെന്നു അന്വേഷണ കമ്മിഷന്‍ അറിയിക്കുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട് 88 പേരുടെ ശിക്ഷ കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഹൈക്കോടതി ശരിവച്ചിരുന്നു.
1984 സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെതിരായ വീണ്ടും അന്വേഷണം ആരംഭിക്കുന്നത് സിഖുകാരുടെ വിജയമാണെന്നു കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ട്വീറ്റ് ചെയ്തു. നിരന്തരമായ ശ്രമത്തിന്റെ ഫലമായാണ് കേസ് വീണ്ടും തുറക്കുന്നതെന്നും കമല്‍നാഥ് ചെയ്ത തെറ്റിന്റെ ഫലം ലഭിക്കുമെന്നും ഹര്‍സിമ്രത് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates