ന്യൂഡല്‍ഹി : കേന്ദ്രബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നരേന്ദ്രമോദി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റാണ് ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നത്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുക. ഈ വര്‍ഷം എട്ടു നിയമസഭകളിലേക്കും, അടുത്ത വര്‍ഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നിരവധി ജനക്ഷേമ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നോട്ട് നിരോധനവും, ജിഎസ്ടിയും നടപ്പാക്കിയശേഷമുള്ള ആദ്യ ബജറ്റ് എന്ന നിലയില്‍ നികുതി വരുമാനത്തില്‍ ധനമന്ത്രി കൈക്കൊള്ളുന്ന നിലപാടുകള്‍ എന്തായിരിക്കുമെന്നും സാമ്പത്തികവിദഗ്ധര്‍ ഉറ്റുനോക്കുന്നു. അതോടൊപ്പം കുതിച്ചുകയറുന്ന ഇന്ധന വില നിയന്ത്രിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ബജറ്റിലുണ്ടാകുമോയെന്നും രാജ്യം ഉറ്റുനോക്കുന്നു. ഇന്ധനവില അനിയന്ത്രിതമായി കുറിക്കുന്നത് ആശങ്കാജനകമാണെന്ന് സാമ്പത്തിക സര്‍വേയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തകര്‍ച്ച നേരിടുന്ന കാര്‍ഷിക മേഖലയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയേക്കും. ഈ വര്‍ഷം എട്ടു നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ഷക രോഷം ശമിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന തിരിച്ചറിവിലാണ് കേന്ദ്രം. ഗ്രാമീണ മേഖലയ്ക്കും, പ്രധാനമന്ത്രിയുടെ സ്വപ്‌നപദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയ്ക്കും ബജറ്റില്‍ കാര്യമായ പ്രാധാന്യം ലഭിച്ചേക്കും. റയില്‍വേ ബജറ്റ്, പൊതു ബജറ്റില്‍ ലയിപ്പിച്ച ശേഷമുള്ള രണ്ടാമത്തെ ബജറ്റാണിത്.
കേന്ദ്ര ബജറ്റില്‍ മികച്ച പരിഗണന കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളം. കഴിഞ്ഞ വര്‍ഷം നികുതി വിഹിതമായി 16,891 കോടി രൂപ ലഭിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് നികുതിയിനത്തില്‍ ഇത്തവണ കൂടുതല്‍ തുക ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ വിവിധ റെയില്‍ പദ്ധതികള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചത് 1206 കോടി രൂപയാണ്. പാതയിരട്ടിപ്പിക്കല്‍ പലയിടത്തും ഇഴഞ്ഞാണ് നീങ്ങുന്നത്. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കുന്നതിനും അധിക ട്രാക്കുകള്‍ക്കുമായി ഇത്തവണ കൂടുതല്‍ തുക വകയിരുത്തുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. കൂടാതെ എയിംസ്, റബ്ബര്‍ പാക്കേജ് എന്നിവയിലും ബജറ്റില്‍ അനുകൂല പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് കേരളം കണക്കുകൂട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates