ന്യൂഡല്ഹി: കോവിഡ് ബാധിതരുടെ എണ്ണം വര്ധിച്ചുവരുന്ന സാഹചര്യത്തില് ഡല്ഹിയില് ലോക്ക്ഡൗണ് മെയ് പകുതിവരെയെങ്കിലും നീട്ടണമെന്ന് നിര്ദേശം. ഡല്ഹി സര്ക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായുള്ള സമിതിയാണ് ഇത്തരമൊരു നിര്ദേശം മുന്നോട്ടുവെച്ചത്.
രാജ്യത്ത് ഇപ്പോഴും കൊറോണ വൈറസ് ബാധയുടെ നിരക്ക് വര്ധിച്ചുകൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങളില് ഇളവു നല്കുന്നത് രോഗബാധിതരുടെ എണ്ണം പെരുകുന്നതിന് ഇടയാക്കും. പ്രത്യേകിച്ച് ഡല്ഹിയില് നിരവധി വൈറസ് ബാധിത മേഖലകളുണ്ട്. അതുകൊണ്ടുതന്നെ ലോക്ക്ഡൗണ് നീട്ടുന്നതാണ് നല്ലത്, ഡല്ഹി സര്ക്കാരിന്റെ കോവിഡ് പ്രതിരോധ സമിതിയുടെ തലവന് ഡോ. എസ്.കെ സരിന് പറഞ്ഞു.
ചൈനയുടെ അനുഭവത്തെ മുന്നിര്ത്തി പറഞ്ഞാല്, രോഗബാധ ആരംഭിച്ച് 10 ആഴ്ചകള്ക്ക് ശേഷമാണ് ഗ്രാഫ് താഴേയ്ക്കു വന്നുതുടങ്ങുന്നത്. ഇതനുസരിച്ച് ഡല്ഹിയില് മെയ് പകുതിയോടെ രോഗബാധയുടെ ഗ്രാഫ് താഴ്ന്നു തുടങ്ങുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില് മെയ് 16 വരെ ലോക്ക്ഡൗണ് നീട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിലവില് ഡല്ഹിയിലെ കോവിഡ് രോഗികളുടെ എണ്ണം 2,625 ആണ്. 54 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates