India

വിനയ് ശര്‍മ്മയ്ക്ക് മാനസികരോഗമെന്ന് ഹര്‍ജി; പച്ചക്കള്ളമെന്ന് തീഹാര്‍ അധികൃതര്‍ ;ജയിലിലെത്താന്‍ ആരാച്ചാര്‍ക്ക് നിര്‍ദേശം

വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി കുറ്റവാളികള്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം ഒരുക്കിയതായി  തിഹാര്‍ ജയില്‍ അധികൃതര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ ശിക്ഷ വൈകിപ്പിക്കാന്‍ നീക്കം തുടരുന്നു. ഇതിന്റെ ഭാഗമായി കേസിലെ പ്രതിയായ വിനയ് ശര്‍മ്മയ്ക്ക് മാനസിക രോഗമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ എ പി സിങ് കോടതിയെ സമീപിച്ചു. വിനയ് ശര്‍മ്മയ്ക്ക് സ്‌കീസോഫ്രീനിയ ആണെന്നും, സ്വന്തം അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. വിനയ് ശര്‍മയ്ക്ക് വിദഗ്ധ ചികിത്സ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജി പരിഗണിച്ച ഡല്‍ഹി കോടതി തീഹാര്‍ ജയില്‍ അധികൃതരോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ വിനയ് ശര്‍മ്മയ്ക്ക് മാനസിക രോഗമില്ലെന്നും, ഹര്‍ജിയിലേത് നുണകളുടെ കൂമ്പാരമാണെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. വിനയ് ശര്‍മ്മയെ ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് മാനസിക രോഗമില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മെഡിക്കല്‍ ഹിസ്റ്ററിയിലും അദ്ദേഹത്തിന് ഇത്തരത്തില്‍ പ്രശ്‌നമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ അഹമ്മദ് പറഞ്ഞു.

വിനയ് ശര്‍മ്മ അടുത്തിടെ ജയിലില്‍ നിന്നും രണ്ട് ഫോണ്‍ കോള്‍ ചെയ്തിരുന്നു. ഒന്ന് അമ്മയ്ക്കും മറ്റൊന്ന് അഭിഭാഷകനുമാണ്. അതുകൊണ്ടുതന്നെ വിനയ് ശര്‍മ്മയ്ക്ക് അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്ന വാദം തെറ്റാണെന്ന് ഇര്‍ഫാന്‍ അഹമ്മദ് പറഞ്ഞു. വിനയ് ശര്‍മ്മ സ്വന്തമായി സെല്ലിലെ ഭിത്തിയില്‍ തലയിടിച്ചാണ് പരിക്കുണ്ടാക്കിയത്. ജയിലിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്നും ഇര്‍ഫാന്‍ അഹമ്മദ് പറഞ്ഞു. ദൃശ്യങ്ങളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു.

ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെച്ചു. അതിനിടെ നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി കുറ്റവാളികള്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം ഒരുക്കിയതായി  തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. മുകേഷ് സിങ്, പവന്‍ ഗുപ്ത എന്നിവര്‍ ഈ മാസം ആദ്യം കുടുംബാംഗങ്ങളെ കണ്ടു. അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ എന്നിവര്‍ക്ക് ഉടന്‍ ബന്ധുക്കളെ കാണാനാകും. ഇതിനായി ഇവരുടെ വീട്ടുകാര്‍ക്ക് കത്തയച്ചതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

കേസിലെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത അഭിഭാഷകനെ കാണാന്‍ വിസമ്മതിച്ചു. പവന്‍ഗുപ്ത ഇതുവരെ ദയാഹര്‍ജിയും നല്‍കിയിട്ടില്ല. അതിനിടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായി ആരാച്ചാരെ, ശിക്ഷ നടപ്പാക്കുന്ന മാര്‍ച്ച് മൂന്നിന് രണ്ടു ദിവസം മുമ്പ് ജയിലില്‍ എത്തിക്കണമെന്ന് ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പിന് തീഹാര്‍ ജയില്‍ അധികൃതര്‍ കത്തയച്ചു. വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ജയില്‍ അധികൃതര്‍.

ഫെബ്രുവരി 16 ന് വിനയ് ശര്‍മ്മ ജയിലിലെ സെല്ലില്‍ തലയിടിച്ച് പരിക്കുണ്ടാക്കിയ സാഹചര്യം കണക്കിലെടുത്ത് അദ്ദേഹത്തെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു. നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരെ മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിയ്ക്ക് തൂക്കിലേറ്റാനാണ് ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് കേസില്‍ മരണവാറണ്ട് പുറപ്പെടുവിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

എല്ലാം നല്‍കിയത് പാര്‍ട്ടി; ഏത് ചുമതലയും ഏറ്റെടുക്കും; 51 സീറ്റ് നേടി അധികാരം പിടിക്കും; കെഎസ് ശബരീനാഥന്‍

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

SCROLL FOR NEXT