തൃശൂർ: നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി എ സുന്ദർ മേനോൻ അറസ്റ്റിൽ. 30 കോടി തട്ടിച്ച കേസിലാണ് അറസ്റ്റ്. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന 18 പേരുടെ പരാതിയിൽ ഞായറാഴ്ച രാവിലെയാണ് സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന വാഗ്ദാനം നൽകി മുപ്പത് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഹീവാൻസ് ഫിനാൻസ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ സുന്ദർ മേനോൻ ചെയർമാനാണ്. കോൺഗ്രസ് നേതാവായ സി.എസ് ശ്രീനിവാസാണ് സ്ഥാപനത്തിന്റെ ഡയറകടർ. ഇരുവരുടെയും രാഷ്ട്രീയ, സാമൂഹിക ഇടപെടലുകൾ വിശ്വാസത്തിലെടുത്താണ് ലക്ഷക്കണക്കിന് രൂപ ഹീവാൻസ് ഫിനാൻസിലും ഹീവാൻസ് നിധി കമ്പനിയിലുമായി നിക്ഷേപിച്ചതെന്ന് നിക്ഷേപകർ പറയുന്നു. എന്നാൽ പിന്നീട് പലിശയോ മുതലോ നിക്ഷേപകർക്ക് നൽകാൻ കമ്പനി തയാറായിട്ടില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മാരക രോഗം ബാധിച്ച നിക്ഷേപകർക്ക് പോലും തുക തിരിച്ചു നൽകാൻ തയാറായില്ലെന്നാണ് പരാതി. പണം കിട്ടാത്ത നിക്ഷേപകർ പൊലീസിൽ പരാതി നൽകിയിരുന്നു. ജമ്മു ആസ്ഥാനമാക്കിയാണ് കേരളത്തിൽ ഇവർ സ്ഥാപനം തുടങ്ങിയത്. എന്നാൽ ഈ സ്ഥാപനത്തിന് ജമ്മുവിൽ ഓഫീസിലില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. കേരളത്തിൽ നാലു ബ്രാഞ്ചുകളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. 300 ഓളം നിക്ഷേപകർ പല ഘട്ടങ്ങളിലായി സ്ഥാപനത്തിനെതിരെ പരാതി നൽകിയിരുന്നു. ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് തന്നെ സ്ഥാപനം പൂട്ടി. ബഡ്സ് ആക്ട് പ്രകാരം സ്ഥാപനം ജപ്തി ചെയ്യാനും ഉത്തരവിട്ടിരുന്നു. തുടർന്നാണ് 18 പേരുടെ പരാതിയിൽ സുന്ദർ മേനോനെ സിറ്റി കമ്മീഷണർ ഓഫീസിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates