പത്തനംതിട്ട: കൈക്കൂലി കേസില്‍ ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോന്നി മുന്‍ വില്ലേജ് ഓഫീസറും, പത്തനംതിട്ട മൈലപ്ര സ്വദേശിയുമായ രാജു.കെ. എബ്രഹാമിനെയാണ് പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട കോന്നി സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്ത് നല്‍കുന്നതിന് കോന്നി വില്ലേജ് ഓഫീസറായിരുന്ന രാജു കെ എബ്രഹാം പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങവേ വിജിലന്‍സ് പത്തനംതിട്ട യൂണിറ്റ് കൈയ്യോടെ പിടികൂടിയിരുന്നു. ഈ കേസില്‍ രാജു കെ എബ്രഹാം കുറ്റക്കാരാണെന്ന് കണ്ടെത്തി 2010 ല്‍ 6 വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നു. ശിക്ഷാ വിധിക്കെതിരെ രാജു.കെ.എബ്രഹാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും, ഹൈക്കോടതി രാജു.കെ.എബ്രഹാമിനെതിരെയുള്ള ശിക്ഷ 2 വര്‍ഷം കഠിന തടവിനും 20,000/രൂപ പിഴ ഒടുക്കുന്നതിനും ഇളവ് ചെയ്തു നല്‍കിയിരുന്നു. ഈ വിധിയ്ക്കെതിരെ രാജു.കെ.എബ്രഹാം സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്യുകയും, സുപ്രീം കോടതി രാജു.കെ.എബ്രഹാമിന്റെ പെറ്റീഷന്‍ നിരസിക്കുകയും ചെയ്തു. എന്നാല്‍ ശിക്ഷ അനുഭവിക്കുന്നതിന് വിജിലന്‍സ് കോടതിയില്‍ ഹാജരാകാതെ രാജു.കെ.എബ്രഹാം ഒളിവില്‍ പോവുകയാണ് ഉണ്ടായത്.
രാജു.കെ.എബ്രഹാമിനെ രാവിലെ വിജിലന്‍സ് സംഘം തിരുവനന്തപുരം പോത്തന്‍കോടുള്ള ബന്ധുവീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ രാജു.കെ.എബ്രഹാമിനെ കോടതി നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചതായി വിജിലന്‍സ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates