aluva murder case ഫയൽ
Kerala

ആലുവ കൂട്ടക്കൊലയ്ക്ക് നാളെ 25 വയസ്; വീട് നിന്നിടം ശൂന്യം, ആന്റണിയുടെ കുടുംബം എവിടെ?

കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആലുവ കൂട്ടക്കൊല നടന്നിട്ട് ചൊവ്വാഴ്ച 25 വര്‍ഷമാകും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആലുവ കൂട്ടക്കൊല നടന്നിട്ട് ചൊവ്വാഴ്ച 25 വര്‍ഷമാകും. 2001 ജനുവരി ആറിനാണ് ആലുവ സബ് ജയില്‍ റോഡില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ കൂട്ടക്കൊലപാതകം നടന്നത്. ആലുവ മാഞ്ഞൂരാന്‍ ഹാര്‍ഡ്വെയേഴ്സ് ഉടമ അഗസ്റ്റിന്‍ (47), ഭാര്യ ബേബി (42), മക്കള്‍ ജെസ്മോന്‍ (14), ദിവ്യ (12), അഗസ്റ്റിന്റെ അമ്മ ക്ലാര (74), അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരുടെ ബന്ധുവും ആലുവ നഗരസഭയില്‍ താത്കാലിക ഡ്രൈവറുമായിരുന്ന എംഎ ആന്റണിയായിരുന്നു കേസിലെ ഏക പ്രതി. നിലവില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് പ്രതി. കൊലപാതകം നടക്കുമ്പോള്‍ തൃക്കാക്കരയില്‍ അധ്യാപികയായിരുന്ന ആന്റണിയുടെ ഭാര്യയും മകനും പിന്നീട് വീടും സ്ഥലവും വിറ്റ് തമിഴ്‌നാട്ടിലേക്ക് താമസം മാറ്റി. കൂട്ടക്കൊല നടന്ന മാഞ്ഞൂരാന്‍ വീട് ഏറെ വര്‍ഷങ്ങളോളം ആളനക്കം ഇല്ലാതെ സബ് ജയില്‍ റോഡിനരികില്‍ നിലനിന്നിരുന്നു. പിന്നീട് ബന്ധുക്കള്‍ വീട് പൊളിച്ചുനീക്കി.

2001 ജനുവരി ആറിന് ആറുപേരെ ഒരാള്‍ തനിച്ച് കൊലപ്പെടുത്തിയിട്ടും പുറംലോകമറിഞ്ഞത് 24 മണിക്കൂറിനുശേഷം മാത്രമാണ്. ആന്റണിക്ക് വിദേശത്തുപോകാന്‍ കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നു. ഇത് നല്‍കാത്തതിലുള്ള വൈരാഗ്യമാണു കൊലപാതകങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവദിവസം രാത്രി 9ന് ആന്റണി പണം തേടി മാഞ്ഞൂരാന്‍ വീട്ടിലെത്തി. അല്‍പ്പം കഴിഞ്ഞപ്പോള്‍ അഗസ്റ്റിനും ഭാര്യയും മക്കളും തൊട്ടടുത്തുള്ള സീനത്ത് തിയേറ്ററില്‍ സെക്കന്‍ഡ് ഷോയ്ക്കുപോയി.

പണം ചോദിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് കൊച്ചുറാണിയെയും തടയാനെത്തിയ ക്ലാരയെയും ആന്റണി വെട്ടിക്കൊന്നു. അഗസ്റ്റിനും കുടുംബവും സിനിമ കഴിഞ്ഞെത്തിയപ്പോള്‍ അവരെയും വക വരുത്തുകയായിരുന്നു എന്നാണ് കേസ്. പിറ്റേന്നു പുലര്‍ച്ചെ ആന്റണി മുംബൈയിലേക്ക് കടന്നു. അവിടെനിന്നു ദമാമിലേക്കും പോയി. അന്വേഷണം മുറുകിയപ്പോള്‍ ആന്റണിയുടെ ഭാര്യയെ പൊലീസ് സ്വാധീനിച്ച് ഫെബ്രുവരി 11ന് നാട്ടിലേക്ക് വിളിച്ചുവരുത്തി. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ആന്റണിയെ അറസ്റ്റ് ചെയ്തത്.

കേസ് ആദ്യം അന്വേഷിച്ചത് ആലുവ പൊലീസ് ആയിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇരു വിഭാഗവും ആന്റണി കുറ്റക്കാരനാണെന്നു കണ്ടെത്തി. മരിച്ച ബേബിയുടെ വീട്ടുകാര്‍ കൂടുതല്‍ പ്രതികളുണ്ടെന്നു സംശയിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അന്വേഷണം സിബിഐക്കു കൈമാറി. സിബിഐ അന്വേഷിച്ചെങ്കിലും ആന്റണി തന്നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.സിബിഐ കോടതി 2005 ഫെബ്രുവരി രണ്ടാം തീയതി ആന്റണിക്ക് വധശിക്ഷ വിധിച്ചു. സിബിഐ ജഡ്ജി ആയിരുന്ന ജസ്റ്റിസ് കെമാല്‍ പാഷ ആയിരുന്നു വിധി പുറപ്പെടുവിച്ചത്. കേരളത്തിലെ സിബിഐ കോടതിയിലെ ആദ്യ വധശിക്ഷാ വിധി ആണിത്.

സിബിഐ കോടതിയുടെ വിധി 2006 സെപ്റ്റംബര്‍ 18ന് ഹൈക്കോടതി ശരിവെച്ചു. തുടര്‍ന്ന് പ്രതിക്ക് നല്‍കിയ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്‌തെങ്കിലും 2009ല്‍ അംഗീകരിച്ചു. പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതിയും ദയാ ഹര്‍ജി രാഷ്ട്രപതിയും തള്ളി. ഇതോടെ വധശിക്ഷ നടപ്പാക്കാന്‍ സാധ്യത തെളിഞ്ഞു. അതിനിടെ 2014ല്‍ വധശിക്ഷയ്ക്ക് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത് ആന്റണിക്ക് വധശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ കാരണമായി. 2018 ഡിസംബര്‍ 11ന് വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി. ഏറെക്കൊല്ലം ഏകാന്ത തടവ് അനുഭവിച്ച ആന്റണിക്ക് ഇതോടെ പരോള്‍ ലഭിച്ചു. നിലവില്‍ പരോള്‍ ലഭിച്ച പ്രതി നാട്ടിലുണ്ട്. അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരം കാട്ടാക്കടയിലുള്ള തുറന്ന ജയിലില്‍ പ്രതി ഹാജരാകും.

aluva murder case; Tomorrow marks 25 years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തോമസ് ഐസക്ക് അടക്കം 9 സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മത്സരരംഗത്തേക്ക്?; മൂന്നുപേര്‍ സ്ഥാനാര്‍ഥികളാവില്ല

ഗവര്‍ണര്‍ വായിച്ചതല്ല, മന്ത്രിസഭ അംഗീകരിച്ചതാണ് നയപ്രഖ്യാപനം; ആര്‍ലേക്കറുടെ ആവശ്യം തള്ളി മുഖ്യമന്ത്രി

കൂപ്പുകുത്തി വിപണി, സെന്‍സെക്‌സ് 730 പോയിന്റ് താഴ്ന്നു; ഐടി ഓഹരികളില്‍ കൂട്ടത്തകർച്ച

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

'ആരും പരിഭവം വിചാരിക്കരുത്; ഇന്നത്തെ ദിവസം നിങ്ങളുടെ അനു​ഗ്രഹം ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം'

SCROLL FOR NEXT