എഡിഎം നവീൻ ബാബു, പി പി ദിവ്യ  ഫെയ്സ്ബുക്ക്
Kerala

നിരപരാധിയെങ്കില്‍ എഡിഎം എന്തുകൊണ്ട് മിണ്ടാതിരുന്നു?; നവീന്‍ബാബുവിനെതിരെ പി പി ദിവ്യ കോടതിയില്‍

താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ എഡിഎമ്മിന് തന്നെ വന്നു കാണാമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നിരപരാധിയെങ്കില്‍ എഡിഎം നവീന്‍ബാബു യോഗത്തില്‍ മിണ്ടാതിരുന്നതെന്തുകൊണ്ടെന്ന് പി പി ദിവ്യ കോടതിയില്‍. എഡിഎം തെറ്റുകാരനല്ല എങ്കില്‍, വിശുദ്ധനാണ് എങ്കില്‍ എഡിഎം എന്തുകൊണ്ട് പ്രസംഗത്തില്‍ ഇടപെട്ടില്ല. എഡിഎമ്മിന് അദ്ദേഹത്തിന്റെ വാദം പറയാമായിരുന്നു. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ എഡിഎമ്മിന് തന്നെ വന്നു കാണാമായിരുന്നു. ചടങ്ങില്‍ വീഡിയോ ഗ്രാഫര്‍ വന്നതില്‍ എന്താണ് തെറ്റ്? പൊതുചടങ്ങാണ് നടന്നത്. അതിലേക്ക് പ്രത്യേകം ആരെയും ക്ഷണിക്കേണ്ടതില്ല. കലക്ടര്‍ പറഞ്ഞിട്ടാണ് യോഗത്തിന് എത്തിയതെന്നും, അതിക്രമിച്ച് കടന്നു വന്നതല്ലെന്നും പി പി ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സംസാരിച്ചത്. പരാതിക്കാരുടെ പരാതി കള്ളമാണോയെന്ന് തനിക്ക് അറിയില്ല. അത് അന്വേഷിക്കേണ്ടത് പൊലീസാണ്. ആത്മഹത്യാ പ്രേരണയ്ക്ക് കാരണമായ യാതൊന്നും പറഞ്ഞിട്ടില്ല. ടിവി ഓഫ് ചെയ്യാന്‍ അമ്മ പറഞ്ഞാല്‍ കുട്ടി ഉടന്‍ ആത്മഹത്യ ചെയ്താല്‍ അമ്മയ്‌ക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാകുമോ?. ഇങ്ങനെയെങ്കില്‍ അഴിമതിക്കെതിരെ എന്തെങ്കിലും പറയാനാകുമോ?. എഡിഎമ്മിന് എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് പറഞ്ഞത്. എഡിഎം സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് വിഷമമുണ്ടാകേണ്ട കാര്യമില്ലെന്നും ദിവ്യ കോടതിയില്‍ പറഞ്ഞു.

അഴിമതിക്കെതിരായ സന്ദേശം ആകുമെന്ന് കരുതിയാണ് യാത്രയയപ്പ് യോഗത്തില്‍ താന്‍ സംസാരിച്ചതെന്ന് പി പി ദിവ്യ കോടതിയില്‍ വ്യക്തമാക്കി. അഴിമതിക്കെതിരെ എപ്പോഴും നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. പോസിറ്റീവ് സമീപനത്തോടെയാണ് യാത്രയയപ്പ് യോഗത്തില്‍ സംബന്ധിച്ചത്. തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും പി പി ദിവ്യ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഏറെ ഉത്തരവാദിത്തങ്ങളുള്ള പൊതുപ്രവര്‍ത്തകയാണ് പി പി ദിവ്യയെന്ന് അവരുടെ അഭിഭാഷകന്‍ കെ വിശ്വന്‍ ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ് ദിവ്യ നിറവേറ്റിയത്. അഴിമതിക്കെതിരെ സന്ദേശകരമാകണമെന്ന് കരുതിയാണ് പൊതുപ്രതികരണം നടത്തിയത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് രഹസ്യമായല്ല. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും, പൊരുതുകയും ചെയ്യുന്നയാളാണ് ദിവ്യയെന്നും അഭിഭാഷകന്‍ പറഞ്ഞു.

സാധാരണക്കാര്‍ക്ക് എപ്പോഴും പ്രാപ്യയായ, ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പി പി ദിവ്യ. കലക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തിലേക്ക് വന്നത്. എന്നാല്‍ ഔദ്യോഗിക ക്ഷണമുണ്ടായിരുന്നില്ല. മറ്റൊരു പരിപാടിക്കിടെ ചടങ്ങിലേക്ക് വരില്ലേയെന്ന് കലക്ടര്‍ ചോദിച്ചു. പ്രസംഗിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കലക്ടര്‍ ആണെന്നും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു. എഡിഎമ്മിനെതിരെ രണ്ടു പരാതികള്‍ ലഭിച്ചു. പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോ?. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് യോ​ഗത്തിൽ‌ സംസാരിച്ചത്. ആത്മഹത്യയിലേക്ക് തള്ളിവിടണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പ്രസിഡന്റ് സ്ഥാനം പി പി ദിവ്യ രാജിവെച്ചു. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വേറെ അജണ്ടയാണെന്നും ദിവ്യ കോടതിയില്‍ ചൂണ്ടിക്കാട്ടി.

പ്രശാന്തന്റെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ചെങ്ങളായിയിലെ പമ്പിന്റെ കാര്യം എഡിഎമ്മിനോട് സംസാരിച്ചിരുന്നു. വല്ലതും നടക്കുമോയെന്ന് എഡിഎമ്മിനോട് ചോദിച്ചു. റോഡിലെ വളവും തിരിവും കാരണം പ്രയാസമാണെന്ന് മറുപടി നല്‍കി. എൻഒസി വേ​ഗത്തിലാക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു. യാത്രയയപ്പിന്റെ അന്നാണ് പമ്പിന് എന്‍ഒസി കിട്ടിയ കാര്യം അറിഞ്ഞത്. കണ്ണൂരിലെ പോലെ ഇനി വേറെയൊരിടത്തും ചെയ്യരുതെന്നാണ് പറഞ്ഞത്. നന്നാകാനായി പറഞ്ഞ ഉപദേശം എങ്ങനെ ഭീഷണിയാകുമെന്നും ദിവ്യയുടെ അഭിഭാഷകന്‍ ചോദിച്ചു. പ്രശാന്തന്‍ ഉന്നയിച്ചത് ഒരു ലക്ഷം രൂപയുടെ കൈക്കൂലി ആരോപണമാണ്. അഴിമതി നടത്തിയാല്‍ ജയിലില്‍ പോകുമെന്നാണ് ഉദ്ദേശിച്ചത്. ഭൂമി പ്രശ്‌നത്തിലാണ് ഗംഗാധരന്‍ എന്നായാള്‍ എഡിഎമ്മിനെതിരെ പരാതി നല്‍കിയതെന്നും ദിവ്യ കോടതിയെ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT