ജോൺ ബ്രിട്ടാസും രാഹുൽ ​ഗാന്ധിയും ഇന്ത്യ മുന്നണി യോ​ഗത്തിൽ  പിടിഐ
Kerala

അദാനിയെ കൊണ്ടുവന്നത് നിങ്ങളല്ലേ?, ഉമ്മൻചാണ്ടിയെന്ന് ജോൺ ബ്രിട്ടാസ്; ഇന്ത്യ സഖ്യ യോ​ഗത്തിൽ രാഹുലുമായി വാക്പോര്

ആദ്യം കരാര്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നാണ് ബ്രിട്ടാസ് വ്യക്തമാക്കിയത്

Author : പ്രീത നായര്‍

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉന്നയിച്ച 'സിപിഎം-ബിജെപി ഡീല്‍' അടക്കമുള്ള ആരോപണങ്ങളില്‍ ഇന്ത്യ സഖ്യ യോഗത്തില്‍ അതൃപ്തി അറിയിച്ച് സിപിഎം. യോഗത്തില്‍ പങ്കെടുത്ത ജോണ്‍ ബ്രിട്ടാസ് എംപിയാണ്, 'ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി' തുടങ്ങിയ രാഹുലിന്‍റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചത്. ഇതിനു രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി ഇരു നേതാക്കളും തമ്മിലുള്ള വാക് പോരിനും ഇടയാക്കി.

ജോണ്‍ ബ്രിട്ടാസിന്‍റെ വിമര്‍ശനങ്ങളെ ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുത്ത സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും പിന്തുണച്ചിരുന്നു. എന്നാല്‍ താന്‍ സംസാരിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് എന്നാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. തുടര്‍ന്ന് അദാനിയിലേക്കും എത്തുകയായിരുന്നു.

അദാനി ഗ്രൂപ്പിന് കേരളത്തില്‍ തുറമുഖ പദ്ധതി അനുവദിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ തീരുമാനം, 'ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി' തീര്‍ന്നതിന് തെളിവാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഈ പ്രസ്താവനയെ എതിര്‍ത്ത ജോണ്‍ ബ്രിട്ടാസ്, വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനി പോര്‍ട്ട്‌സിനെ കൊണ്ടു വന്നത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടി. ആദ്യം കരാര്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നാണ് ബ്രിട്ടാസ് വ്യക്തമാക്കിയത്.

ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീല്‍ ഉണ്ടെന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ ഗാന്ധിയുടേയും പ്രസ്താവനകളെയും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. രാഹുലും ഖാര്‍ഗേയും പോലുള്ള നേതാക്കള്‍ ഇത്തരം ആരോപണം ഉന്നയിച്ചാല്‍ ഇന്ത്യ മുന്നണിയുടെ പ്രസക്തി തന്നെയാണ് നഷ്ടപ്പെടുകയെന്നും ബ്രിട്ടാസ് പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

2004 ല്‍ നിരവധി മണ്ഡലങ്ങളില്‍ സിപിഎം കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയിരുന്നു. ഇടതുപക്ഷത്തിന് 64 സീറ്റുകളാണ് അന്ന് ലഭിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ, അന്ന് ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാരിന് നിര്‍ലോഭമായ പിന്തുണയാണ് നല്‍കിയത്. ആ ഒരു രാഷ്ട്രീയചിത്രം കോണ്‍ഗ്രസ് കാണാതെ പോയെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. എന്നാല്‍ സിപിഎമ്മിന്റെ നേതാവായ പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചത്. രണ്ടു മന്ത്രിസ്ഥാനങ്ങള്‍ക്കായി സുപ്രധാന സഖ്യകക്ഷിയായ ഡിഎംകെയെ ഉപേക്ഷിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സിപിഎം- ബിജെപി ഡീല്‍ ആരോപണത്തില്‍ കടുത്ത ഭാഷയില്‍ അതൃപ്തി അറിയിച്ചു കൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചിരുന്നു.

ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം പ്രാദേശിക തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായിട്ട് ഉണ്ടായതാണെന്ന് രാഹുൽ​ഗാന്ധി പറഞ്ഞു. വിമർശനങ്ങൾ ഉൾക്കൊള്ളുന്നു. ഡീൽ ആരോപണത്തിൽ സിപിഎമ്മുമായി ഉഭയകക്ഷി ചർച്ചയാകാമെന്നും രാഹുൽ​ഗാന്ധി വ്യക്തമാക്കി. പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം ചർച്ച ചെയ്യാമെന്ന് ജോൺ ബ്രിട്ടാസ് രാഹുൽ​ഗാന്ധിയെ അറിയിച്ചു. മുന്നണിയിലെ സഖ്യകക്ഷികൾ തമ്മിൽ നല്ല ബന്ധം വേണമെന്നും, ഡിഎംകെയെ മുന്നണിയിൽ തിരിച്ചെത്തിക്കണമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.

Argument between Rahul Gandhi and John Brittas in India alliance meeting over Adani

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

AIIMS: വൻഅവസരം, മൾട്ടി ടാസ്കിങ് സ്റ്റാഫ് മുതൽ സീനിയർ റെസിഡന്റ് വരെ, 607 ഒഴിവുകൾ

'പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ അന്തിമ ഘട്ടത്തില്‍': വൈകാതെ ഒപ്പുവെക്കുമെന്ന് ട്രംപ്

യുപിഐയില്‍ ആളുമാറി പണം അയച്ചോ?; തിരികെ കിട്ടാന്‍ ഇതാ വഴികള്‍

കൂട്ടക്കൊലയെ സൈനിക നടപടിയെന്ന് വിളിച്ച് ന്യായീകരിക്കാനാകില്ല; യുഎന്നിൽ പാകിസ്ഥാനെതിരെ ഇന്ത്യ

'അവന്റെ തലയ്ക്ക് അടിച്ചു, ക്രൂരമായി മർദ്ദിച്ചു, പാതി ജീവനോടെ ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞു'; തന്റെ നായ കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് നടി

SCROLL FOR NEXT