പാലക്കാട് : പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവെച്ചതായി എ വി ഗോപിനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് പോകുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.
സ്വാതന്ത്ര്യ സമരസേനാനികളുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള കോണ്‍ഗ്രസ് ഞങ്ങളടക്കമുള്ള പ്രവര്‍ത്തകരുടെ സ്വപ്‌നമായിരുന്നുവെന്ന് ഗോപിനാഥ് പറഞ്ഞു. കോണ്‍ഗ്രസിന് വേണ്ടിയാണ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്. എന്നാല്‍ മനസ്സിനെ തളര്‍ത്തുന്ന സംഭവങ്ങളാണ് ആവര്‍ത്തിക്കുന്നത്.
പലതവണ ഈ ബന്ധം അവസാനിപ്പിക്കാന്‍ മനസ്സ് മന്ത്രിച്ചിരുന്നു. ഇപ്പോള്‍ 50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണ്. കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനം ഇനിയും മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍. പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കിന് തടസ്സമാകാന്‍ ആഗ്രഹിക്കുന്നില്ല.
പാലക്കാട്ടെ കോണ്‍ഗ്രസിന്റെ തടസ്സം താനാണെങ്കില്‍, അത്തരമൊരു തടസ്സം നീക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. ഈ നിമിഷം മുതല്‍ താന്‍ കോണ്‍ഗ്രസുകാരനല്ല എന്ന വിവരം പാലക്കാട്ടെയും കേരളത്തിലെയും ജനങ്ങളെ അറിയിക്കുന്നു. കോണ്‍ഗ്രസിനെ ഹൃദയത്തില്‍ നിന്നിറക്കാന്‍ സമയമെടുക്കും. നാളെ എന്താകുമെന്ന് പ്രവചിക്കാനാകില്ല. ഭാവി കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ഗോപിനാഥ് പറഞ്ഞു.
എച്ചില്‍ നക്കിയ ശീലം ഗോപിനാഥിന്റെ നിഘണ്ഡുവിലില്ല. കോണ്‍ഗ്രസിനകത്തെ പ്രത്യേക ജനുസ്സാണ് ഗോപിനാഥെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് 50 വര്‍ഷത്തോളം കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചത്. ഈശ്വരനായി കണ്ട കരുണാകരന് നന്ദി പറയുന്നു. ജില്ലയിലെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെയും രാജിവെക്കാന്‍ പ്രേരിപ്പിക്കില്ലെന്നും ഗോപിനാഥ് പറഞ്ഞു.
പിണറായിയുടെ ചെരുപ്പ് നക്കാന്‍ പോകുന്നുവെന്ന അനില്‍ അക്കരെയുടെ പ്രസ്താവനയോടും രൂക്ഷമായാണ് ഗോപിനാഥ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടില്ല. ആ അഭിപ്രായത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്. എന്റെ ചെരുപ്പു നക്കാന്‍ വന്ന കൂട്ടത്തില്‍ അദ്ദേഹവുമുണ്ടാകാം, തനിക്ക് അതറിയില്ലെന്ന് ഗോപിനാഥ് പറഞ്ഞു.
പക്ഷെ അഭിമാനത്തോടെ ഒരു കാര്യം പറയുന്നു. കേരളത്തിലെ ചങ്കുറപ്പുള്ള, തന്റേടമുള്ള സമുന്നതനായ നേതാവ്, കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ചെരുപ്പ് നക്കാന്‍ കോണ്‍ഗ്രസുകാരനായ ഗോപിനാഥ് പോകേണ്ടി വരുമെന്ന് പറഞ്ഞാല്‍, അതില്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നു. നക്കേണ്ടി വന്നാല്‍ നക്കും. പിണറായിയുടെ അടുക്കളക്കാരനാകേണ്ടി വന്നാല്‍ അഭിമാനമെന്നും എ വി ഗോപിനാഥ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates