പ്രതീകാത്മക ചിത്രം Kerala Private Hospitals  File
Kerala

വന്‍കിട ആശുപത്രികള്‍ ഗ്രാമങ്ങളും ചെറുകിട പട്ടണങ്ങളും ലക്ഷ്യമിടുന്നു; ഇടത്തരം ആശുപത്രികള്‍ക്ക് വെല്ലുവിളി

ഗ്രാമീണ - അര്‍ധനഗര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ആശുപത്രികളെ അതിനൂതന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് എത്തുന്ന വലിയ ആശുപത്രികള്‍ വിഴുങ്ങുന്ന നിലയുണ്ടെന്നാണ് ഈ മേഖലയില്‍ ഉള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്

അന്ന ജോസ്

കൊച്ചി : കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് വഴിതുറന്ന് വന്‍കിട ആശുപത്രികള്‍ നഗരങ്ങള്‍ക്കപ്പുറത്തേക്ക് (Kerala Private Hospitals) വളരുന്നു. വന്‍കിട നഗരങ്ങള്‍ക്കപ്പുറം ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ പ്രാഥമിക സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് സൗകര്യങ്ങള്‍ ഒരുക്കുന്ന നിലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന രീതിയാണ് പ്രചാരത്തിലുള്ളത്. വന്‍കിട ആശുപത്രികളുടെ ഈ നീക്കം സംസ്ഥാനത്തെ ചെറുകിട, ഇടത്തരം ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഗ്രാമീണ - അര്‍ധനഗര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ആശുപത്രികളെ അതിനൂതന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് എത്തുന്ന വലിയ ആശുപത്രികള്‍ വിഴുങ്ങുന്ന നിലയുണ്ടെന്നാണ് ഈ മേഖലയില്‍ ഉള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

കോര്‍പ്പറേറ്റ് ആശുപത്രികള്‍ തങ്ങളുടെ പുതിയ മാര്‍ക്കറ്റിങ് തന്ത്രമാക്കി ഗ്രാമീണ മേഖലകളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന രീതി വ്യാപകമാക്കിയിട്ടുണ്ടെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ (കെപിഎച്ച്എ) പ്രസിഡന്റ് ഹുസൈന്‍ കോയ തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുക എന്നതാണ് ഈ രീതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി കൂടുതല്‍ രോഗികളെ ആകര്‍ഷിക്കാനും അവരുടെ പ്രധാന ആശുപത്രികളിലേക്കുള്ള റഫറന്‍സുകള്‍ വര്‍ദ്ധിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഗ്രാമങ്ങളില്‍ അടിയന്തര പരിചരണം ലഭ്യമാണെങ്കിലും, സൗകര്യങ്ങള്‍ പരിമിതമാണെന്ന സാഹചര്യമാണ് ഇത്തരം കോര്‍പറേറ്റ് ആശുപത്രികള്‍ ഉപയോഗിക്കുന്നതെന്നും ഹുസൈന്‍ ചൂണ്ടിക്കാട്ടുന്നു.

കോര്‍പറേറ്റ് ആശുപത്രികളുടെ നീക്കം സംസ്ഥാനത്തെ ചെറുകിട ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഭീഷണിയാണെന്നും കെപിഎച്ച്എ പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മേഖലകളില്‍ ആരോഗ്യ കേന്ദ്രങ്ങളും ക്ലിനിക്കുകളും സ്ഥാപിക്കുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ നടപടി ചെറുകിട ആശുപത്രികളുടെ നിലനില്‍പ്പിനെ ബാധിച്ച് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതിനോടകം നിരവധി ചെറുകിട ആശുപത്രികള്‍ അടച്ചുപൂട്ടിയിട്ടുണ്ടെന്നും കെപിഎച്ച്എ പ്രസിഡന്റ് പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തെ 600 ഓളം ചെറുകിട ആശുപത്രികളും ക്ലിനിക്കുകളും അടച്ചുപൂട്ടിയതായി കേരള അസോസിയേഷന്‍ ഓഫ് സ്‌മോള്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്‌സിന്റെ പ്രസിഡന്റ് ഡോ. സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന ചെലവുകളും കോര്‍പറേറ്റ് സ്വകാര്യ ആശുപത്രികളുടെ കടന്നുവരവുമാണ് ഇതിന് കാരണമായി ഡോ. സുരേഷ് കുമാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. 'സംസ്ഥാനത്തെ ചെറുകിട ആശുപത്രികളും ക്ലിനിക്കുകളും കൂടുതല്‍ സേവനാധിഷ്ഠിതമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ കോര്‍പ്പറേറ്റ് ആശുപത്രികള്‍ സ്ഥാപിച്ച ഈ ക്ലിനിക്കുകള്‍ ചികിത്സ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇത്തരം ഈ സംരംഭങ്ങള്‍ ബിസിനസ്സ് വ്യാപിപ്പികുക എന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡോ. സുരേഷ് ചൂണ്ടിക്കാട്ടുന്നു.

ഹബ്-ആന്‍ഡ്-സ്‌പോക്ക് മോഡല്‍ ഉയര്‍ന്ന സേവനങ്ങളും ഗുണ നിലവാരവും ഉറപ്പാക്കുന്നുണ്ടെന്ന് അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്സ് (ഇന്ത്യ) യുടെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് രഞ്ജിത്ത് ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംവിധാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സൗകര്യ പ്രഥമാണ്. രോഗികള്‍ക്ക് യാത്ര ഒഴിവാക്കാന്‍ കഴിയുന്നു. ആശുപത്രികളിലെ അനാവശ്യ തിരക്ക് ഒഴിവാക്കാനും ഈ രീതി സഹായിക്കുന്നുണ്ടെന്നുമാണ് ഈ മേഖലയില്‍ നിന്നുള്ളവരുടെ വാദം. വലിയ മുതല്‍മുടക്കുള്ളതാണ് ഹോസ്പിറ്റല്‍ മേഖല. എല്ലാ പ്രദേശങ്ങളിലും ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇതിന് പുറമെ സംസ്ഥാനത്തെ 25-30 ശതമാനം രോഗികള്‍ക്ക് മാത്രമേ വിദഗ്ധ ചികിത്സ വിഭാഗത്തില്‍പ്പെട്ട ത്രിതീയ പരിചരണം ആവശ്യം വരുന്നുള്ളു. പ്രാഥമിക, ദ്വിതീയ പരിചരണം ആവശ്യമുള്ളവര്‍ക്ക് അടുത്തുള്ള ഒരു ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കാം,' കൊച്ചിയിലെ കിന്‍ഡര്‍ ഹോസ്പിറ്റല്‍സിന്റെ സിഇഒ കൂടിയായ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

വിപിഎസ് ലേക്ക്ഷോര്‍ കോഴിക്കോട് തങ്ങളുടെ ക്ലിനിക് സ്ഥാപിച്ചിട്ടുണ്ട്. കിംസ് ഹെല്‍ത്തിന്റെതായി തിരുവനന്തപുരത്തും കൊല്ലത്തും ഏഴ് ക്ലിനിക്കുകളാണ് പ്രവര്‍ത്തിക്കുന്നത്. രാജഗിരി ആശുപത്രി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ക്ലിനിക് ആരംഭിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. അമൃത ഹോസ്പിറ്റല്‍ സംസ്ഥാനത്തുടനീളം മൂന്ന് ചാരിറ്റബിള്‍ ട്രസ്റ്റ് ആശുപത്രികളും മൂന്ന് പെരിഫറല്‍ ക്ലിനിക്കുകളും ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു. കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് ആലപ്പുഴയില്‍ ആരോഗ്യ കേന്ദ്രം സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം, കേരളത്തിലെ ആരോഗ്യ മേഖലയില്‍ ആഗോള നിക്ഷേപം വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ്ഹെല്‍ത്ത് മാനേജ്മെന്റിനെ ആഗോള ആശുപത്രി പ്ലാറ്റ്ഫോമായ ക്വാളിറ്റി കെയര്‍ 2023-ല്‍ ഏറ്റെടുത്തിരുന്നു. കോട്ടയം കാരിത്താസ് ഹോസ്പിറ്റല്‍ മാതാ ഹോസ്പിറ്റല്‍ ഏറ്റെടുത്തിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ തൊടുപുഴയിലെ ചാഴികാട്ട് മള്‍ട്ടി സൂപ്പര്‍-സ്‌പെഷ്യാലിറ്റി ആശുപത്രി ഏറ്റെടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT