കോഴിക്കോട്: നിധി ലിമിറ്റഡിനു കീഴിലെ ധനകാര്യ സ്ഥാപനമായ സിസ് ബാങ്കിന്റെ മറവില്‍ കോടികള്‍ തട്ടിയെന്ന പരാതിയില്‍ ടി സിദ്ദിഖ് എംഎല്‍എയുടെ ഭാര്യക്കെതിരെ പൊലീസ് കേസെടുത്തു. ഭാര്യ ഷറഫുന്നീസക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ടി സിദ്ദിഖ് ആരോപിച്ചു. പരാതി തെളിയിക്കാന്‍ പൊലീസിനെയും പരാതിക്കാരിയേയും ടി സിദ്ദിഖ് എംഎല്‍എ വെല്ലുവിളിച്ചു.
16-03-2023 ല്‍ 4.52 ലക്ഷം രൂപം രൂപയും 19-04-2023 ല്‍ 1.13 ലക്ഷം രൂപയും മൊത്തം 5. 65 ലക്ഷം രൂപ നിക്ഷേപിച്ചെന്നും, അത് വഞ്ചിച്ചു എന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ പണം നിക്ഷേപിച്ചു എന്നു പറയപ്പെടുന്ന കാലയളവില്‍ ഭാര്യ ഷറഫുന്നീസ് ആ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ആ സ്ഥാപനം ശരിയായ രീതിയിലല്ല പോകുന്നതെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ 2022 ഡിസംബര്‍ എട്ടിന് ഷറഫുന്നീസ സ്ഥാപനത്തില്‍ നിന്നും രാജിവെച്ചതാണെന്നും സിദ്ദിഖ് പറഞ്ഞു.
2022 ഡിസംബറില്‍ രാജിവെച്ച ഒരാള്‍ക്കെതിരെ 2023 ല്‍ വഞ്ചനാകേസ് എടുത്തത് ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണ്. പരാതിക്കാരിയെ കാണുകയോ, നേരിട്ടോ ഫോണ്‍ മുഖേനയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഏതു ധാരണയുടെ അടിസ്ഥാനത്തില്‍, ആരു പറഞ്ഞിട്ടാണ് പരാതിയെന്ന് വ്യക്തമാക്കാന്‍ പൊലീസിനും പരാതിക്കാരിക്കും ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. തന്റെ ഭാര്യ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആണെന്നും ഡയറക്ടര്‍ ആണെന്നും ഒക്കെയാണ് വാര്‍ത്തകള്‍ വരുന്നു.
എഫ്‌ഐആറില്‍ മാനേജിങ് ഡയറക്ടര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഭാര്യ കമ്പനിയിലെ ബ്രാഞ്ച് മാനേജര്‍ ആയിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. ഡിസംബറില്‍ നല്‍കിയ രാജിക്കത്തിലും ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ നിന്നും രാജിവെക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരാതിയില്‍ പറയുന്ന സമയത്ത് ഷറഫുന്നീസ കമ്പനിയില്‍ പ്രവര്‍ത്തിച്ചു എന്നു തെളിയിക്കാന്‍ പൊലീസിനെയും പരാതിക്കാരിയേയും വെല്ലുവിളിക്കുകയാണെന്നും ടി സിദ്ദിഖ് പറഞ്ഞു.
വെസ്റ്റ്ഹില്‍ സ്വദേശിനിയായ 62കാരിയുടെ പരാതിയിലാണ് സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. കഴിഞ്ഞദിവസം 3 പരാതികളാണ് ലഭിച്ചത്. ഇതിലാണ് നടക്കാവ് പൊലീസ് ഒരു കേസ് റജിസ്റ്റര്‍ ചെയ്തത്. നേരത്തേ 4 പേരുടെ പരാതിയില്‍ കേസെടുത്തിരുന്നു. ഇതുവരെ അന്‍പതോളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഥാപകനും ഒന്നാം പ്രതിയുമായ കടലുണ്ടി സ്വദേശി വസീം തൊണ്ടികോടന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നാണ് സൂചന.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates